കാന്‍ബറ: രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കുമായി അടുത്തയാഴ്ച ഓസ്ട്രേലിയന്‍ അതിര്‍ത്തികള്‍ തുറന്നേക്കുമെന്ന സൂചനയുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഈ മാസം ആദ്യമാണ് അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ വരവോടെ തീരുമാനം നീട്ടുകയായിരുന്നു.
ഇന്നു ചേര്‍ന്ന ഈ വര്‍ഷത്തെ അവസാന ദേശീയ കാബിനറ്റ് സമ്മേളനത്തിനു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അനുകൂല സൂചന നല്‍കിയത്. അതിര്‍ത്തികള്‍ തുറക്കുന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുകയാണെന്നും പിന്നോട്ട് പോകാനല്ല, മുന്നോട്ട് നീങ്ങാനാണ് പദ്ധതിയെന്നും സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചു
ഒമിക്രോണ്‍ രാജ്യത്തുണ്ടാക്കിയ ആഘാതമായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയം. പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഡിസംബര്‍ 15-ന് വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കുമായി അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
അതേസമയം, രാജ്യാന്തര യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ച് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക്. രാജ്യത്തെ ആരോഗ്യ അടിയന്തരാവസ്ഥ അടുത്ത വര്‍ഷം ഫെബ്രുവരി 17 വരെ നീട്ടാനും ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡിനെതിരേ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനാണു തീരുമാനം.
ഓസ്ട്രേലിയ ഇപ്പോഴും ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. പോള്‍ കെല്ലി ദേശീയ കാബിനറ്റിനെ അറിയിച്ചു.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കു പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് പരിശോധനയും മാസ്‌ക് ധരിക്കലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരും. വാക്സിനേഷന്‍ എടുക്കാത്ത ഓസ്ട്രേലിയക്കാരുടെ രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ വിലക്കും. ഓസ്ട്രേലിയയിലേക്കുള്ള ക്രൂയിസ് കപ്പലുകളുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളും തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.