കുവൈറ്റ് സിറ്റി : ദുരിതക്കയത്തിൽ വലയുന്നവരുടെ ജീവിതത്തിൽ മാലാഖമാരെപ്പോലെ കടന്നുവന്ന് നന്മ ചെയ്യുകയും ഒരു പ്രതിഫലത്തിനും കാത്ത് നിൽക്കാതെ ആൾക്കൂട്ടത്തിൽ നടന്നു മറയുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരെ പരിചയപ്പെടുത്തുന്ന "ഞാൻ കണ്ട മാലാഖ" (the Angel I Met) എന്ന റിയാലിറ്റി ഷോ ശ്രദ്ധേയമാകുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്യുവാനുള്ള പ്രചോദനമായി ഏതാനും മാതൃകകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്എംസിഎ കുവൈറ്റിന്റെ സോഷ്യൽ വെൽഫെയർ കമ്മിറ്റി ഈ റിയാലിറ്റി ഷോ അണിയിച്ചൊരുക്കുന്നത്.
സാധാരണ റിയാലിറ്റി ഷോ കളിൽ നിന്നും വ്യത്യസ്തമായി ഇതൊരു മത്സരമല്ല എന്നത് എടുത്ത് പറയേണ്ടതാണ്. യഥാർത്ഥ ജീവിത സംഭവങ്ങളെ വാക്കുകളിലൂടെ വരച്ചുകാണിക്കുന്ന ഈ പരിപാടിയിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ബാബുജി ബത്തേരിയാണ് മുഖ്യ പാനൽ അംഗം. എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, സോഷ്യൽ കൺവീനർ സന്തോഷ് ചക്യത് എന്നിവരും പങ്കെടുക്കുന്നു.
പിതാവിന്റെ മരണവും അമ്മയുടെ രോഗവും മൂലം കുവൈറ്റിൽ ഒറ്റപ്പെട്ടു പോയ രണ്ടു പിഞ്ചു കുട്ടികൾക്ക് അഭയമായി മാറിയ ഒരു മാലാഖയെയാണ് ആദ്യ എപ്പിസോഡിൽ പരിചയപ്പെടുത്തിയത്. സംഭവത്തിന്റെ ഗൗരവം ചോർന്നു പോകാതെയും അസത്യത്തിന്റെയോ ഭാവനയുടെയോ കൈ കടത്തലുകൾ കൊണ്ട് നാടകവത്കരിക്കാതെയും നന്മയുടെ പൊൻവെട്ടം തെളിയിക്കുവാൻ റിയാലിറ്റി ഷോയുടെ പിന്നണി പ്രവർത്തകർക്ക് സാധിച്ചു. ദി റിയൽ റിയാലിറ്റി ഷോ എന്ന ടാഗ് ലൈനിനു ചേർന്ന അവതരണ ശൈലി പുലർത്തുന്നതിൽ അവതാരകർ ശ്രദ്ധവച്ചു.
തുടർന്നുള്ള ഏതാനും എപ്പിസോഡുകളിലായി നന്മയുടെയും സ്‌നേഹത്തിന്റെയും അസാധാരണ സംഭവങ്ങളെ ഈ റിയാലിറ്റി ഷോയിലൂടെ അവതരിപ്പിക്കുന്നതായിരിക്കും എന്ന് എസ്എംസിഎ ഭാരവാഹികൾ അറിയിച്ചു. അവസാന എപ്പിസോഡിൽ ആയിരിക്കും അതുവരെ കണ്ടെത്തിയ എല്ലാ മാലാഖമാരെയും വേദിയിൽ എത്തിക്കുന്നത്. എസ്എംസിഎ ട്രഷറർ സാലു പീറ്റർ ചിറയത് അവസാന എപ്പിസോഡിനു നേതൃത്വം നൽകും.
രണ്ടാഴ്ചയിലൊരിക്കൽ എന്ന ക്രമത്തിലാണ് എപ്പിസോഡുകൾ റിലീസ് ചെയ്യുക. എസ്എംസിഎ യുടെ ഒഫീഷ്യൽ യൂട്യൂബ് പേജിലും ഫേസ് ബുക്ക് പേജിലും എപ്പിസോഡുകൾ ലഭ്യമാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾ ആഘോഷമാക്കുന്ന സംസ്കാരത്തിന് പകരം നന്മകളെ ആഘോഷമാക്കുന്ന ഇത്തരം റിയാലിറ്റി ഷോ കാണുന്നതിനും, നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണമെന്ന് എസ്എംസിഎ ഒഫീഷ്യറ്റിംഗ് ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് ആഹ്വാനം ചെയ്തു. കുവൈറ്റിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ യുണൈറ്റഡ് ലോജിസ്റ്റിക് ഗ്രൂപ്പാണ് ഈ റിയാലിറ്റി ഷോ സ്പോൺസർ ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.