പെര്‍ത്തില്‍ ചേലാകര്‍മത്തിനു വിധേയനായ രണ്ടു വയസുകാരന്‍ മരിച്ചു; സഹോദരന്‍ ഗുരുതരാവസ്ഥയില്‍

പെര്‍ത്തില്‍ ചേലാകര്‍മത്തിനു വിധേയനായ രണ്ടു വയസുകാരന്‍ മരിച്ചു; സഹോദരന്‍ ഗുരുതരാവസ്ഥയില്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സ്വകാര്യ ക്ലിനിക്കില്‍ ചേലാകര്‍മത്തിനു (circumcisions) വിധേയനായ രണ്ടു വയസുകാരന്‍ മരിച്ചു. സഹോദരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍.

ചൊവ്വാഴ്ച്ച ചേലാകര്‍മത്തിനുശേഷം വീട്ടിലെത്തിയ രണ്ടു കുട്ടികളുടെയും സ്ഥിതി രാത്രിയോടെ വഷളായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി ആദ്യം ഇവരുടെ വീടിനടുത്തുള്ള അര്‍മഡെയ്ല്‍ ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് മൂത്ത കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. സഹോദരനെ പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്കു മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

രണ്ട് വയസുകാരന്റെ മരണത്തില്‍ മറ്റു ദുരൂഹതകളില്ലെന്നാണ് പോലീസ് നിഗമനം. ഒരു അംഗീകൃത മെഡിക്കല്‍ സെന്ററിലാണ് കുട്ടി മരിക്കുന്നതിന് മുമ്പ് ലിംഗപരിച്ഛേദനത്തിനു വിധേയനായതെന്ന് പോലീസ് വക്താവ് അറിയിച്ചു.

ഇത് വളരെ ദാരുണമായ സംഭവമാണെന്നും പോലീസ് ഡിറ്റക്ടീവുകള്‍ അന്വേഷണം ആരംഭിച്ചതായും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസ് കമ്മീഷണര്‍ ക്രിസ് ഡോസണ്‍ പറഞ്ഞു.

പെര്‍ത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോസ്‌നെല്‍സ് മെഡിക്കല്‍ സെന്റില്‍ വച്ചാണ് കുട്ടികള്‍ ലിംഗപരിച്ഛേദനത്തിനു വിധേയരായതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അനുഭവപരിചയമുള്ള ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് ഈ നടപടിക്രമം പൂര്‍ത്തിയാക്കിയത്.

അതേസമയം ലിംഗപരിച്ഛേദനത്തിനു മുന്നോടിയായി കുഞ്ഞിന് നല്‍കിയ അനസ്തേഷ്യയില്‍ പിഴവുണ്ടായതാണ് മരണത്തിനു കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മെഡിക്കല്‍ കാരണങ്ങളാല്‍ അല്ലെങ്കില്‍ ഓസ്ട്രേലിയന്‍ പബ്ലിക് ആശുപത്രികളില്‍ ലിംഗപരിച്ഛേദനം നിരോധിച്ചിട്ടുണ്ട്. എങ്കിലും ഒരു ജനറല്‍ പ്രാക്ടീഷണര്‍ക്ക് സ്വകാര്യ ക്ലിനിക്കുകളില്‍ ശസ്ത്രക്രിയ നടത്താം.

ഓസ്ട്രേലിയയില്‍ ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് കൂടുതലും ജനറല്‍ പ്രാക്ടീഷണര്‍മാരാണെന്നു റോയല്‍ ഓസ്ട്രലേഷ്യന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ പറയുന്നു. കുടുംബപരമോ സാംസ്‌കാരികമോ മതപരമോ ആയ കാരണങ്ങളാലാണ് മിക്ക ലിംഗപരിച്ഛേദനങ്ങളും നടത്തുന്നത്. മെഡിക്കല്‍ കാരണങ്ങളാല്‍ വളരെ അപൂര്‍വമായി മാത്രമേ നടത്താറുള്ളൂ.

വേദനസംഹാരികള്‍ നല്‍കുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ അടിയന്തരമായി ചികിത്സിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ വേണ്ടത്ര വൈദഗ്ധ്യം ഉള്ളവരായിരിക്കില്ല ഇത്തരം സ്വകാര്യ ക്ലിനിക്കുകളില്‍ ഉള്ളതെന്ന ആശങ്ക മുന്‍പും ഉയര്‍ന്നിട്ടുണ്ട്. ഇത് ഒരു പീഡിയാട്രിക് സര്‍ജന്റെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26