നാല്പതാം മാർപാപ്പ വി. ഇന്നസെന്റ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-41)

നാല്പതാം മാർപാപ്പ വി. ഇന്നസെന്റ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-41)

തിരുസഭാ പഠങ്ങള്‍ സംബന്ധിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ വിശേഷാല്‍ അധികാരത്തിന്റെ കരുത്തനായ പരിരക്ഷകനായിരുന്നു ഏ.ഡി. 401 ഡിസംബര്‍ 22-ാം തീയതി അനസ്താസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട വി. ഇന്നസെന്റ് ഒന്നാമന്‍ മാര്‍പ്പാപ്പ. തന്റെ മുന്‍ഗാമിയായിരുന്ന അനസ്താസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ മകനായിരുന്നു ഇന്നസെന്റ് മാര്‍പ്പാപ്പ. തിരുസഭാ ചരിത്ത്രില്‍തന്നെ ആദ്യമായിട്ടായിരുന്നു മകന്‍ തന്റെ പിതാവിന്റെ പിന്‍ഗാമിയായി മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

റോമന്‍ സാമ്രാജ്യം പ്രത്യേകിച്ച് പാശ്ചാത്യ സാമ്രാജ്യം ജര്‍മാനിക് ഗോത്രവംശജരുടെ കുടിയേറ്റം മൂലവും നിരന്തരമായ ആക്രമണങ്ങള്‍ വഴിയും ഭീഷണി നേരിടുന്ന സമയമായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്കിടയിലും തന്റെ മുന്‍ഗാമിയായിരുന്ന സിരിസിയൂസ് മാര്‍പ്പാപ്പയുടെ പാത പിന്‍തുടര്‍ന്നുകൊണ്ട് രാജകീയ വിളംബരങ്ങളുടെ സ്വഭാവമുള്ള പേപ്പല്‍ ഡിക്രികള്‍ ഇന്നസെന്റ് മാര്‍പ്പാപ്പയും പുറപ്പെടുവിച്ചു. തന്റെ ഡിക്രികള്‍ വഴി വി. കുര്‍ബാനയിലെ സ്‌തോത്രയാഗപ്രാര്‍ത്ഥനകളെ സംബന്ധിച്ചും, വി. കുമ്പസാരം, രോഗീലേപനം, സ്ഥൈര്യലേപനം എന്നീ കൂദാശകളെ സംബന്ധിച്ചും അദ്ദേഹം പാശ്ചാത്യസഭയില്‍ വ്യക്തമായ നീയമങ്ങള്‍ നിര്‍മ്മിച്ചു. മാത്രമല്ല, ഗൗരവതരമായ കാര്യങ്ങള്‍ക്ക് മെത്രാന്മാര്‍ റോമിനെയാണ് സമീപിക്കേണ്ടതെന്ന് മാര്‍പ്പാപ്പ വ്യക്തമായി നിഷ്‌കര്‍ഷിച്ചു.

