മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനില്‍ വീണ്ടും കൊടും ക്രൂരത; ശ്രീലങ്കന്‍ മാനേജറെ തീയിട്ടു കൊന്നത് ചെയ്യാത്ത 'കുറ്റ'ത്തിന്

മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനില്‍ വീണ്ടും കൊടും ക്രൂരത; ശ്രീലങ്കന്‍ മാനേജറെ തീയിട്ടു കൊന്നത് ചെയ്യാത്ത 'കുറ്റ'ത്തിന്

ലാഹോര്‍:പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ ശ്രീലങ്കക്കാരനായ ഫാക്ടറി മാനേജറെ ദൈവ നിന്ദ ആരോപിച്ച് ഇസ്ലാമിക ജനക്കൂട്ടം അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത് ആരോ പരത്തിയ തെറ്റിദ്ധാരണയുടെ പേരിലായിരുന്നെന്ന് വ്യക്തമായി. 'കൊല്ലപ്പെട്ട പ്രിയന്ത കുമാര ദൈവനിന്ദയുടെ ഒരു പ്രവൃത്തിയും ചെയ്തിട്ടി'ല്ലെന്ന് സംഭവങ്ങളുമായി നേരിട്ടു ബന്ധമുള്ള നസീര്‍ മെഹമൂദ് പാകിസ്ഥാന്‍ ഡെയ്ലിയോട് പറഞ്ഞു.പോലീസ് പങ്കുവയ്ക്കുന്ന വിവരവും ഈ ദൃക് സാക്ഷിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നു.

'ഞാന്‍ സമീപത്താണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും ഏകദേശം 11-12 മണിക്ക് ഞാന്‍ വീട്ടിലേക്ക് പോകും. ഇന്നലെയും ഇതുതന്നെയായിരുന്നു അവസ്ഥ. ഫാക്ടറിയിലെ തൊഴിലാളികള്‍ മാനേജരെ മര്‍ദിക്കുകയായിരുന്നു. അകത്ത് നടന്ന ആക്രമണത്തിന്റെ വീഡിയോ എന്റെ പക്കലുണ്ട്.ഇവിടെയുള്ള ആരോ ആണ് അതിക്രൂരമായ ഈ വികൃതിക്കു പിന്നില്‍. കുറേക്കാലമായി ഇവിടെ താമസിച്ചിരുന്നയാളാണ് പ്രിയന്ത. അദ്ദേഹം ദൈവദൂഷണം ചെയ്യാത്തയാളാണ്.ഗുരുതരമായ അനീതിയാണ് അദ്ദേഹത്തോട് കാണിച്ചത്.'- നസീര്‍ മെഹമൂദ് പറഞ്ഞു.

പ്രിയന്തയുടെ വികൃതമാക്കിയ മൃതദേഹം കത്തിച്ച സ്ഥലത്ത് താന്‍ ഉണ്ടായിരുന്നതായി നസീര്‍ അറിയിച്ചു. ആ സമയത്ത് ആള്‍ക്കൂട്ടം തന്നെ ഉന്തുകയും തള്ളുകയും ചെയ്തു. 'ഈ സംഭവം ഇസ്ലാമിന് അപകീര്‍ത്തി വരുത്തി. ഞങ്ങളുടെ വിശ്വാസത്തെ അപമാനിക്കാനുള്ള ഗൂഢാലോചനയാണ് ഇതെ'ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാചകന്‍ മുഹമ്മദ് ഒരു 'സമാധാനമുള്ള' മനുഷ്യനായിരുന്നു, ക്ഷമ എന്ന ആശയത്തില്‍ വിശ്വസിച്ചിരുന്നു- ഹദീസുകള്‍ ഉദ്ധരിച്ച് നസീര്‍ ചൂണ്ടിക്കാട്ടി.

ഇസ്ലാമിക പ്രബോധനമെഴുതിയിരുന്ന വാള്‍ പോസ്റ്റര്‍ ഫാക്ടറിയുടെ ഭിത്തിയില്‍ നിന്നു നീക്കിയെന്നതായിരുന്നു പ്രിയന്ത കുമാരയ്‌ക്കെതിരായ 'കുറ്റം'. 'അയാള്‍ കടലാസ് കീറി എറിഞ്ഞു. അത് തെറ്റാണെന്ന് ഞാന്‍ എന്റെ കൂട്ടുകാരെ അറിയിച്ചിരുന്നു. ഞാന്‍ മാനേജ്മെന്റുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങള്‍ പിന്നീട് ഒത്തുകൂടി.അയാളുടെ മേല്‍ എണ്ണ ഒഴിച്ചു തീയിട്ടു. ദൈവദൂഷണം നടത്തുന്ന ഏതൊരാള്‍ക്കും ഇതേ ചികിത്സ ലഭിക്കും. മുഹമ്മദ് നബിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പ്രവാചകന്മാരെ നിന്ദിക്കുന്നവരുടെ തല വെട്ടണം എന്ന് നമ്മുടെ ഹദീസില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.' - മുഖ്യ പ്രതി പോലീസിനോടു പറഞ്ഞു.അതേസമയം, ഫാക്ടറി വൃത്തിയാക്കുന്നതിനിടെ വാള്‍ പോസ്റ്റര്‍ നീക്കം ചെയ്യതല്ലാതെ കടലാസ് കീറിയിട്ടില്ലെന്ന് പോലീസ് കണ്ടെത്തി.

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നയതന്ത്ര സമ്മര്‍ദത്തെത്തുടര്‍ന്ന്, പ്രിയന്ത കുമാറിനെ കൊന്ന ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്.പ്രതിയെ പിടികൂടാനും 48 മണിക്കൂറിനുള്ളില്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പഞ്ചാബ് പോലീസ് 10 അംഗ സംഘത്തെ വിന്യസിച്ചു.ആദ്യ പ്രതി ഫര്‍ഹാന്‍ ഇദ്രീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കുറ്റസമ്മത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ, ക്രൂരമായ കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് 100-ഓളം പേരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിന് ഉത്തരവാദിയായ തല്‍ഹ എന്ന രണ്ടാം പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവം രാജ്യത്തിനാകെ അപമാനകരമാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏറ്റുപറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.