തങ്ങള്‍ കണ്ടെത്തുമ്പോള്‍ ജനറല്‍ റാവത്തിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍; പതിഞ്ഞ ശബ്ദത്തില്‍ പേര് പറഞ്ഞുവെന്നും വെളിപ്പെടുത്തല്‍

തങ്ങള്‍ കണ്ടെത്തുമ്പോള്‍ ജനറല്‍ റാവത്തിന്  ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍; പതിഞ്ഞ ശബ്ദത്തില്‍ പേര് പറഞ്ഞുവെന്നും വെളിപ്പെടുത്തല്‍

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരിക്കുന്നത് അപകടസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. എം.ഐ-17വി5 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സ്ഥലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റാവത്തിനെ കണ്ടെത്തുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു.

തന്റെ പേര് റാവത്ത് പറഞ്ഞതായും ഒരു അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റാവത്തിനൊപ്പം മറ്റൊരു യാത്രക്കാരനെയും ജീവനോടെ കണ്ടെത്തിയിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗായിരുന്നു അതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അദ്ദേഹം മാത്രമാണ് ഇപ്പോള്‍ ജീവനോടെ ബാക്കിയുള്ളത്.

'12 മൃതദേഹങ്ങളും രണ്ടുപേരെ ജീവനോടെയുമാണ് ഞങ്ങള്‍ കണ്ടെത്തുന്നത്. ജീവനുണ്ടായിരുന്നവരില്‍ ഒരാള്‍ സിഡിഎസ് റാവത്ത് ആയിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ അപകടസ്ഥലത്ത് നിന്നും കൊണ്ടുപോകുമ്പോള്‍ ഒരു പ്രതിരോധ ഉദ്യോഗസ്ഥനോട് വളരെ താഴ്ന്ന ശബ്ദത്തില്‍ ഹിന്ദിയില്‍ തന്റെ പേര് അദ്ദേഹം പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അദ്ദേഹം മരിക്കുന്നത്. രക്ഷപ്പെടുത്തിയ രണ്ടാമത്തെയാളെ ആ സമയത്ത് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്'-സി.എന്‍ മുരളി എന്ന റെസക്യൂ ഓഫിസറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശരീരത്തിന്റെ അരയ്ക്ക് താഴ്ഭാഗത്തേക്ക് ജനറല്‍ റാവത്തിന് ഗുരുതരമായ പൊള്ളലേറ്റിരുന്നുവെന്നാണ് മുരളി പറയുന്നത്. ഒരു ബെഡ് ഷീറ്റില്‍ പൊതിഞ്ഞായിരുന്നു ജനറലിനെ ആംബുലന്‍സിലേക്ക് കൊണ്ടുപോയതെന്നും ഉദ്യോഗസ്ഥന്‍ തന്റെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അപകടം നടന്ന പ്രദേശത്തേക്ക് എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. റോഡ് സൗകര്യം ഇല്ലാതിരുന്നതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് എത്തപ്പെടാന്‍ വഴിയില്ലായിരുന്നു.

ഇതേ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ നിന്നും പുഴയില്‍ നിന്നും കുടങ്ങളിലും മറ്റുമായി വെള്ളം കൊണ്ടുവന്നാണ് തീയണയ്ക്കാന്‍ ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനം വളരെ ദുര്‍ഘടമായിരുന്നുവെന്നും ഹെലികോപ്റ്ററിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആളുകളെ കണ്ടെത്താന്‍ ഏറെ പ്രയാസകരമായിരുന്നുവെന്നും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറയുന്നു. വലിയൊരു മരം കടപുഴകി വീണു കിടന്നതും രക്ഷാപ്രവര്‍ത്തനത്തെ വൈകിപ്പിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.