ഐഎംഎഫിന്റെ ഉപനായക സ്ഥാനത്തേക്ക് മലയാളിത്തിളക്കവുമായി ഗീത ഗോപിനാഥ്

ഐഎംഎഫിന്റെ ഉപനായക സ്ഥാനത്തേക്ക് മലയാളിത്തിളക്കവുമായി ഗീത ഗോപിനാഥ്

വാഷിംഗ്ടണ്‍: ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മലയാളിയായ ഗീത ഗോപിനാഥ്. നിലവിലെ ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായാണ് നരത്തെ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്നിട്ടുള്ള ഗീത വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ രണ്ടാം നമ്പര്‍ ഉദ്യോഗസ്ഥയാകുന്നത്. ആദ്യമായാണ് രണ്ട് സ്ത്രീകള്‍ ഒരുമിച്ച് ഐഎംഎഫിന്റെ അത്യുന്നത നേതൃത്വ പദവികള്‍ വഹിക്കുന്നത്.

നേതൃസ്ഥാനം ഏറ്റെടുക്കുന്ന 'ശരിയായ സമയത്തുള്ള ശരിയായ വ്യക്തി' എന്നാണ് ജോര്‍ജീവ ഗീത ഗോപിനാഥിനെ വിശേഷിപ്പിച്ചത്.അടുത്ത മാസം സ്ഥാനമേല്‍ക്കും.2018 ഒക്ടോബറില്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിതയായ ഗീത ഗോപിനാഥ് ജനുവരിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് പ്രൊഫസര്‍ ആയി മടങ്ങാനുള്ള തീരുമാനം അറിയിച്ചിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ചരിത്രത്തിലെ ആദ്യത്തെ വനിത ചീഫ് ഇക്കണോമിസ്റ്റും ഗീതയാണ്. ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റായിരുന്ന മൗറി ഒബ്സ്റ്റ്ഫെല്‍ഡ് 2018 ല്‍ വിരമിച്ച സാഹചര്യത്തിലാണ് അന്ന് 47 കാരിയായ ഗീത ഗോപിനാഥ് നിയമിതയായത്.

'നമ്മുടെ അംഗരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന മാക്രോ ഇക്കണോമിക് വെല്ലുവിളികളുടെ വ്യാപ്തിയും ആഴവും മഹാമാരി കാലത്ത് അധികരിച്ചു. ലോകത്തിലെ മുന്‍നിര മാക്രോ ഇക്കണോമിസ്റ്റുകളിലൊന്നായി സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഗീതയ്ക്ക് ഈ ഘട്ടത്തില്‍ അത് പരിഹരിക്കാന്‍ നേതൃത്വം നല്‍കുന്നതിനുള്ള കൃത്യമായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു-ജോര്‍ജീവ പ്രസ്താവനയില്‍ പറഞ്ഞു.'തീര്‍ച്ചയായും, ചീഫ് ഇക്കണോമിസ്റ്റ് എന്ന നിലയിലുള്ള പ്രത്യേക വൈദഗ്ധ്യവും ഐഎംഎഫിലെ വര്‍ഷങ്ങളുടെ അനുഭവവും കൂടിച്ചേരുമ്പോള്‍ മറ്റാരെക്കാളും യോഗ്യതയുണ്ടവര്‍ക്ക്.'

കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ കാര്‍ഷിക സംരഭകന്‍ ടി വി ഗോപിനാഥിന്റെയും അധ്യാപികയായ വിജയലക്ഷ്മിയുടേയും മകളാണ് ഗീത. 2016 ജൂലൈയില്‍ ഗീത മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സ്ഥാനമേറ്റു. രണ്ടുവര്‍ഷം സൗജന്യമായാണ് ഗീത സേവനം അനുഷ്ഠിച്ചത്. ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് സാമ്പത്തിക ഉപദേശകസ്ഥാനം രാജിവച്ചു.മസാച്യുസ്റ്ററ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക വിദഗ്ധന്‍ ഇഖ്ബാല്‍ ധലിവാളാണ് ഗീതയുടെ ഭര്‍ത്താവ്. അമേരിക്കന്‍ പൗരത്വമുള്ള ഗീത ഗോപിനാഥും ഭര്‍ത്താവും മകനും മസാച്യുസ്റ്റ്സിലാണ് താമസം.

