കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൗരോഹിത്യ ജൂബിലിയുടെ സുവർണ്ണ പ്രഭയിൽ : അഭിമാനത്തോടെ സീറോ മലബാർ സഭ

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൗരോഹിത്യ ജൂബിലിയുടെ സുവർണ്ണ പ്രഭയിൽ : അഭിമാനത്തോടെ സീറോ മലബാർ സഭ

മാര്‍പാപ്പയുമായി പൂര്‍ണ്ണമായും ഐക്യത്തില്‍ കഴിയുന്ന സ്വയം ഭരണാധികാരസഭയാണ് സീറോമലബാര്‍ സഭ. 23 ഈസ്റ്റേണ്‍ (ഓറിയന്റല്‍) കത്തോലിക്കാ സഭകളില്‍ ഒന്നാണിത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഈസ്റ്റേണ്‍ സഭ. ഏറ്റവും പുതിയ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ 51 ലക്ഷം സീറോ മലബാര്‍സഭാവിശ്വാസികള്‍ ലോകത്തെമ്പാടുമായി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെ ഏറ്റവും സജീവമായ സഭയും വലിയതോതില്‍ പൗരോഹിത്യത്തിലേയ്ക്കും സന്യാസത്തിലേയ്ക്കും ദൈവവിളി പ്രദാനം ചെയ്യുന്ന സഭ. മിഷനറി ദൗത്യങ്ങളില്‍ ലോകമെമ്പാടും ആഗോള കത്തോലിക്കാസഭയ്ക്ക് വലിയ പിന്തുണ ഈ സഭ പ്രദാനം ചെയ്യുന്നു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ നേതൃത്വമേറ്റെടുത്തശേഷം ഒട്ടനവധി നവീനതകള്‍ സീറോ മലബാര്‍സഭയിലുണ്ടായി.സഭയില്‍ സമാധാനവും, കൂട്ടായ്മയും സംജാതമായതാണ് ഈ കാലഘട്ടത്തിന്റെ പ്രധാന സവിശേഷത. സമന്വയത്തിന്റെ പാത വെട്ടിതുറക്കാന്‍ പിതാവിന് സാധിച്ചിട്ടുണ്ടെന്നുളളത് ക്രൈസ്തവേതര നേതാക്കള്‍ പോലും സമ്മതിക്കുന്നു. വിശ്വാസികളുടെ നിര്‍ദ്ദേശങ്ങളെ സ്വീകരിച്ച്, അംഗീകരിച്ച് എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുളള പ്രവണത വിശ്വാസികളില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. വിവിധ ക്രൈസ്തവസഭകളുമായിട്ടുളള ബന്ധങ്ങളും അടുപ്പങ്ങളും വര്‍ദ്ധിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ശ്രേഷ്ഠാചാര്യ കാലഘട്ടം സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമാണ്. ഒരു നൂറ്റാണ്ടില്‍ കൈവരിക്കാന്‍ ബുദ്ധിമുട്ടുന്ന വലിയ നേട്ടങ്ങളാണ് ചുരുങ്ങിയ കാലത്തിനിടയില്‍ (10 വര്‍ഷം) സീറോ മലബാര്‍ സഭ മാര്‍ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയത്.സീറോ മലബാര്‍ സഭയില്‍ ജനാധിപത്യ രീതിയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സഭാ തലവൻ എന്നറിയപ്പെടുന്ന മാർ ആലഞ്ചേരിയുടെ സ്വീകാര്യത അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയുടെ ഏറ്റവും വലിയ സാക്ഷ്യമാണ്.

സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ ആലഞ്ചേരി പിതാവ് നടത്തിയ ലോകമിഷന്‍ പര്യടനം മിഷനറിമാരില്‍ ധൈര്യം പകര്‍ന്നു.നിരന്തര പരിശ്രമങ്ങളും, പ്രാര്‍ത്ഥനകളും കൊണ്ടാണ് സീറോമലബാര്‍ സഭയ്ക്ക് മെല്‍ബണ്‍, കാനഡ, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ രൂപതകളും, സംവിധാനങ്ങളും ലഭ്യമായത്. എല്ലാവരേയും ഒരുമിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനമാണ് ആലഞ്ചേരി പിതാവിന്റെ ദര്‍ശനം.

