മിസ് ഇന്ത്യ മാനസയ്ക്ക് ഉള്‍പ്പെടെ കോവിഡ്; മിസ് വേള്‍ഡ് മല്‍സരം മൂന്നു മാസത്തേക്കു മാറ്റിവച്ചു

 മിസ് ഇന്ത്യ മാനസയ്ക്ക് ഉള്‍പ്പെടെ  കോവിഡ്;  മിസ് വേള്‍ഡ്  മല്‍സരം മൂന്നു മാസത്തേക്കു മാറ്റിവച്ചു

സാന്‍ജുവാന്‍ (പ്യൂര്‍ട്ടോറിക്കോ): ഇന്നു നടക്കേണ്ടിയിരുന്ന മിസ് വേള്‍ഡ് ഫിനാലെയില്‍ പങ്കെടുക്കേണ്ട മിസ് ഇന്ത്യ മാനസ വാരാണസി ഉള്‍പ്പെടെയുള്ള മത്സരാര്‍ഥികള്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു മത്സരം മൂന്നു മാസത്തേക്കു മാറ്റി. മത്സരാര്‍ഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റേജിലും ഡ്രസ്സിങ് റൂമുകളിലും ഉള്‍പ്പെടെ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനാല്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നു മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇസ്രയേലിലെ ഏയ്‌ലറ്റിഷയില്‍ ഒരാഴ്ച മുമ്പു നടന്ന 70 ാം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയുടെ ഹര്‍നാസ് സന്ധു 21 വര്‍ഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ചൂടിയിരുന്നു. ലോക സുന്ദരി പട്ടവും വിശ്വസുന്ദരി പട്ടവും തമ്മിലുള്ള വ്യത്യാസമെന്തെന്ന ചോദ്യം ഇതോടെ വ്യാപകമായി.ലോക സുന്ദരി-വിശ്വ സുന്ദരി മല്‍സരങ്ങള്‍ രണ്ട് വ്യത്യസ്ത ലോക സംഘടനകള്‍ നടത്തുന്നുവെന്നത് ഒഴിച്ച് വലിയ വ്യത്യാസങ്ങള്‍ ഇവ തമ്മില്‍ ഇല്ലെന്നതാണു വസ്തുത.

ലോക സുന്ദരി പട്ടം (Miss World)

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അന്താരാഷ്ട്ര സൗന്ദര്യമത്സരമാണിത്. 1951 ജൂലൈ 29-ന് ബ്രിട്ടനില്‍ എറിക് മോര്‍ലി എന്നയാളാണ് ഇതിന് തുടക്കം കുറിച്ചത്. ആദ്യകാലത്ത് ബിക്കിനി മത്സരം എന്ന പേരില്‍ അറിയപ്പെട്ടത് പിന്നീട് ലോക സുന്ദരി മത്സരമായി മാറി. എറിക മോര്‍ലിയുടെ മരണ ശേഷം ജൂലിയ മോര്‍ലി ഇതേറ്റെടുത്തു. ഇത് ലോകത്തിലെ ഏറ്റവും വലിയ മത്സരമാണ്.

സൗന്ദര്യം മാത്രമല്ല അറിവും ബുദ്ധിയുമെല്ലാം മിസ്സ് വേള്‍ട്ട് പട്ടം നേടാന്‍ വേണം. അവയെല്ലാം പരിശോധിച്ചാണ് പുരസ്‌കാരം ലഭിക്കുക. ഇന്ത്യയില്‍ നിന്നും 2017-ല്‍ മാനുഷി ചില്ലാര്‍,2000-ല്‍ പ്രിയങ്കാ ചോപ്ര, 1994-ല്‍  ഐശ്വര്യ റായി എന്നിവര്‍ ലോക സുന്ദരി പട്ടം അണിഞ്ഞു.മലയാളിയായ പാര്‍വതി ഓമനക്കുട്ടന്‍ 2008-ല്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പായിരുന്നു. 

വിശ്വ സുന്ദരി പട്ടം (Miss Universe)

അമേരിക്കന്‍ സംഘടനയായ മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനാണ് മിസ്സ് യൂണിവേഴ്‌സ് മത്സരം സംഘടിപ്പിക്കുന്നത്. 1952-ല്‍ കാറ്റലീന എന്ന സ്വിം സ്യൂട്ട് കമ്പനിയാണ് മത്സരം തുടങ്ങിയത്. സൗന്ദര്യത്തേക്കാള്‍ പ്രധാനം മത്സരാര്‍ഥിയുടെ കഴിവ് തന്നെ. ഇന്ത്യയില്‍ നിന്ന് 2000-ല്‍ ലാറ ദത്തയും, 1994-സുസ്മിതാ സെന്നും നേരത്തെ വിശ്വസുന്ദരി പട്ടം നേടിയിട്ടുണ്ട്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.