സിഡ്നി: ഓസ്‌ട്രേലിയയില്‍ വരാനിരിക്കുന്നത് അതിരൂക്ഷമായ ഉഷ്ണതരംഗമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത ആഴ്ചയില്‍ രാജ്യം ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമായി മാറിയേക്കാമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഞായറാഴ്ചയോടെ രാജ്യത്തെ താപനില മുന്‍കാല റെക്കോര്‍ഡുകളെ തകര്‍ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2019 ഡിസംബറില്‍ സൗത്ത് ഓസ്ട്രേലിയയിലെ നുല്ലര്‍ബോറിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്-49.9 ഡിഗ്രി. ഈ ആഴ്ച അവസാനത്തോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടും. പില്‍ബാര, കിംബര്‍ലി മേഖലകളില്‍ ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാകും.
അതേസമയം രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് കൊടുങ്കാറ്റുകള്‍ വീശയിടിക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും മാസങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
ക്യൂന്‍സ്ലന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും സൗത്ത് ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും അടുത്ത ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നത്.
വാരാന്ത്യത്തില്‍ മെല്‍ബണിലെ താപനില 35 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. ബ്രിസ്ബന്‍, സിഡ്നി, കാന്‍ബറ എന്നിവിടങ്ങളില്‍ 30 വരെയും അഡ്ലെയ്ഡില്‍ വെള്ളിയാഴ്ചയോടെ താപനില 37 ഡിഗ്രി വരെ ഉയരുമെന്നുമാണ് കരുതുന്നത്. ഉള്‍നാടുകളില്‍ കൂടുതല്‍ ഉയര്‍ന്ന താപനില അനുഭവപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ശനിയാഴ്ചയോടെ ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ബോയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ബ്രോക്കണ്‍ ഹില്ലില്‍ 40 ഡിഗ്രി സെല്‍ഷ്യസും നോര്‍ത്തേണ്‍ ടെറിട്ടറിയിലെ കാതറിനില്‍ 41 ഡിഗ്രിയും ആലിസ് സ്പ്രിംഗ്‌സില്‍ 42 ഡിഗ്രി വരെയും ഉയരും.
അതേസമയം പെര്‍ത്തില്‍ നല്ല കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. ഈ ആഴ്ച 30 ഡിഗ്രി കടക്കാന്‍ സാധ്യതയില്ല.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പില്‍ബാര, കിംബര്‍ലി എന്നീ പ്രദേശങ്ങളിലാണ് വേനലിന്റെ കാഠിന്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടാന്‍ പോകുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 45 ഡിഗ്രി മുതല്‍ 50 വരെ താപനിലയാണ് ഈ മേഖലയില്‍ പ്രവചിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മഴയുടെ തീവ്രത വര്‍ധിപ്പിക്കുന്നതായും ഇത് വെള്ളപ്പൊക്കത്തിനു കാരണമാകുന്നതായും യു.എന്‍.എസ്.ഡബ്ല്യു സ്‌കൂള്‍ ഓഫ് സിവില്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറിംഗിലെ ഡോ ആശിഷ് ശര്‍മ്മ പറഞ്ഞു.
സാധാരണ വരള്‍ച്ചയെ തുടര്‍ന്നുള്ള സമയങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ലാ നിന പ്രതിഭാസം മൂലമുണ്ടാകുന്ന കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത 68 ശതമാനമാണ്.
കടുത്ത ചൂടിനു ശേഷം കാന്‍ബറയിലും വിക്ടോറിയയിലും ന്യൂ സൗത്ത് വെയില്‍സിലും കൊടുങ്കാറ്റുകള്‍ വീശിയേക്കുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുണ്ട്. കനത്ത മഴയില്‍ അണക്കെട്ടുകളും വൃഷ്ടിപ്രദേശങ്ങളും കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.