പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ജോഷ്വാ സുബിയുടെ സംസ്‌കാരശുശ്രൂഷകള്‍ക്ക് പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ മുഖ്യകാര്‍മികത്വം വഹിക്കുന്നു.
പെര്‍ത്ത്: ഭൂമിയിലുണ്ടായിരുന്ന ചെറിയ കാലയളവില്‍ അനിതര സാധാരണമായ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടി ജീവിച്ച പതിമൂന്നു വയസുകാരന്‍ ജോഷ്വാ സുബിക്ക് പെര്‍ത്ത് വികാരനിര്‍ഭരമായി വിട നല്‍കി. അര്‍ബുദ രോഗം ബാധിച്ചായിരുന്നു ജോഷ്വാ മരണത്തിനു കീഴടങ്ങിയത്. പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച സംസ്‌കാര ശുശ്രൂഷകള്‍ക്ക് പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ മുഖ്യകാര്‍മികത്വം വഹിച്ചു.
സഹായ മെത്രാന്‍ ഡൊണാള്‍ഡ് സ്‌പ്രോക്സ്റ്റണ്‍, പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക വികാരി ഫാ. അനീഷ് ജെയിംസ് വി.സി. എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. പെര്‍ത്ത് വിന്‍സെന്‍ഷ്യന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വി.സി സന്ദേശം നല്‍കി. പതിനേഴോളം പുരോഹിതരാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്. മെല്‍ബണ്‍ സിറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ വീഡിയോയിലൂടെ അനുശോചന സന്ദേശം നല്‍കി.
പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലിലെ സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം ജോഷ്വയുടെ മൃതദേഹം വഹിക്കുന്ന വാഹനം കാരക്കട്ട സെമിത്തേരിയിലേക്കു പുറപ്പെട്ടപ്പോള്‍.
കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ജോഷ്വായുടെ അമ്മ ജയശ്രീ മകന്റെ ജനനം മുതല്‍ മരണം വരെയുള്ള നാളുകള്‍ ഹ്രസ്വമായി വിശദീകരിച്ചു. പ്രാര്‍ഥനാ ചൈതന്യത്തോടെ ജീവിച്ച ബാലനെക്കുറിച്ചുള്ള അമ്മയുടെ വാക്കുകള്‍ നിറഞ്ഞ കണ്ണുകളുടെയാണ് അവിടെക്കൂടിയവര്‍ കേട്ടിരുന്നത്.
വൈകിട്ട് നാലു മണിയോടെ കാരക്കട്ട സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ജോഷ്വായെ അവസാനമായി കാണാനും പ്രാര്‍ഥനയോടെ വിട നല്‍കാനുമായി നിരവധി പേരാണ് പള്ളിയിലും സെമിത്തേരിയിലും എത്തിയത്. രോഗത്തിന്റെ അവസാന നാളുകളില്‍ ജോഷ്വാ പ്രകടിപ്പിച്ച സഹനശക്തിയെയും ദൈവ ഭക്തിയെയും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയവര്‍ അനുസ്മരിച്ചു. രോഗതീവ്രതയാല്‍ വിഷമിക്കുമ്പോഴും തനിക്കു വേണ്ടി വേദനിക്കുന്നവര്‍ക്കായി ഈ ബാലന്‍ നിരന്തരം പ്രാര്‍ഥിച്ചു. ഒരു ദിവസം പോലും തനിക്ക് ശുദ്ധീകരണ സ്ഥലത്ത് കിടക്കേണ്ടെന്ന് ബാലന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ഇതിനായി ജോഷ്വാ നിരന്തരം പ്രാര്‍ഥിച്ചിരുന്നു. അതിശയകരമായ ദൈവിശ്വാസത്തിലും മാതൃകയിലുമാണ് ജോഷ്വാ ജീവിച്ചിരുന്നത്.
പെര്‍ത്തില്‍ താമസിക്കുന്ന സുബി സദാശിവന്റെയും ജയശ്രീയുടെയും മകനാണ് ജോഷ്വ. സഹോദരന്‍: അമല്‍. ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിംഗിസിലാണ് ജോഷ്വാ ജനിച്ചത്. പിന്നീട് കുടുംബം പെര്‍ത്തിലേക്കു മാറുകയായിരുന്നു.
പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നാലു വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ജോഷ്വയുടെ 13-ാം ജന്മദിനത്തിന്റെ അന്നുതന്നെ വേര്‍പാട് സംഭവിച്ചത് കുടുംബത്തിന് ഏറെ വേദനയായി. ജന്മദിന സമ്മാനമായി പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ ജോഷ്വയുടെ വീട്ടില്‍ ദിവ്യബലി അര്‍പ്പിക്കാനിരിക്കെയാണ് അതിനു മുന്നോടിയായി പുലര്‍ച്ചെ മരണം സംഭവിച്ചത്.
ഹൈന്ദവ കുടുംബത്തില്‍ ജനിച്ച കൊല്ലം സ്വദേശികളായ മാതാപിതാക്കള്‍ പിന്നീട് മാമോദീസ സ്വീകരിച്ചാണ് ഉറച്ച കത്തോലിക്ക വിശ്വാസികളായി മാറിയത്.
പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ ജീവനക്കാരനാണ് സുബി സദാശിവന്‍. കത്തീഡ്രലിന്റെ ക്വാര്‍ട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നഴ്സാണ് ജയശ്രീ. കുട്ടിയുടെ ചികിത്സാര്‍ഥം കഴിഞ്ഞ കുറേ മാസങ്ങളായി അവധിയിലാണ്.
സംസ്‌കാര ശുശ്രൂഷകള്‍ പെര്‍ത്തിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും കാണുന്നതിനായി ലൈവ് സ്ട്രീമിംഗും ഒരുക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.