കേരളത്തില്‍ മാത്രം മുഖ്യമായി ഉണ്ടായിരുന്ന സീറോ മലബാര്‍ സഭ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലും പരിശ്രമം വഴിയായും ആഗോള സഭയായി വളര്‍ന്നു. ഇന്ന് ഈ സഭക്ക് നാലു ഭൂഖണ്ഡങ്ങളില്‍ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളില്‍ മിഷനുകളും ഉണ്ട്. സീറോ മലബാര്‍ സഭയുടെ വിശ്വാസ ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ക്രൈസ്തവ ലോകത്തുനിന്നും മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി. ഇതര സഭകള്‍ക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സീറോ മലബാര്‍ സഭ നിലകൊള്ളുന്നു.

കത്തോലിക്കാ കോണ്‍ഗ്രസ്, അല്‍മായ കമ്മീഷന്‍, മാതൃവേദി തുടങ്ങിയ കൂട്ടായ്മകളെ സജീവമാക്കിയതില്‍ പിതാവിനുളള പങ്ക് നിസ്തുലമാണ്. അല്‍മായര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുളള നീക്കങ്ങള്‍ നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും അതിജീവിക്കുവാന്‍ സഭയ്ക്ക് കരുത്ത് നല്‍കി.

സാംസ്ക്കാരികാനുരൂപണത്തിന്റെ കാര്യത്തില്‍ ഭാരതദര്‍ശനങ്ങളുടെ വഴിയിലുടെയുളള സഞ്ചാരം ആലഞ്ചേരി പിതാവിനെ ഇതര മത-ജാതികള്‍ക്ക് മാതൃകാസ്ഥാനത്ത് നിര്‍ത്തുവാന്‍ പര്യാപ്തമായി. ഇന്റർ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ക്രൈസ്തവസഭകളുടെ ഐക്യം കാത്തു സൂക്ഷിക്കുന്നതില്‍ വളരെ മുന്നോട്ട് പോകാനായത് സഭകള്‍ തമ്മിലുളള സൗഹൃദം ഏറെ വര്‍ദ്ധിപ്പിക്കാനിടയായി.ഫരീദാബാദ് രൂപതാ സ്ഥാപനവും, മാണ്ഡ്യ രൂപതയുടെയും മെല്‍ബണ്‍ രൂപതയുടെയും പരിധിവര്‍ദ്ധിപ്പിച്ചതും,ഗ്രേറ്റ് ബ്രിട്ടന്‍, മിസ്സിസാഗാ (കാനഡ),ഷംഷാബാദ്,ഹൊസൂര്‍, രൂപതകള്‍,യൂറോപ്പ് അപ്പോസ്‌തോലിക വിസിറ്റേഷന്‍,ന്യൂസിലാന്‍ഡ് അപ്പോസ്‌തോലിക വിസിറ്റേഷന്‍,റോമില്‍ സീറോ മലബാര്‍ സഭക്ക് പ്രൊക്യൂറ തുടങ്ങിയവ പിതാവിന്റെ കാലത്തെ സീറോ മലബാര്‍ സഭയുടെ ചരിത്രനേട്ടങ്ങളാണ്.

തന്റെ ബോധ്യങ്ങള്‍ക്കപ്പുറം സിനഡിന്റെയും, വിശ്വാസികളുടെയും തീരുമാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവും മൂല്യവും നല്‍കിയുളള പ്രയാണം, സഭയ്ക്ക് ഏറെ നവീനമായ പദ്ധതികള്‍ നടപ്പാക്കാനുളള ധൈര്യം പകര്‍ന്നു നല്‍കി. സഭാമക്കള്‍ നയിക്കപ്പെടേണ്ടത് പ്രദേശിക ചിന്താഗതികളാലല്ല, മറിച്ച വിശ്വാസത്തിന്റെ കാഴ്ചപ്പാടുകളാലും, ഐക്യത്തിനു വേണ്ടിയുളള ദാഹത്താലുമായിരിക്കണമെന്ന് പറയാനുളള ആര്‍ജ്ജവവും ഹൃദയവിശാലതയും മാര്‍ ആലഞ്ചേരി കാണിച്ചു.സത്യസന്ധമായി സഭാ ചരിത്രത്തെ വിലയിരുത്തി മുന്‍പോട്ടുകൊണ്ടുപോകുവാന്‍ സീറോ മലബാര്‍ സഭയെ പ്രാപ്തമാക്കിയത് ആലഞ്ചേരി പിതാവിന്റെ നിരന്ത ഇടപെടലുകളാണ്.

