ഡാളസ്:അമേരിക്ക നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവത്തിന്റെ സഹായം ആവശ്യമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നോര്‍ത്ത് ടെക്സസിലെ ഏറ്റവും വലിയ സതേണ്‍ ബാപ്റ്റിസ്റ്റ് ദേവാലയങ്ങളിലൊന്നായ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ഡാളസില്‍ ക്രിസ്മസ് സന്ദേശം നല്‍കവേയാണ് അദ്ദേഹം രാജ്യത്തിന്റെ രക്ഷ മനുഷ്യരെക്കൊണ്ടു മാത്രം സാധ്യമാകില്ലെന്ന് അഭിപ്രായപ്പെട്ടത്.
മുന്‍ പ്രസിഡന്റ് 10 മിനിറ്റോളമാണ് സംസാരിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, കുടിയേറ്റം, അതിര്‍ത്തി തുടങ്ങിയ വിഷയങ്ങളും വിലക്കയറ്റവും അദ്ദേഹം പരാമര്‍ശിച്ചു.ട്രംപ് സുഹൃത്തും സീനിയര്‍ പാസ്റ്ററുമായ ഡോ. റോബര്‍ട്ട് ജെഫ്രസിനൊപ്പം വിശിഷ്ടാതിഥിയായി എത്തിയപ്പോള്‍ ഹര്‍ഷാരവവമുയര്‍ന്നു.
'നമ്മുടെ രാജ്യം വലിയ കുഴപ്പത്തിലാണെന്ന് ഞാന്‍ കരുതുന്നു,' ട്രംപ് പറഞ്ഞു. 'നമ്മുടെ രാജ്യത്തിനു മേല്‍ ധാരാളം ഇരുണ്ട മേഘങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നമ്മള്‍ എന്നത്തേക്കാളും മികച്ച തോതില്‍ ശക്തമായി തിരിച്ചുവരും. അക്കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു. '
'നമ്മുടെ രാജ്യത്തിന് ഇപ്പോള്‍ രക്ഷകനെ ആവശ്യമുണ്ട്...രാജ്യത്തിന് ഒരു രക്ഷകനുണ്ട്. പക്ഷേ, അത് ഞാനല്ല. അത് എന്നെക്കാള്‍ വളരെ ഉയര്‍ന്ന ഒരാളാണ്. ഏറെ ഉന്നതങ്ങളിലുള്ളയാള്‍'. ഇങ്ങനെ പറഞ്ഞാണ് ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ട്രംപ് പ്രസംഗം അവസാനിപ്പിച്ചത്: 'നമുക്കു പ്രധാനം അമേരിക്കയാണ്. അമേരിക്കയെ വീണ്ടും മികച്ചതാക്കേണ്ടതുണ്ട്. നാം അത് ചെയ്യും. എല്ലാവര്‍ക്കും വളരെ നന്ദി.''
ട്രംപിന്റെ സന്ദേശം രാഷ്ട്രീയമുള്ളതായിരുന്നെന്ന അഭിപ്രായം ഡോ. റോബര്‍ട്ട് ജെഫ്രസിനില്ല. 'പ്രസിഡന്റ് രാഷ്ട്രീയമായി എന്തെങ്കിലും പറഞ്ഞതായി ഞാന്‍ കരുതുന്നില്ല. താന്‍ പിന്തുണയ്ക്കുന്നതോ എതിര്‍ക്കുന്നതോ ആയ സ്ഥാനാര്‍ത്ഥികളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.' ഏകദേശം 4,000 ഇടവകക്കാര്‍ അടങ്ങിയതായിരുന്നു സദസ്.
ക്രിസ്മസ് സന്ദേശം നല്‍കിയശേഷം മുന്‍ പ്രസിഡന്റ് അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലേക്ക് പോയി. അവിടെ ബില്‍ ഒറെയ്ലി ആതിഥേയത്വം വഹിച്ച, അദ്ദേഹത്തിന്റെ ഭരണകൂട ചരിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് 'ഹിസ്റ്ററി ടൂര്‍' എന്ന തലക്കെട്ട് ഔപചാരികമായി പ്രഖ്യാപിച്ചു.ഭാവി രാഷ്ട്രീയ പദ്ധതികളെക്കുറിച്ചുള്ള സൂചനകളൊന്നും രണ്ടിടത്തും ട്രംപ് നല്‍കിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.