ലാരിജാനിയുടെ കൊലപാതകം: ഓരോ തുള്ളി രക്തത്തിനും യുഎസും ഇസ്രയേലും വില പറയേണ്ടി വരുമെന്ന് മൊജ്താബ ഖൊമേനി

ലാരിജാനിയുടെ കൊലപാതകം: ഓരോ തുള്ളി രക്തത്തിനും യുഎസും ഇസ്രയേലും വില പറയേണ്ടി വരുമെന്ന് മൊജ്താബ ഖൊമേനി

ടെഹ്‌റാൻ: ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. ലാരിജാനിയുടെ ഓരോ തുള്ളി രക്തത്തിനും യുഎസും ഇസ്രയേലും വലിയ വില നൽകേണ്ടി വരുമെന്നും നീതി നടപ്പാക്കുമെന്നും മൊജ്താബ ഖൊമേനി വ്യക്തമാക്കി.

ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ലാരിജാനിയുടെ മകനും നിരവധി സഹപ്രവർത്തകരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലാരിജാനിയെ വധിച്ച വിവരം ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ദേശീയ സുരക്ഷാ കൗൺസിലും മരണം സ്ഥിരീകരിച്ചത്.

"ശത്രുക്കളുടെ ഭീരുത്വമാണ് ഇത്തരം ഭീകരപ്രവർത്തനങ്ങളിലൂടെ വെളിവാകുന്നത്. ഇത് രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂ. നിസംശയമായും നീതി വിജയിക്കുക തന്നെ ചെയ്യും." ഖൊമേനി പറഞ്ഞു. ലാരിജാനിയുടെയും കുടുംബാംഗങ്ങളുടെയും വിയോഗത്തിൽ അദേഹം ആഴത്തിലുള്ള ദുഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

ഇറാന്റെ തന്ത്രപ്രധാനമായ സുരക്ഷാ വിഭാഗത്തിന്റെ തലവൻ തന്നെ കൊല്ലപ്പെട്ടത് മേഖലയിൽ വലിയ പ്രത്യാക്രമണങ്ങൾക്ക് വഴിതെളിക്കുമെന്നാണ് സൂചന. ലാരിജാനിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.