ജനങ്ങളോട് ഇടപെടുന്ന ശൈലിയില്‍ സൗഹൃദവും അടുപ്പവും വഴി അന്യമതസ്ഥരുടെ പോലും അംഗീകാരവും ആദരവും ബഹുമാനവും പിതാവ് നേടി. അതുവഴി സഭയെക്കുറിച്ച് ഒരു പോസിറ്റീവ് സമീപനം അവരുടെ ഭാഗത്തുനിന്നും ഉളവായി. സ്വന്തം, ജീവിതത്തിലൂടെ ക്രിസ്തുവിന്റെ ലാളിത്യം മുഖ മുദ്രയാക്കാന്‍ മാര്‍ ആലഞ്ചേരി പരിശ്രമിക്കുന്നു. സാധാരണക്കാരനെപ്പോലെ എപ്പോഴും സമൂഹത്തിന് പ്രാപ്യനായി. ആഘോഷങ്ങളേയും ധൂര്‍ത്തിനെയും ആഡംബരങ്ങളേയും ഒഴിവാക്കിക്കൊണ്ടുളള എളിമയുടെ ജീവിതം ഇന്നത്തെ സമൂഹത്തിനുളള പാഠമാണ്.

സ്വതന്ത്രചിന്തയെ അവഗണിക്കാതെ എല്ലാവരേയും മനസ്സിലാക്കാനുളള ഹൃദയം കൊണ്ടും, ജീവിതസാക്ഷ്യം കൊണ്ടും, ശുശ്രൂഷ കൊണ്ടുമാണ് മിശിഹായെ മുന്നോട്ട് വയ്ക്കേണ്ടതെന്ന് പിതാവ് തെളിയിച്ചു. നീതി ബോധം, ധാര്‍മ്മികമായ അഭിപ്രായങ്ങള്‍, സത്യസന്ധത, ലാളിത്യം, വിനയം എന്നിങ്ങനെയുളള മൂല്യസംഹിതകളില്‍ ചിട്ടപ്പെടുത്തിയ ജീവിതം കൊണ്ട് ജീവിതവിശുദ്ധി കൈവരിയ്ക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ്വം മെത്രാന്‍മാരില്‍ ഒരാളാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.

സംഭാഷണങ്ങളിലെ മധുരമായ നര്‍മ്മം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഒരു വര്‍ണ്ണക്കൂട്ടാണ്. വേഗത്തില്‍ നടന്ന്, തോളത്തുതട്ടി, കുശലാന്വേഷണം നടത്തി ജനക്കുട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ആരെയും അവഗണിക്കാതിരിക്കാനുളള കരുതലും കാണിക്കുന്നു. സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തീണ്ടാറില്ല; നിക്ഷിപ്ത താല്‍പര്യങ്ങളില്ലാതെ സഭയുടേയും വിശ്വാസികളുടെ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ നയിക്കുന്നത്.സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സഭാതലവനായ പിതാവിനോടുള്ള സ്‌നേഹവും താല്പര്യവും അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി തന്നെയാണ്.

ഭൗതിക ലോകത്തിന്റെയും അധികാരത്തിന്റെയും ഭാവങ്ങള്‍ ഒരിക്കലും കാണിക്കാത്ത ഋഷിതുല്യമായ മുഖഭാവവും, പൗരസ്ത്യദേശങ്ങളിലെ വിശുദ്ധരുടെ ശരീരഭാഷയും ശക്തമായ നേതൃത്വവും സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊളളുന്ന ഹൃദയവും കൊണ്ട് സീറോ മലബാര്‍ സഭയെ അതിന്റെ സുവര്‍ണ്ണകാലഘട്ടത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ഇടയശ്രേശഷ്ഠനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സഹനത്തിന്റെ തീച്ചൂളയിൽ കൂടി കടന്നു പോകുമ്പോഴും ആരെയും കുറ്റപ്പെടുത്താനോ പരിഭവിക്കാനോ തയ്യാറാകാത്ത യഥാർഥ സഹനദാസനാണ് അദ്ദേഹം. അനേകർക്ക്‌ മാതൃകയും ഉത്തേജനവുമായി മാർ ആലഞ്ചേരി എന്ന മാർഗ്ഗദീപം ഉജ്ജ്വല പ്രഭ ചൊരിയട്ടെ എന്ന് ആശംസിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.