മാസ്റ്റര്‍ ബെഡ്റൂം ആഡംബരത്തോടെ ഒരുക്കാം

മാസ്റ്റര്‍ ബെഡ്റൂം ആഡംബരത്തോടെ ഒരുക്കാം

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മാസ്റ്റര്‍ ബെഡ് റൂം. വൃത്തിയായി സൂക്ഷിക്കേണ്ട ഇടം എന്നതിനുപുറമെ ഭവനങ്ങളിലെ ആഡംബര മാസ്റ്റര്‍ ബെഡ്റൂം ഒരുക്കുക്കാന്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ പരിചയപ്പെടാം. കിടപ്പുമുറിയെന്നാല്‍ അത് നിങ്ങളുടെ ലോകമാണ്. ദൈനംദിന ജീവിതത്തിലെ നിങ്ങളുടെ എല്ലാ വിഷമതകളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം നല്‍കുന്ന ഇടം. അതിനാല്‍, കിടപ്പുമുറി എപ്പോഴും സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നവയായിരിക്കണം.

നമ്മുടെ അഭിരുചികള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയണം. കിടപ്പുമുറിയെ പ്രധാന ശ്രദ്ധാകേന്ദ്രം കിടക്കയായതിനാല്‍ തടിയില്‍ തീര്‍ത്ത കട്ടിലാണ് ഉത്തമം. വലിയ ക്രാസിയുള്ള കട്ടില്‍ തിരഞ്ഞെടുക്കാം. കട്ടിലിന്റെ ഏതെങ്കിലും ഒരു വശത്ത് മേശയും കസേരയും ഇടുകയും കട്ടിലിന് നേരെ എതിര്‍വശത്ത് നടുഭാഗത്തായി ടി.വി. വയ്ക്കുകയും ചെയ്യാം. വിശ്രമിക്കുന്നതിനും അല്‍പം വായനയ്ക്കും ഇണങ്ങുന്ന തരത്തില്‍ മേശയും കസേരയും സെറ്റ് ചെയ്യാം. ആഡംബരം തോന്നിപ്പിക്കുന്നതിന് ചെമ്പ്, സ്ഫടികം എന്നിവയില്‍ തീര്‍ത്ത വസ്തുക്കള്‍ മേശയുടെ മുകളില്‍ വയ്ക്കാം.

മാസ്റ്റര്‍ ബെഡ്റൂമില്‍ ഫര്‍ണിഷിങ്ങിനും അലങ്കാരത്തിനും ആഡംബര വസ്തുക്കള്‍ ഉപയോഗിക്കാം. ഫ്ളോറിങിന് ഇറ്റാലിയന്‍ മാര്‍ബിള്‍ ആണ് ഉത്തമം. ഇതിനു പകരമായി കൂടുതല്‍ തിളക്കവും ഫിനിഷിങ്ങും നല്‍കുന്ന വിട്രിഫൈയ്ഡ് ടൈലും തിരഞ്ഞെടുക്കാവുന്നതാണ്. ലിനനിലോ പരുത്തിയിലോ നിര്‍മിച്ച ബെഡ്ഷീറ്റുകള്‍ ബെഡില്‍ വിരിക്കാം. വലിയ തലയിണകള്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം സില്‍ക്കിലോ വെല്‍വെറ്റിലോ തീര്‍ത്ത കുഷ്യനുകളും ഉപയോഗിക്കാം. സീലിങിനോട് ചേര്‍ത്ത് കര്‍ട്ടനുകള്‍ നല്‍കാം. ഇങ്ങനെ ചെയ്യുന്നത് മുറിയ്ക്ക് ഉയരക്കൂടുതല്‍ തോന്നിക്കും.

നിലത്ത് ഫ്ളോറല്‍ വര്‍ക്കില്‍ തീര്‍ത്ത ചവിട്ടി ഇടുന്നത് മുറിക്കുള്ളില്‍ ഊഷ്മളത തോന്നിക്കും. ചേരുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കാം ഒരു പോലുള്ള നിറങ്ങളും മെറ്റാലിക് ഫിനിഷില്‍ തീര്‍ത്ത വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നതും ആഢംബരത തോന്നിക്കുന്നതില്‍ പ്രധാന ഘടകമാണ്. തടി, പ്രകൃതിദത്തമായ കല്ലുകള്‍, മാര്‍ബിള്‍ എന്നിവയെല്ലാം മുറിയില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. മുറിയ്ക്ക് വലിയ ജനാലകള്‍ നല്‍കുന്നത് മുറിക്കുള്ളില്‍ കാറ്റും വെളിച്ചവും ഉറപ്പുവരുത്തുന്നതിനു സഹായിക്കും.

വാള്‍പേപ്പര്‍, പെയിന്റിങ് എന്നിവ കൊണ്ട് കിടക്കയുടെ നേരെ പിറകിലുള്ള ഭിത്തി അലങ്കരിക്കാം. വലിയ ചിത്രങ്ങളും ശില്‍പ്പങ്ങളും വയ്ക്കുന്നതില്‍ മടി കാണിക്കണ്ട. വൃത്തി പരമപ്രധാനം അലങ്കോലമായി കിടക്കുന്ന മുറിയ്ക്ക് ഒരിക്കലും ആഡംബരം തോന്നുകയില്ല. അതിനാല്‍, കിടപ്പുമുറിയിലെ സാധനങ്ങള്‍ വയ്ക്കുന്നതിന് മുറിയില്‍ അലമാരകളും ഡ്രോയറും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്തണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.