ഇന്നസെന്റ് ഒന്നാമന്‍ മാര്‍പ്പാപ്പ പാശ്ചാത്യസഭയുടെ മേല്‍ മാത്രമല്ല മറിച്ച് പൗരസ്ത്യസഭയുടെമേലും പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ അധികാരം ഉണ്ടെന്ന് അദ്ദേഹം പൗരസ്ത്യസഭയില്‍ നടത്തിയ ഇടപെടലുകള്‍മൂലം പരോക്ഷമായി ഉറപ്പിക്കുകയായിരുന്നു. ഏ.ഡി. 404-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രീയാര്‍ക്കീസായിരുന്ന വി. ജോണ്‍ ക്രിസോസ്റ്റം തന്റെ സ്ഥാനത്തുനിന്ന് നിഷ്‌കാസിതനാവുകയും നാടുകടത്തപ്പെടുകയും ചെയ്തപ്പോള്‍ ഇന്നസെന്റ് മാര്‍പ്പാപ്പ ജോണ്‍ ക്രിസോസ്റ്റം മെത്രാനെ പിന്തുണച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും കത്തുകള്‍ എഴുതി. മാത്രമല്ല ക്രിസോസ്റ്റം മെത്രാനു പകരക്കാരനായി തിരഞ്ഞെടുക്കപ്പെട്ട പാത്രിയാര്‍ക്കിസിനെ അംഗീകരിക്കുവാന്‍ അദ്ദേഹം തയ്യാറാകാതിരിക്കുകയും പ്രശ്‌നപരിഹാരത്തിനായി പാശ്ചാത്യസഭയിലെ മെത്രാന്മാരുടെ ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടുകയും ചെയ്തു. പ്രസ്തുത കൗണ്‍സിലില്‍ വെച്ച് ചക്രവര്‍ത്തിയെ ജോണ്‍ ക്രിസോസ്റ്റം മെത്രാനെ പാത്രിയാര്‍ക്കീസ് സ്ഥാനത്തുനിന്ന് നിഷ്‌കാസിതനാക്കിയ നടപടിക്ക് എതിരായുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും അദ്ദേഹത്തെ തല്‍സ്ഥാനത്ത് തിരിച്ചു നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാതെ വന്നപ്പോള്‍ മാര്‍പ്പാപ്പ തന്റെ പ്രതിനിധികളെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയച്ചു. എന്നാല്‍ ചക്രവര്‍ത്തി അവരെ നഗരത്തില്‍പ്പോലും പ്രവേശിക്കുവാന്‍ അനുവദിക്കാതെ അപമാനിച്ച് ബഹിഷ്‌കിതരാക്കുകയും ചെയ്തു. ജോണ്‍ ക്രിസോസ്റ്റം പിതാവ് പ്രവാസത്തിലായിരിക്കുമ്പോള്‍ തന്നെ മരണപ്പെട്ടു. ഇതിനെതുടര്‍ന്ന് ജോണ്‍ ക്രിസോസ്റ്റം പിതാവിന്റെ എതിരാളികളായിരുന്ന പൗരസ്ത്യ മെത്രാന്മാരുമായുള്ള കൂട്ടായ്മയില്‍നിന്ന് (ഐക്യത്തില്‍ നിന്ന്) തെന്നിമാറി. പ്രസ്തുത പിളര്‍പ്പിന് ഒരു അവസാനമുണ്ടാവുകയും സഭയില്‍ ഐക്യം പുനസ്ഥാപിക്കപ്പെടുകയും ചെയ്തത് ഇന്നസെന്റ് മാര്‍പ്പാപ്പയുടെ മരണശേഷം മാത്രമാണ്.

ഏ.ഡി. 416-ല്‍ ജെറുസലേമിലെ വി. ജെറോമിന്റെ സന്യാസാശ്രമങ്ങള്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട വിവരം ഇന്നസെന്റ് മാര്‍പ്പാപ്പ അറിഞ്ഞപ്പോള്‍ ഉടനടി അപരാധികള്‍ക്കെതിരെ പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ തന്റെ മുഴുവന്‍ അപ്പസ്‌തോലിക അധികാരവും ഉപയോഗിക്കുമെന്ന ഉറപ്പു നല്‍കികൊണ്ട് വി. ജെറോമിന് കത്ത് എഴുതുകയും അദ്ദേഹത്തെ ധൈര്യപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ജെറുസലേമിന്റെ മെത്രാനായ ജോണിനെ വി. ജെറോമിന്റെ ആശ്രമങ്ങള്‍ക്കുനേരെയുള്ള കയ്യേറ്റം തടയുന്നതില്‍ വന്ന അശ്രദ്ധയുടെ പേരില്‍ മാര്‍പ്പാപ്പ കഠിനമായി ശാസിക്കുകയും ചെയ്തു. പൊതുവായി പറഞ്ഞാല്‍ ചക്രവര്‍ത്തിയുടെ പിന്തുണയോടെ കോണ്‍സ്റ്റാനോപ്പിള്‍ രൂപതയുടെ അധികാരപരിധി പൗരസ്്ത്യദേശത്തെ മറ്റു പ്രവശ്യകളിലെ സഭാസമൂഹങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് തടയുക എന്നതായിരുന്നു ഇന്നസെന്റ് മാര്‍പ്പാപ്പയുടെ ലക്ഷ്യം.

