ജര്‍മ്മനിക്കു വേണം ജൈവ പൈനാപ്പിള്‍; 40 മെട്രിക് ടണ്‍ കയറ്റുമതിയിലൂടെ പുതിയ പാത തുറന്ന് ത്രിപുര

 ജര്‍മ്മനിക്കു വേണം ജൈവ പൈനാപ്പിള്‍; 40 മെട്രിക് ടണ്‍ കയറ്റുമതിയിലൂടെ പുതിയ പാത തുറന്ന് ത്രിപുര



അഗര്‍ത്തല /ഹാംബര്‍ഗ് : പൈനാപ്പിളിനോടു ജര്‍മ്മനിക്കുള്ള കൊതി തിരിച്ചറിഞ്ഞ് ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ത്രിപുര. ചരിത്രത്തില്‍ ആദ്യമായി ത്രിപുരയില്‍ നിന്നുളള ജൈവ പൈനാപ്പിള്‍ ജലപാതകളിലൂടെ ജര്‍മ്മനിയിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി.

40 മെട്രിക് ടണ്‍ സംസ്‌കരിച്ച പൈനാപ്പിള്‍ അടങ്ങിയ ചരക്ക് ജര്‍മ്മനിയിലെ ഹാംബര്‍ഗിലേക്ക് കൊണ്ടുപോകുന്ന പദ്ധതിക്ക് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തുടക്കമിട്ടു. ത്രിപുരയിലെ ഉനോകോട്ടി ജില്ലയിലെ കുമാര്‍ഘട്ടില്‍ സ്ഥിതി ചെയ്യുന്ന വ്യവസായ വികസനകേന്ദ്രത്തില്‍ നിന്നാണ് പൈനാപ്പിള്‍ ഹാംബര്‍ഗിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ഡാര്‍ലോംഗ് സമൂഹത്തിലെ ഡാര്‍ചായി, നല്‍കത ഗ്രാമങ്ങളിലെ പൈനാപ്പിള്‍ കര്‍ഷകരെ ബിപ്ലബ് ദേബ് അഭിനന്ദിച്ചു.നിരന്തരം അവഗണിക്കപ്പെട്ടിരുന്ന ഡാര്‍ലോംഗ് സമൂഹത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവരുടെ സ്വാശ്രയ സംരംഭത്തില്‍ പ്രോത്സാഹനം നല്‍കി വരുന്നു. പൈനാപ്പിള്‍, ചക്ക, ലിച്ചി, ഓറഞ്ച്, നാരങ്ങ, നാരങ്ങ, കശുവണ്ടിപ്പരിപ്പ്, തേങ്ങ എന്നിവ ധാരാളമായി കാണപ്പെടുന്ന നാടാണ് ത്രിപുര. രാസവളങ്ങളോ രാസവസ്തുക്കളോ ഉപയോഗിക്കാതെ ജൈവാധിഷ്ഠിതമായാണ് പഴങ്ങള്‍ കൃഷി ചെയ്യുന്നത്.കിലോയ്ക്ക് 2 രൂപയായിരുന്ന പൈനാപ്പിള്‍ വില 20 രൂപ വരെയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കുമാര്‍ഘട്ടില്‍ സംഘടിപ്പിച്ച ഫ്ളാഗ് ഓഫ് ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ സ്വാശ്രയബോധം തീവ്രമാണ്. സ്ത്രീകളും പുരുഷന്മാരും സംസ്ഥാനത്തുടനീളമുള്ള ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. ഇത് സംസ്ഥാനത്തിന്റെ വളര്‍ച്ച ശരിയായ പാതയിലാണെന്ന് സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരമ്പരാഗത വിളവുകള്‍ കൂടാതെ, വൈവിധ്യമാര്‍ന്ന പഴങ്ങളുടെയും വിളകളുടെയും ഉത്പാദനം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.