കൊലക്കളമായി സ്‌കൂള്‍; പൊലിഞ്ഞത് 26 ജീവനുകള്‍: യു.എസിനെ നടുക്കിയ സാന്‍ഡി ഹൂക്ക് കൂട്ടക്കൊലയ്ക്ക് ഒന്‍പതു വര്‍ഷം

കൊലക്കളമായി സ്‌കൂള്‍; പൊലിഞ്ഞത് 26 ജീവനുകള്‍: യു.എസിനെ നടുക്കിയ സാന്‍ഡി ഹൂക്ക് കൂട്ടക്കൊലയ്ക്ക് ഒന്‍പതു വര്‍ഷം

ന്യൂടൗണ്‍: ഇരുപതു കുഞ്ഞു പുഞ്ചിരികള്‍ നിമിഷങ്ങള്‍കൊണ്ട് മാഞ്ഞുപോയൊരു കറുത്ത ദിനം. യു.എസിനെ സംബന്ധിച്ച് ഏറ്റവും നടക്കുന്ന കാഴ്ച്ചകളിലൂടെ കടന്നുപോയ, ഇനി ഒരിക്കലും ആവര്‍ത്തിക്കരുതേ എന്നു പ്രാര്‍ഥിക്കുന്നൊരു ദിനം. ഒന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ഓര്‍മകള്‍ ഈ രാജ്യത്തെ വല്ലാതെ വേട്ടയാടുന്നു.

യു.എസിലെ സാന്‍ഡി ഹൂക്ക് സ്‌കൂളിലെ 20 പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം 26 പേരുടെ കൂട്ടക്കൊലയ്ക്കിടയാക്കിയ സംഭവം നടന്നിട്ട് ഒന്‍പതു വര്‍ഷം പൂര്‍ത്തിയാകുന്നു. 2012 ഡിസംബര്‍ 14-ന് രാവിലെ ഒന്‍പതരയോടെയാണ് ലോകത്തെ നടുക്കിയ സംഭവം, ക്രിസ്മസിന് കേവലം 11 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ.

യു.എസിലെ കണക്റ്റിക്കട്ട് സംസ്ഥാനത്തെ ന്യൂടൗണിലാണ് സാന്‍ഡി ഹൂക്ക് എലിമെന്ററി സ്‌കൂള്‍. ഡിസംബറിലെ തണുത്തുറഞ്ഞൊരു പ്രഭാതമായിരുന്നു അത്. ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞു. നിമിഷങ്ങള്‍ കൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. സ്‌കൂള്‍ അതിക്രമിച്ചുകയറിയ 20 വയസുകാരനായ തോക്കുധാരി യാതൊരു പ്രകോപനവുമില്ലാതെ കുട്ടികളുടെയും തടയാന്‍ ശ്രമിച്ച ആറു ജീവനക്കാരുടെയും നേരേ നിറയൊഴിക്കുകയായിരുന്നു. കൂട്ടക്കൊലയ്ക്കു ശേഷം ആദം ലന്‍സ എന്ന കൊലയാളിയും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. സ്‌കൂളില്‍ കൃത്യം നടത്താന്‍ എത്തുന്നതിനുമുമ്പ് വീട്ടില്‍വച്ച് പ്രതി അമ്മയെയും കൊലപ്പെടുത്തിയിരുന്നു. ഇയാള്‍ ഉള്‍പ്പെടെ മൊത്തം 28 പേര്‍ക്കാണ് അന്നത്തെ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. വെടിവയ്പ്പില്‍ പരുക്കേറ്റ രണ്ടുപേര്‍ ചികിത്സയിലും കഴിഞ്ഞു.

ആറിനും ഏഴിനും മധ്യേ പ്രായമുള്ള കുഞ്ഞുങ്ങളായിരുന്നു മരിച്ചത്. കൂടുതലും ഒരേ ക്ലാസിലുള്ളവര്‍. അവരില്‍ പിയാനിസ്റ്റുകളും ചിത്രകാരന്മാരും നീന്തല്‍ക്കാരും നൃത്തത്തെ ഇഷ്ടപ്പെടുന്നവരുമൊക്കെയുണ്ടായിരുന്നു. കുഞ്ഞു പൊട്ടിച്ചിരികളും കളികളുമായി സ്‌കൂളില്‍ എത്തിയ കുഞ്ഞുങ്ങള്‍ നിമിഷനേരം കൊണ്ട് വെടിയേറ്റ് ക്ലാസുകളില്‍ ചിതറിക്കിടന്നു. ക്ലാസുകള്‍ ചോരയില്‍ കുളിച്ചു. മരിച്ച കുട്ടികള്‍ക്ക് മൂന്നു മുതല്‍ 11 വരെ വെടിയുണ്ടകളേറ്റിരുന്നു.



ദുരന്തത്തിനു പിറ്റേന്ന് സംഭവത്തെക്കുറിച്ചുള്ള വിവരണവുമായി പുറത്തിറങ്ങിയ ലോസ് ആഞ്ചല്‍സ് ദിനപത്രം

തൊട്ടുതൊട്ടുള്ള രണ്ടു ക്ലാസ് മുറികളിലാണ് പൂര്‍വ വിദാര്‍ഥിയായ അക്രമി വെടിയുതിര്‍ത്തത്. വെടിവെയ്പുണ്ടായതോടെ സ്‌കൂളില്‍ കൂട്ടക്കരച്ചിലുയര്‍ന്നു. അധ്യാപകര്‍ ക്ലാസ് മുറികളുടെ വാതിലുകള്‍ പൂട്ടി കുട്ടികളുമായി ഒരു മൂലയില്‍ ഒളിച്ചു. തുടരെത്തുടരെ വെടിയൊച്ചകള്‍ കേട്ട് കുട്ടികള്‍ ഭയന്നുവിറച്ചു. ചെവിയില്‍ ക്രിസ്മസ് കരോളുകള്‍ പാടിക്കൊടുത്തും കഥകള്‍ പറഞ്ഞും കുഞ്ഞുങ്ങളെ അധ്യാപകര്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോണ്‍ ഹോച്ച്സ്പ്രങ്ങും സ്‌കൂള്‍ സൈക്കോളജിസ്റ്റ് മേരി ഷെര്‍ലാക്കും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കാലിനു വെടിയേറ്റ വൈസ് പ്രിന്‍സിപ്പലാണ് പോലീസിനെ വിളിച്ചത്.

