ന്യുഡല്‍ഹി: വനിതകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടു വരാന്‍ ഒരുങ്ങി ബിജെപി. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികളും വനിതാ സംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. വിചാരിച്ച സ്വീകാര്യത ബില്ലിന് കിട്ടാത്ത സാഹചര്യത്തിലാണ് ബില്‍ അവതരണം നീട്ടിവയ്ക്കാന്‍ ബിജെപി ആലോചിക്കുന്നത്.
നാളെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് വിഷയം സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാനായിരുന്നു നേരത്തെ ബിജെപിയുടെ തീരുമാനം. എന്നാല്‍ ഇന്ന് ബില്‍ അവതരിപ്പിക്കുന്നില്ലെങ്കില്‍ സമ്മേളനം വെട്ടിച്ചുരുക്കി പാര്‍ലമെന്റ് ഇന്നോ നാളെയോ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് സാധ്യത. ബില്ല നാളെ കൊണ്ടു വരുന്നതില്‍ ചില രാഷ്ട്രീയപാര്‍ട്ടികളുമായി ബിജെപി അനൗദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. വിവാഹ പ്രായം ഉയര്‍ത്തുന്നതിനോട് യോജിക്കുന്ന രാഷ്ട്രീയ കക്ഷികളുമായിട്ടാണ് ചര്‍ച്ച നടക്കുക.
അതേസമയം രാജ്യസഭയില്‍ ഹാജരാവാന്‍ കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പു നല്‍കി. വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് വരുന്ന സാഹചര്യത്തിലാണിത്. വിവാഹ പ്രായം ഉയര്‍ത്താനുള്ള ബില്ലില്‍ കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണു ഗോപാല്‍ ബില്ലിനെ ഗൂഢ ഉദ്ദേശ്യമുള്ള ബില്ലെന്ന് വിശേഷിപ്പിച്ചപ്പോള്‍ ബില്ലിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് പി.ചിദംബരം സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.