രഘുറാം രാജന്‍ പിന്നിലായി

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിക്കപ്പെടുന്ന ഇന്ത്യക്കാരിയാണ് ഗീത. ചീഫ് ഇക്കണോമിസ്റ്റ് എന്നതിനോടൊപ്പം ഐഎംഎഫിന്റെ ഗവേഷകവിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. മൈസൂരിലായിരുന്നു ഗീതയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം (1992-94) നേടിയ ശേഷം വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് (199496) ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്സില്‍ പിഎച്ച്ഡി(1996-2001)കരസ്ഥമാക്കി. 2001 ല്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

2005ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേയ്ക്ക് മാറി. 38-ാം വയസിലായിരുന്നു ഹാര്‍വാര്‍ഡില്‍ സ്ഥിരം പ്രഫസറായി ഗീത നിയമിക്കപ്പെടുന്നത്. അമര്‍ത്യ സെന്നിനു ശേഷം ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരിയും മൂന്നാമത്തെ വനിതയുമാണ് ഗീത. ഇതു കൂടാതെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാല, നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക്ക് റിസേര്‍ച്ച്, ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ബോസ്റ്റണ്‍, ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ന്യൂയോര്‍ക്ക്, വെതര്‍ഹെഡ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷ്ണല്‍ അഫയേര്‍സ് തുടങ്ങിയവയിലും സേവനം അനുഷ്ഠിച്ചിരുന്നു. രണ്ടു വര്‍ഷം കേന്ദ്ര ധനകാര്യമന്ത്രാലയ ഉപദേശക സംഘാംഗമായി പ്രവര്‍ത്തിച്ചു.

അമേരിക്കന്‍ ഇക്കണോമിക് റിവ്യൂ, ജേര്‍ണല്‍ ബുക്ക് ഓഫ് ഇന്റര്‍നാഷ്ണല്‍ ഇക്കണോമിക് റിവ്യൂ, ഐഎംഎഫ് ഇക്കണോമിക്ക് റിവ്യൂ, തുടങ്ങിയവയുടെ കോ-എഡിറ്ററായിരുന്ന ഗീത റിവ്യൂ ഓഫ് ഇക്കണോമിക് സ്റ്റഡിസിന്റെ മാനേജിങ് എഡിറ്ററാണ്. മുന്‍ അന്താരാഷ്ട്ര നാണയനിധി ചീഫ് ഇക്കണോമിസ്റ്റ് കെന്നറ്റ് റോഗോഫിനൊപ്പം ചേര്‍ന്ന് അന്തരാഷ്ട്ര സാമ്പത്തിക ഹാന്‍ഡ് ബുക്ക് തയാറാക്കി.

ഗീതയെ ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു കൊണ്ട് 2018 ല്‍ ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ലാഗ്രേഡ് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.'ബുദ്ധിപരമായ നേതൃത്വത്തിന്റെ തെളിയിക്കപ്പെട്ട ഒരു ട്രാക്ക് റെക്കോര്‍ഡിന് ഉടമായാണ് ഗീത, വിപുലമായ അന്തര്‍ദേശിയ അനുഭവങ്ങള്‍ കൊണ്ട് ലോകത്തിലെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളും.'

രാജ്യങ്ങള്‍ തമ്മിലുള്ള നാണയവിനിമയ സ്ഥിരതയും സാമ്പത്തിക പുനഃസംഘനയും ലക്ഷ്യമാക്കി 1945 ലാണ് അന്തരാഷ്ട്ര നാണയനിധി സ്ഥാപിതമായത്. 184 രാജ്യങ്ങള്‍ അംഗങ്ങളായ ഐഎംഎഫില്‍ അംഗരാജ്യങ്ങള്‍ക്ക് ബജറ്റ്, ധനകാര്യം, വിദേശവിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നല്‍കുന്നതും ഐ.എം.എഫ് ആണ്. വിനിമയനിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക എന്നതും രാജ്യാന്തരനിധിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.