മനുഷ്യകുലത്തിന്റെ ആദിപിതാവായ ആദവും ക്രിസ്തുവുമായുള്ള ഐക്യവും ഉത്ഭവപാപവും നിരാകരിക്കുകയും അതുവഴി മാമ്മോദീസാ സ്വീകരിക്കുന്നതുവഴി മനുഷ്യന്‍ വീണ്ടും ക്രിസ്തുവില്‍ ജനിക്കുകയില്ലെന്നും മനുഷ്യപ്രയത്‌നം വഴി രക്ഷ നേടാമെന്നും ദൈവകൃപ ആവശ്യമില്ലെന്നും പഠിപ്പിച്ച പാഷണ്ഡതയായ പെലെജിയനിസത്തിനെതിരായി ആഫ്രിക്കന്‍ സഭാസമൂഹങ്ങളോടെപ്പം ഇന്നസെന്റ് മാര്‍പ്പാപ്പയും ശക്തമായ നിലപാട് സ്വീകരിച്ചു. ആഫ്രിക്കയിലെ കാര്‍ത്തേജിലും മിലെവിസിലും വെച്ചു നടന്ന രണ്ടു കൗണ്‍സിലുകള്‍ വഴി പെലെജിയനിസത്തിന്റെ ഉപജ്ഞേതാവായ പെലെജിയൂസിനെ തെറ്റുകാരനാണെന്ന് കണ്ടെത്തി സഭാഭ്രഷ്ടനാക്കുകയും ആ നടപടി ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഏ.ഡി. 415-ല്‍ ഡയപോളിസില്‍ നടന്ന പലസ്തീനിയന്‍ സിനഡില്‍ വെച്ച് പെലെജിയൂസിനോട് അനുരജ്ഞനപ്പെടുവാന്‍ ശ്രമങ്ങള്‍ നടന്നു. എന്നാല്‍ ഇതിനെതിരായി മെത്രാന്മാര്‍ ഏ.ഡി. 416-ല്‍ ഇന്നസെന്റ് മാര്‍പ്പാപ്പയോട് അപ്പീല്‍ ചെയ്യുകയും പെലെജിയൂസിനെ ശിക്ഷിച്ചുകൊണ്ട് തങ്ങളുടെ നടപടിയെ ശരിവെയ്ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെലെജിയൂസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും റോമിലേക്ക് അയച്ചുകൊണ്ട് പെലേജിയൂസിനെ റോമിലേക്ക് വിളിപ്പിക്കണമെന്നും തന്റെ തെറ്റുകള്‍ക്ക് അദ്ദേഹത്തെ ശിക്ഷിക്കണമെന്നും വി. അഗസ്റ്റിന്‍ അടങ്ങുന്ന അഞ്ചംഗ മെത്രാന്‍ സംഘം മാര്‍പ്പാപ്പയോട് അപേഷിച്ചു. മറുപടിയായി മാര്‍പ്പാപ്പ അയച്ച മൂന്നു മറുപടികളിലൂടെ പെലെജിയൂസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്റെ പരിഗണനയ്ക്കായി വിട്ടുനല്‍കിയ ആഫ്രിക്കയിലെ മെത്രാന്മാരുടെ നടപടികളെ പ്രശംസിച്ചു. പ്രസ്തുത നടപടികള്‍ വഴി അദ്ദേഹം എല്ലാ മെത്രാന്മാരും തങ്ങളുടെ രൂപതകളിലെ വിശ്വാസസംബന്ധമായ തര്‍ക്ക വിഷയങ്ങള്‍ വി. പത്രോസിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെയും പരിഗണനയ്ക്കായി നല്‍കണമെന്ന പുരാതനമായ പാരമ്പര്യത്തെ കൂടുതല്‍ സാധൂകരിക്കുകയായിരുന്നു. ക്രിസ്തു തന്റെ സഭയെ നയിക്കുന്നതിനുള്ള പരമാധികാരം വി. പത്രോസിന് നല്‍കുകയും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പ്രസ്തുത അധികാരം കൈയക്കയാളുകയും ചെയ്തിരുന്നുവെങ്കിലും ഇന്നസെന്റ് മാര്‍പ്പാപ്പയായിരുന്നു വ്യക്തമായി പ്രസ്തുത ഇടയാധികരത്തെപ്പറ്റി വ്യക്തമായ പരാമര്‍ശം നടത്തിയത്. മെത്രാന്‍മാരുടെ തലവനും ശിഖരവും റോമിന്റെ മെത്രാനാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു.

