ജനീവ: യുക്രെയിന്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നിര്‍ണ്ണായകമായ യു എസ്- റഷ്യ ചര്‍ച്ചയ്ക്കു ജനീവയില്‍ കളമൊരുങ്ങുന്നു. ലോക സമാധാനത്തിനു ഭീഷണി ഉയര്‍ത്തി യുക്രെയിനുമായുള്ള അതിര്‍ത്തിയില്‍ കനത്ത സൈനിക വിന്യാസം നടത്തുന്നതിനിടെയും
ജനീവയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്ന് റഷ്യ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രസ്താവിച്ചത് ക്രിസ്മസ് വേളയില്‍ പുതിയ പ്രതീക്ഷയുണര്‍ത്തുന്നുവെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ജനുവരിയില്‍ ചര്‍ച്ച നടക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ബിബിസിയോടു സ്ഥിരീകരിച്ചു.
അതേസമയം, റഷ്യയുടെ നിലപാടുകളില്‍ വലിയ അയവു പ്രതീക്ഷിക്കേണ്ടെന്ന സൂചനയും പുടിന്‍ നല്‍കുന്നുണ്ട്. പ്രതിസന്ധി ലഘൂകരിക്കാന്‍ യുക്രെയിന്‍ വിഷയത്തില്‍ ഉടനടി ചില ഉറപ്പുകള്‍ നല്‍കേണ്ടിവരുമെന്ന് റഷ്യന്‍ നേതാവ് പറയുന്നു.'പന്ത് അവരുടെ കോര്‍ട്ടിലാണ്, അവര്‍ ഞങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കണം,' പുടിന്‍ വാര്‍ഷിക പത്രസമ്മേളനത്തില്‍ അറിയിച്ചു. യുക്രെയിനെ റഷ്യ ആക്രമിക്കുമെന്ന അഭ്യൂഹം അദ്ദേഹം തള്ളി.'സൈനിക നടപടികള്‍ എന്റെ ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പല്ല'.
നാറ്റോ സഖ്യത്തിന്റെ ഭാഗമാകാന്‍ യുക്രെയ്ന്‍ ഒരുങ്ങുന്നതാണു റഷ്യയെ പ്രകോപിപ്പിക്കുന്നത്. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ വേര്‍പിരിഞ്ഞതാണു യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമായ യുക്രെയ്ന്‍. എന്നാല്‍ യുക്രയ്‌ന്റെ നയതന്ത്രബന്ധങ്ങളില്‍ ഇടപെടലുകള്‍ റഷ്യ തുടര്‍ന്നു പോന്നു. നാറ്റോ സഖ്യത്തില്‍ യുക്രെയ്ന്‍ ചേരുന്നത് റഷ്യ ആഗ്രഹിക്കുന്നില്ല. അടുത്തിടെ ഇതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായത് റഷ്യയെ നന്നായി ചൊടിപ്പിച്ചിരുന്നു.
സൈനികമായി റഷ്യ യുക്രെയ്‌നേക്കാള്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു.യുക്രെയ്‌ന്റെ നാലിരട്ടി വലുപ്പമുള്ള സൈന്യമുണ്ട് റഷ്യയ്ക്ക്. കൂടാതെ യുക്രെയ്‌ന്റെ അതിര്‍ത്തി രാജ്യമായ ബെലാറസ് റഷ്യയുടെ സഖ്യരാജ്യമാണ്. ക്രിമിയ കൈയിലായത് നാവികമായ മുന്‍തൂക്കവും അവര്‍ക്കേകുന്നു. ഇതോടൊപ്പം കിഴക്കന്‍ യുക്രെയ്ന്‍ മേഖലയായ ഡോണ്‍ബാസ് വിഘടനവാദ പോരാട്ടത്തിലുമാണ്. വിഘടനവാദി സംഘടനകളായ ഡോണെസ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്, ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക് എന്നിവര്‍ക്ക് ശക്തമായ റഷ്യന്‍ പിന്തുണയുമുണ്ട്. മിസൈല്‍ പോലെയുള്ള ആധുനിക ആയുധങ്ങളുടെ കാര്യത്തില്‍ റഷ്യയുടെ അടുത്തെങ്ങുമെത്തില്ല യുക്രെയ്‌ന്റെ കരുത്ത്.
ലക്ഷത്തിലധികം സൈനികരെ തങ്ങളുടെ അതിര്‍ത്തികളിലേക്ക് റഷ്യ അയച്ചിട്ടുണ്ടെന്ന് യുക്രെയിന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു, യുക്രെയ്ന്‍ ആക്രമണത്തിനിരയായാല്‍ 'ഇതുവരെ കണ്ടിട്ടില്ലാത്തതുപോലത്തെ' ഉപരോധം റഷ്യക്കു നേരിടേണ്ടിവരുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. അതേസമയം, നാറ്റോ കിഴക്കന്‍ യൂറോപ്പിലെ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കണമെന്നും യുക്രെയിനെ അംഗമായി അംഗീകരിക്കരുതെന്നുമുള്ള റഷ്യന്‍ പ്രസിഡന്റിന്റെ പ്രധാന ആവശ്യങ്ങളോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.
