ആറ് ആഴ്ച കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം നിരോധിക്കുന്ന ടെക്‌സാസ് നിയമത്തിനു പിന്തുണയേകി സുപ്രീം കോടതി

  ആറ് ആഴ്ച കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം നിരോധിക്കുന്ന ടെക്‌സാസ്   നിയമത്തിനു പിന്തുണയേകി സുപ്രീം കോടതി

വാഷിംഗ്ടണ്‍ : ഗര്‍ഭ ധാരണത്തിനു ശേഷം ആറ് ആഴ്ച കഴിഞ്ഞുള്ള എല്ലാ ഗര്‍ഭഛിദ്രങ്ങളും നിരോധിക്കുന്ന എസ്ബി 8 നിയമവുമായി മുന്നോട്ടുപോകാന്‍ ടെക്‌സാസ് സംസ്ഥാനത്തിന് സുപ്രീം കോടതിയുടെ അനുമതി. അതേസമയം കര്‍ശനമായ ടെക്‌സാസിലെ ഗര്‍ഭഛിദ്ര നിയമത്തെ നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശം ഗര്‍ഭച്ഛിദ്ര ദാതാക്കള്‍ക്ക് ഉണ്ടാകുമെന്ന് വിധിന്യായത്തില്‍ പറയുന്നു.'റോ വേഴ്സസ് വേഡ്' കേസിലെ സുപ്രീം കോടതി നിരീക്ഷണം ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രാവകാശം ഭരണഘടനാനുസൃതമാണെന്ന് അര നൂറ്റാണ്ടിലേറെയായി വാദിച്ചുവരുന്നവര്‍ക്ക് ആഘാതമായി പുതിയ വിധി.

ജസ്റ്റിസ് നീല്‍ ഗോര്‍സുച്ച് ആണ്  8-1 വിധിന്യായം എഴുതിയത്. നിയമത്തെ ചോദ്യം ചെയ്യാനുള്ള അവകാശം കോടതി അനുവദിച്ചു നല്‍കിയെന്നത് ഗര്‍ഭച്ഛിദ്ര ദാതാക്കളെയും അവരെ പിന്തുണയ്ക്കുന്ന പൗരാവകാശ ഗ്രൂപ്പുകളെയും സംബന്ധിച്ചിടത്തോളം നാമമാത്ര വിജയം മാത്രമേ ആകുന്നുള്ളൂവെന്നാണ് നിയമവിദഗ്ധരുടെ നിരീക്ഷണം.ഇതനുസരിച്ച് വ്യവഹാര നീക്കം നടത്താനാകുക വിരലിലെണ്ണാവുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമായിരിക്കും. ഇതിനു പുറമേ, രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ഭരണഘടനാപരമായി സംരക്ഷണം നിഷേധിക്കുന്നതാണ്  എസ്ബി 8 നിയമമെന്ന ഈ പൗരാവകാശ ഗ്രൂപ്പുകളുടെ ആക്ഷേപം ഭൂരിപക്ഷം ജസ്റ്റിസുമാരും തള്ളിയത് പ്രോലൈഫ് പ്രസ്ഥാനങ്ങളുടെ വാദം ശരിവയ്ക്കുന്ന തരത്തിലുള്ളതായി.

 എസ്.ബി. 8  നിയമം ഫെഡറല്‍ ഭരണഘടനയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന ആത്യന്തിക ചോദ്യം തല്‍ക്കാലം  കോടതി പരിഗണിക്കുന്നില്ലെന്നു വിധിന്യായത്തിലുണ്ട്. ആറാഴ്ച കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം നിരോധിക്കുന്നതു കൂടാതെ  നിയമവിരുദ്ധമായ ഈ നടപടിക്രമത്തെ സഹായിക്കുന്നവര്‍ക്കെതിരെ സിവില്‍ വ്യവഹാരം ഫയല്‍ ചെയ്യാന്‍ പൗരന്മാരെ അനുവദിക്കുന്നതുമാണ് എസ്.ബി. 8  നിയമം. 

 അതേസമയം, ടെക്‌സാസ് നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന കോടതി നിരസിച്ചു. നേരത്തെ വാക്കാലുള്ള വാദങ്ങള്‍ക്കിടയില്‍, ടെക്‌സാസ് നിയമത്തിന്റെ അഭൂതപൂര്‍വമായ നിര്‍വ്വഹണ സംവിധാനത്തെക്കുറിച്ചും ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താനുള്ള മറ്റ് സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും പല ജസ്റ്റിസുമാരും പരസ്യമായി സംശയം പ്രകടിപ്പിച്ചിരുന്നു.

'റോ വേഴ്സസ് വേഡ്' കേസ് വിധി പ്രകാരം ഗര്‍ഭഛിദ്രാവകാശം ഭരണഘടനാനുസൃതമാകുമോയെന്നതുള്‍പ്പെടെയുള്ള  വലിയ ചോദ്യങ്ങള്‍ ഇനി മിസിസിപ്പിയില്‍ നിന്നുള്ള  'ഡോബ്സ് വേഴ്‌സസ് ജാക്‌സണ്‍ വിമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍'  എന്ന സുപ്രിം കോടതിയുടെ പരിഗണനയിലുള്ള പ്രത്യേക കേസിലേക്ക് വരും. വരാനിരിക്കുന്ന ദശാബ്ദങ്ങളില്‍ യുഎസിലെ ഗര്‍ഭച്ഛിദ്ര അവകാശങ്ങളുടെ ഭാവി നിര്‍ണ്ണയിക്കാന്‍ വഴിതെളിക്കുന്ന ആ കേസില്‍ കഴിഞ്ഞ ആഴ്ച വാക്കാലുള്ള വാദം കേട്ടിരുന്നുവെങ്കിലും അടുത്ത ജൂണിനു മുമ്പായി വിധി പുറപ്പെടുവിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

https://cnewslive.com/news/20323/roe-versus-wade-vs-march-for-life-cjk




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.