വിവരമറിഞ്ഞ് പോലീസ് വന്നപ്പോഴേയ്ക്കും ആദം ലന്‍സ തന്റെ തലയ്ക്കു വെടിവച്ച് ആത്മഹത്യ ചെയ്തിരുന്നു. സ്‌കൂളില്‍ എത്തിയ മാതാപിതാക്കളും ബന്ധുക്കളും കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ട് അലറിക്കരഞ്ഞു. 12 പെണ്‍കുട്ടികളും എട്ട് ആണ്‍കുട്ടികളും ആറ് സ്ത്രീകളുമാണ് ദുരന്തത്തില്‍ മരിച്ചത്. അവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ രാജ്യത്തിനു തീരാവേദയായി രാജ്യത്തെ വേട്ടയാടുന്നു.


കൂട്ടക്കൊലയ്ക്ക് ഇരയായ കുഞ്ഞുങ്ങള്‍

വിര്‍ജീനിയ പോളിടെക്നിക്കില്‍ 2007-ല്‍ 32 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ഷൂട്ടിംഗ് ദുരന്തമാണിത്. നിറഞ്ഞ കണ്ണുകളോടെയാണ് അന്നു പ്രസിഡന്റായിരുന്ന ബരാക് ഒബാമ സംഭവത്തെക്കുറിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്.

ഒന്നിലധികം തോക്കുകളാണ് ആദം സ്‌കൂളില്‍ പിഞ്ചുകുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ നിറയൊഴിക്കാന്‍ ഉപയോഗിച്ചത്. സ്വന്തം അമ്മയുടെയും തന്റെയും ജീവനെടുക്കാന്‍ ആദം ഉപയോഗിച്ചതും ഇതേ തോക്കു തന്നെയായിരുന്നു. അന്വേഷണത്തില്‍ പ്രതിയുടെ അമ്മ നാന്‍സി അഞ്ചു തോക്കുകള്‍ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തിയത്. നാന്‍സിക്കു തോക്കുകളോടു അമിതഭ്രമം ഉണ്ടായിരുന്നു. ഇവര്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ഷൂട്ടിംഗ് റേഞ്ചിലേക്ക് ഇടയ്ക്കു മക്കളെ കൂട്ടിക്കൊണ്ടുപോയിരുന്നതും പോലീസ് കണ്ടെത്തി. രണ്ടു കൈത്തോക്കുകളും സെമി ഓട്ടോമാറ്റിക് റൈഫിളുമായാണ് ആദം സ്‌കൂളിലെത്തിയത്.

അന്നത്തെ സംഭവം ഇന്നും നടുക്കുന്ന ഓര്‍മകളായി ഈ നാട്ടുകാരുടെ മനസിലുണ്ട്. അന്നു രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍ ഇന്നു മുതിര്‍ന്നെങ്കിലും ആ കാഴ്ച്ചകളുണ്ടാക്കിയ ആഘാതം അവരെ പിന്തുടരുന്നു. മരിച്ച കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പള്ളികളിലും സ്‌കൂളുകളിലും അനുസ്മരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.


കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ഓര്‍മയ്ക്കായി സാന്‍ഡി ഹുക്കില്‍ സ്ഥാപിച്ച ഇരുപത്തിയേഴ് മാലാഖ രൂപങ്ങള്‍. (2012 ഡിസംബറിലെടുത്ത ചിത്രം)

2012-ലെ വെടിവയ്പിനെത്തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം തന്നെ തകര്‍ത്തുകളഞ്ഞു നാലു വര്‍ഷത്തിനപ്പുറം പുതിയതു നിര്‍മിക്കുകയായിരുന്നു. കൂട്ടക്കൊലയുടെ ഇരകള്‍ക്കായി സാന്‍ഡി ഹൂക്കില്‍ അഞ്ച് ഏക്കര്‍ പ്രദേശത്ത് ഒരു സ്മാരകത്തിന്റെ നിര്‍മ്മാണം നടന്നുവരികയാണ്. അടുത്ത വര്‍ഷം പത്താം വാര്‍ഷികത്തിനു മുന്‍പായി നിര്‍മാണം പൂര്‍ത്തിയാക്കും

സംഭവം യു.എസില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി. കുട്ടികള്‍ക്ക് തോക്ക് ലഭിക്കുന്ന സാഹചര്യവും അവരെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ഗെയിമുകളും നിയന്ത്രിക്കണമെന്ന ആവശ്യമുയര്‍ന്നു. മുതിര്‍ന്നവര്‍ക്കുള്ള തോക്ക് വില്‍പന നിയന്ത്രിക്കുമെന്ന് ഒബാമയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ ദാരുണ സംഭവത്തിനു ശേഷവും ഇക്കാര്യത്തില്‍ വലിയ മാറ്റമൊന്നും യു.എസില്‍ ഉണ്ടായിട്ടില്ല. തോക്ക് ഉപയോഗിച്ച് കുട്ടികള്‍ കൊല നടത്തുന്ന സംഭവങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.