നയതന്ത്ര ചര്‍ച്ചകളില്‍ അന്തിമ ധാരണയൊന്നും ഉണ്ടായിട്ടില്ലെങ്കിലും അനുകൂല തീരുമാനങ്ങള്‍ക്കായി യു.എസ് പ്രവര്‍ത്തിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ജനുവരിയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോസ്‌കോ സൂചന നല്‍കിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ആക്രമണമുണ്ടായാല്‍ റഷ്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ഉപരോധങ്ങള്‍ അവര്‍ക്കു നേരിടേണ്ടിവരും - യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ യൂറോപ്യന്‍ രാജ്യവും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുമായ യുക്രെയിനില്‍ അധിനിവേശം നടത്താന്‍ റഷ്യ ശ്രമിക്കുന്നത് മൂന്നാം ലോകയുദ്ധത്തിലേക്കു നയിക്കുമെന്ന് യുക്രെയ്ന്‍ മന്ത്രിയും മുന്‍ ചാരസംഘടനാ ഉന്നത ഉദ്യോഗസ്ഥയുമായ യൂലിയ ലാപുടിന ഈയിടെ പറഞ്ഞിരുന്നു. യുക്രെയ്ന്‍ വിഷയം കിഴക്കന്‍ യൂറോപ്പിനെയാകെ അശാന്തിയിലാഴ്ത്തിയിരിക്കുകയാണ്.യുക്രെയ്‌നെ ഏതുനിമിഷവും ആക്രമിക്കും എന്ന നിലയ്ക്കാണു റഷ്യ അതിര്‍ത്തിയില്‍ സേനാവിന്യാസം കൂട്ടുന്നത്. സംഭവം യൂറോപ്പിലാകെ ചലനമുണ്ടാക്കുമെന്നും പ്രത്യേകിച്ച ബാല്‍ക്കന്‍ മേഖലയില്‍ ഇതിന്റെ അലയൊലികള്‍ രൂക്ഷമാകുമെന്നും മുന്നറിയിപ്പുകളുണ്ട്.
യുദ്ധമേഖങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ് റഷ്യ, യുക്രെയ്ന്‍ അതിര്‍ത്തിയില്‍. ഒരു ലക്ഷത്തോളം സേനാവിഭാഗങ്ങളെയാണു അതിര്‍ത്തിയിലേക്കു റഷ്യ നീക്കിയിരിക്കുന്നതെന്ന് യുക്രെയ്ന്‍ ആരോപിക്കുന്നു. എസ് 400 ഉള്‍പ്പെടെ മിസൈല്‍ വേധ സംവിധാനങ്ങളും ടാങ്കുകളും വിമാനവേധ സംവിധാനങ്ങളുമൊക്കെ ഇവിടെ ഇടം പിടിച്ചിട്ടുണ്ട്. ഏതു നിമിഷവും അതിര്‍ത്തി കടന്നുകയറാന്‍ തയാറായാണ് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.
2014ല്‍ സമാനമായ സംഭവങ്ങളാണ് ക്രിമിയന്‍ പ്രതിസന്ധിയിലേക്കു നയിച്ചത്. യുക്രെയ്‌ന്റെ അന്നത്തെ റഷ്യന്‍ അനുകൂല പ്രസിഡന്റായിരുന്ന വിക്ടര്‍ യാനുകോവിച്ച് യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ജനാഭിലാഷം മാനിക്കാതെ റഷ്യ നയിക്കുന്ന യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനില്‍ ചേരാന്‍ തീരുമാനമെടുത്തു. ഇതു വലിയ ജനകീയ പ്രക്ഷോഭത്തിനു കാരണമായി. യൂറോ മൈദാന്‍ പ്രക്ഷോഭം എന്നറിയപ്പെട്ട ഈ പ്രക്ഷോഭം യാനുകോവിച്ചിന്റെ രാജിയിലേക്കു നയിച്ചു. എന്നാല്‍ ഇതിനോട് സൈനികമായാണു റഷ്യ പ്രതികരിച്ചത്.
അന്ന് യുക്രൈന്റെ ഭാഗമായ ക്രിമിയയിലേക്കു കടന്നു കയറിയ റഷ്യന്‍ സേന പ്രദേശം റഷ്യയിലേക്കു കൂട്ടിച്ചേര്‍ത്തു. ഇത് സൈനികവും ആത്മവിശ്വാസപരവുമായ ഗുണം റഷ്യയ്ക്കു നല്‍കുകയും നേതാവെന്ന നിലയില്‍ അനിഷേധ്യനായുള്ള പുടിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമാകുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യം അധിനിവേശത്തിലൂടെ മറ്റൊരു യൂറോപ്യന്‍ രാജ്യത്തിന്റെ സ്ഥലം പിടിച്ചെടുക്കുന്നത്.
എന്നാല്‍ യുഎസും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെയുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും റഷ്യയ്ക്കുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോഴും യൂറോപ്യന്‍ യൂണിയന്‍, ജി7 എന്നിവര്‍ ശക്തമായ ഭാഷയില്‍ റഷ്യയ്ക്കു താക്കീതു നല്‍കിയിട്ടുണ്ട്. റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്ന പക്ഷം നികത്താനാവാത്ത നഷ്ടങ്ങളും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന് ഇരുവരും അറിയിച്ചു കഴിഞ്ഞു. ഇതാണ് മൂന്നാം ലോകയുദ്ധത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.