സൂര്യനെ 'തൊട്ട്' ആദ്യ മനുഷ്യ നിര്‍മിത പേടകം; ചരിത്രനേട്ടവുമായി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൂര്യനെ 'തൊട്ട്' ആദ്യ മനുഷ്യ നിര്‍മിത പേടകം; ചരിത്രനേട്ടവുമായി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

വാഷിംഗ്ടണ്‍: സൂര്യന്റെ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച ആദ്യ മനുഷ്യ നിര്‍മ്മിത ബഹിരാകാശ പേടകമായി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ഒരിക്കലും അടുക്കാന്‍ കഴിയില്ലെന്നു കരുതിയിരുന്ന സൂര്യന്റെ ഉരുക്കുന്ന ചൂടിനെ അതിജീവിച്ചാണ് പേടകം അന്തരീക്ഷമായ കൊറോണയിലൂടെ (corona) കടന്നു പോയത്. മൂന്നു വര്‍ഷം മുന്‍പാണ് നാസ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചത്. സൂര്യന്റെ ഘടനയും സവിശേഷതകളും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പേടകം വിക്ഷേപിച്ചത്.

മനുഷ്യ നിര്‍മ്മിതമായ മറ്റൊരു പേടകവും ഇതിനു മുമ്പ് സൂര്യന്റെ ഇത്രയടുത്ത് എത്തിയിട്ടില്ല. മഹത്തരമായ നിമിഷമെന്നാണ് ഇതിനെ നാസ വിശേഷിപ്പിച്ചത്. സൂര്യന്റെ അന്തരീക്ഷത്തിനു മുകളിലത്തെ പാളിയായ കൊറോണയില്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് കഴിഞ്ഞ ഏപ്രില്‍ 28 ന് തന്നെ പ്രവേശിച്ചിരുന്നെങ്കിലും അത് സ്ഥിരീകരിക്കാന്‍ മാസങ്ങളോളം സമയമെടുത്തു. നിലവില്‍ മണിക്കൂറില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ എന്ന വേഗത്തിലാണ് പേടകം സഞ്ചരിക്കുന്നത്.

അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍വെപ്പ് നടത്തിയതുമായാണ് ഈ ചരിത്ര നേട്ടത്തെ നാസ താരതമ്യം ചെയ്തത്. സൂര്യനെ തൊടുക എന്ന അസാദ്ധ്യ ദൗത്യമാണ് മനുഷ്യനിര്‍മ്മിത പേടകം സാദ്ധ്യമാക്കിയത്. ഇത് നക്ഷത്രങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തില്‍ പുത്തന്‍ ഉണര്‍വേകുമെന്ന് നാസ വ്യക്തമാക്കി.

ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതിനെതുടര്‍ന്ന് ചന്ദ്രന്‍ എങ്ങനെ രൂപപ്പെട്ടു എന്നതു സംബന്ധിച്ച് മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചതുപോലെ, സൂര്യന്റെ അന്തരീക്ഷത്തെ തൊട്ടതിലൂടെ ഈ നക്ഷത്രത്തിന്റെ പരിണാമത്തെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുന്നതിനും സൗരയൂഥത്തില്‍ അതിനുള്ള സ്വാധീനം മനസിലാക്കുന്നതിനും സഹായിക്കുമെന്ന് നാസ പ്രസ്താവനയിലൂടെ അറിയിച്ചു.

പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ തൊട്ടത് ശാസ്ത്ര മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണെന്ന് വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തുള്ള സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍ പറഞ്ഞു.

നാസ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു ഇത്. 2025-ല്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ അടുത്തെത്തുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 150 കോടി യുഎസ് ഡോളര്‍ ചെലവ് വരുന്ന ദൗത്യം 2018 ഓഗസ്റ്റിലാണ് വിക്ഷേപിച്ചത്. ചിക്കാഗോ സര്‍വ്വകലാശാല പ്രഫസറും ഭൗതിക ശാസ്ത്രജ്ഞനുമായ യൂജീന്‍ പാര്‍ക്കറുടെ പേരിലാണ് ദൗത്യം നാമകരണം ചെയ്തിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലുള്ള നാസയുടെ ആദ്യത്തെ ദൗത്യമാണിത്.

സൂര്യന്റെ ശക്തമായ കാന്തികക്ഷേത്രവും 9,941 ഡിഗ്രി ഉപരിതല താപനിലയും ബഹിരാകാശ പേടകത്തിന്റെ ദൗത്യത്തെ ദുഷ്‌കരമാക്കുന്നുണ്ട്. കടുത്ത താപനിലയും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷവും മറികടക്കാനായി പ്രത്യേക കാര്‍ബണ്‍ കോംപസിറ്റുകള്‍ ഉപയോഗിച്ചാണ് പേടകത്തിന്റെ ബാഹ്യരൂപം നിര്‍മ്മിച്ചിരിക്കുന്നത്.



സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 40 ലക്ഷം മൈലിനുള്ളില്‍ പ്രവേശിക്കാനാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പദ്ധതിയിടുന്നത്. മറ്റൊരു ബഹിരാകാശ വാഹനവും ഇത്ര വേഗത്തില്‍ സഞ്ചരിക്കുകയോ സൂര്യന് ഇത്രയടുത്ത് എത്തുകയോ ചെയ്തിട്ടില്ല. 1976ല്‍ ഹീലിയോസ് 2 പ്രോബ് സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 26.55 ദശലക്ഷം മൈലിനുള്ളില്‍ പ്രവേശിച്ചിരുന്നു.

പയനിയര്‍ 10, 11 എന്നീ ബഹിരാകാശ വാഹനങ്ങള്‍ മാനവരാശിയുടെ ആശംസകള്‍ ആലേഖനം ചെയ്ത അലുമിനിയം ഫലകങ്ങളെയാണ് വഹിച്ചതെങ്കില്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പൊതുജനങ്ങള്‍ സമര്‍പ്പിച്ച 1.1 ദശലക്ഷം പേരുകള്‍ അടങ്ങിയ മെമ്മറി കാര്‍ഡുമായാണ് ദൗത്യം ആരംഭിച്ചത്.

രണ്ടു പ്രധാന ലക്ഷ്യങ്ങളാണ് ഈ ദൗത്യത്തിനുള്ളത്. സൗരക്കാറ്റിന് ഇത്ര പെട്ടെന്ന് ഇത്രയധികം വേഗത കൈവരിക്കാനാകുന്നതെങ്ങനെയാണ് എന്നതാണ് അതിലൊന്ന്. സൂര്യന്റെ പുറത്തെ അന്തരീക്ഷം അല്ലെങ്കില്‍ കൊറോണ എങ്ങനെയാണ് സൗരപ്രതലത്തേക്കാള്‍ ചൂടു കൂടുതലുള്ളതാകുന്നത്? (കൊറോണയുടെ ചൂട് 20 ലക്ഷം ഡിഗ്രി ഫാരന്‍ഹൈറ്റാണ്. അതേസമയം, സൂര്യന്റെ ഉപരിതലത്തിലെ ചൂട് വെറും 11,000 ഫാരന്‍ഹൈറ്റാണ്.)

ഈ പഠനത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ നാസയുടെ 2024ലെ ചാന്ദ്രദൗത്യത്തിനും പിന്നീടു വരുന്ന ചൊവ്വാ ദൗത്യത്തിനും വളരെയധികം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ് നാസയുടെ അടുത്ത പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

സൂര്യന്റെ പരിണാമത്തെ കുറിച്ചും സൗരയൂഥത്തില്‍ സൂര്യന്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പാര്‍ക്കര്‍ ഉത്തരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.