മെല്‍ബണ്‍: കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്‌സിനേഷനുമെതിരേയുള്ള പ്രതിഷേധ പരമ്പരകളില്‍ വലഞ്ഞ് ഓസ്‌ട്രേലിയ. രാജ്യത്തെ പ്രധാന നഗരങ്ങളായ മെല്‍ബണിലും പെര്‍ത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ഇന്നും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രകടനക്കാര്‍ മെല്‍ബണ്‍ സിബിഡിയില്‍ അണിനിരന്നത്. അതേസമയം അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മെല്‍ബണിലെ പാര്‍ലമെന്റ് ഹൗസിന് സമീപം ഇന്ന് ഉച്ചയോടെയാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. തുടര്‍ന്ന് അടുത്തുള്ള ട്രഷറി ഗാര്‍ഡനിലേക്കു മാര്‍ച്ച് നടത്തി. കനത്ത പോലീസ് കാവലിലായിരുന്നു പ്രകടനങ്ങള്‍ നടന്നത്.
വിക്ടോറിയ സംസ്ഥാനത്ത് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് അടുത്തിടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനെതിരേയായിരുന്നു പ്രതിഷേധക്കാരുടെ അമര്‍ഷം. പബ്ലിക് ഹെല്‍ത്ത് ആന്റ് വെല്‍ബീയിംഗ് ഭേദഗതി ബില്‍ പ്രകാരം വിക്ടോറിയ പ്രീമിയര്‍ക്കും ആരോഗ്യ മന്ത്രിക്കും സംസ്ഥാനത്ത് അനിശ്ചിത കാലത്തേക്ക് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാനും സാധിക്കും.
പാര്‍ലമെന്റില്‍ ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ നിരവധി ഭേദഗതികളോടെ ബില്‍ അടുത്തിടെ പാസാക്കി. ബില്‍ പിന്‍വലിക്കണമെന്നും വാക്‌സിനേഷന്‍ നിബന്ധനകള്‍ ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
സംസ്ഥാനത്ത് 1,365 പുതിയ കോവിഡ് കേസുകളും ഒമ്പത് മരണങ്ങളുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 70-100 വയസിനിടയിലുള്ളവരാണ് മരിച്ചവരില്‍ ഏറെയും. കോവിഡ് ബാധിച്ച് 288 പേര്‍ ആശുപത്രിയിലാണ്. അവരില്‍ 44 പേര്‍ തീവ്രപരിചരണത്തിലും 20 പേര്‍ വെന്റിലേറ്ററിലുമാണ്.
ജനപ്രതിനിധികളും ഇത്തരം പ്രകടനങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. യുണൈറ്റഡ് ഓസ്ട്രേലിയ പാര്‍ട്ടി എംപി ക്രെയ്ഗ് കെല്ലി, ട്രഷറി ഗാര്‍ഡന്‍സില്‍ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സമൂഹ മാധ്യമങ്ങളില്‍ കോവിഡിനെക്കുറിച്ചുള്ള അശാസ്ത്രീയ വീക്ഷണങ്ങള്‍ പ്രചരിപ്പിച്ചതിന് ശാസിക്കപ്പെട്ടശേഷം ലിബറല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ന്യൂ സൗത്ത് വെയില്‍സ് എം.പിയും ഇത്തരം പ്രകടനങ്ങളിലെ പതിവു മുഖമാണ്. ലിബറല്‍ ഡെമോക്രാറ്റ് എംപിമാരും സ്വതന്ത്ര എംപി കാതറിന്‍ കമ്മിംഗും പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനുമെതിരേ മെല്‍ബണില്‍ നടന്ന പ്രകടനം
12 വയസും അതിനു മുകളിലും പ്രായമുള്ള വിക്ടോറിയക്കാരില്‍ 91 ശതമാനത്തിലധികം പേരും രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രവേശനത്തിന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നത് നിര്‍ബന്ധമാണ്.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരില്‍ 61 ശതമാനവും രണ്ട് ഡോസ് വാക്‌സിനും എടുത്തിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്ന 90 ശതമാനം പേര്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കാത്തവരാണ്.
പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ തീവ്ര വലതുപക്ഷ നിലപാടുള്ളവരാണെന്ന് കഴിഞ്ഞ മാസം നടന്ന അക്രമാസക്തമായ പ്രകടനങ്ങളിലൂടെ വ്യക്തമായിരുന്നു. കോവിഡ് ബാധിതരും പ്രകടനങ്ങളില്‍ പങ്കെടുത്തു. രോഗവ്യാപനം വര്‍ധിക്കാന്‍ ഇതു കാരണമായതായി ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടി.
അതേസമയം വാക്‌സിനെ അനുകൂലിക്കുന്നവരുടെ പ്രകടനവും മെല്‍ബണില്‍ നടന്നു. ട്രേഡ്‌സ് ഹാളിന് സമീപം ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. ആരോഗ്യസംരക്ഷണത്തിനുള്ള സന്ദേശം നല്‍കാനാണ് ഈ പ്രകടനത്തിലൂടെ ആഗ്രഹിക്കുന്നതെന്ന് പങ്കെടുത്തവര്‍ പറഞ്ഞു. തീവ്ര വലതുപക്ഷ നിലപാടുള്ളവരും നവ-നാസികളും മെല്‍ബണിലെ തെരുവുകളില്‍ സാന്നിധ്യം ശക്തമാക്കുന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തിലും 1000 പേരോളം പങ്കെടുത്ത പ്രകടനം നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.