തന്റെ ഭരണത്തിന്റെ മദ്ധ്യത്തില്‍ ഇന്നസെന്റ് മാര്‍പ്പാപ്പയ്ക്ക് അജപാലനപരമായ വലിയൊരു വെല്ലുവിളി നേരിടേണ്ടി വന്നു. ഗോഥിക് ഗോത്രത്തിന്റെ രാജാവായിരുന്ന അള്‍റിക് രാജാവില്‍ നിന്നുള്ള റോമിന്റെ മേലുള്ള യുദ്ധ ഭീഷണിയായിരുന്നു അത്. ഇത് റോമില്‍ മുഴുവനും ദാരിദ്ര്യത്തിനും ഭയത്തിനും കാരണമായി. ഇതിനെതുടര്‍ന്ന് ഇന്നസെന്റ് മാര്‍പ്പാപ്പ പാശ്ചാത്യസാമ്രാജ്യത്തിന്റെ ഗവര്‍ണറായ ഹൊണൊരിയസിനെ അദ്ദേഹത്തിന്റെ ആസ്ഥാനമായ റെവെന്നയില്‍ പോയി കണ്ട് തത്കാല യുദ്ധവിരാമത്തിനായി അപേഷിച്ചു. പക്ഷെ മദ്ധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെടുകയും ഏ.ഡി. 410 ആഗസ്റ്റ് 24-ാം തീയതി ഇന്നസെന്റ് മാര്‍പ്പാപ്പ റോമില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ അള്‍റിക് രാജവ് റോമിനെ കീഴടക്കി കൊള്ളയടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മാര്‍പ്പാപ്പ രണ്ടുവര്‍ഷത്തോളം റോമില്‍ നിന്ന് മാറി നിന്നു. ഏ.ഡി. 417 മാര്‍ച്ച് 12-ാം തീയതി ഇന്നസെന്റ് ഒന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു.

The first pontiff during this period was St. Innocent I, the son of St. Anastasius I. Innocent succeeded him on December 22, 401. This was the first time a pope succeeded his father as pope. Innocent was a great champion of papal primacy and the prerogatives of the Apostolic See. Innocent supported St. John Chrysostom when he was deposed as the bishop of Constantinople, had a protest staged in front of the Eastern emperor, and rejected John’s replacement. When his papal legates were treated with contempt, Innocent broke communion with the bishops in the East who had participated in John’s removal. In addition to his actions in the East, Innocent also had a role to play in the African bishops’ struggle against Pelagianism, a heresy that teaches that human beings can save themselves through their own will instead of through the grace of God. Innocent threw his weight behind the African bishops, including St. Augustine of Hippo, in their struggle against Pelagianism. In 410 Alaric the Visigoth sacked Rome while Innocent was gone. Innocent came back two years later and died on March 12, 417.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.