ന്യൂഡല്‍ഹി: ആഗോള തലത്തില്‍ വായു മലിനീകരണത്താല്‍ ഉണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 17 ലക്ഷത്തില്‍ അധികം മരണങ്ങളാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ലോബല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2010 ന് ശേഷം ഇത്തരം മരണങ്ങളുടെ തോത് 38 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 1.72 ദശലക്ഷം മരണങ്ങള്‍ പ്രതിവര്‍ഷം വിവിധ തരത്തിലുള്ള വായു മലിനീകരണങ്ങളെ തുടര്‍ന്ന് ഉണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ പ്രതിവര്‍ഷം 2.5 ദശലക്ഷം മരണങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.
ഇന്ത്യയിലെ വായു മലിനീകരണ മരണങ്ങളില്‍ 44 ശതമാനവും (752000) ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. ഇതില്‍ കല്‍ക്കരി, ദ്രാവക വാതകം എന്നിവയുടെ ഉപയോഗം പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നുണ്ട്. കല്‍ക്കരി മാത്രം 394000 മരണങ്ങള്‍ക്ക് കാരണമാകുന്നു. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ഉപയോഗമാണ് ഇതിലെ 298000 മരണങ്ങള്‍ക്ക് കാരണം. റോഡ് ഗതാഗതത്തിന് പെട്രോള്‍ ഉപയോഗിക്കുന്നത് 269000 മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രാജ്യത്ത് കാട്ടു തീ ഉണ്ടാക്കിയ മലിനീകരണം പ്രതിവര്‍ഷം ശരാശരി 10200 മരണങ്ങള്‍ക്ക് കാരണമായെന്നാണ് മറ്റൊരു കണ്ടെത്തല്‍. കാട്ടുതീ ഉണ്ടാക്കിയ പുക 2003 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 28 ശതമാനം വര്‍ധിച്ചു.
ഇന്ത്യന്‍ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാര്‍ഹിക വായു മലിനീകരണം മൂലം 100000 ആളുകളില്‍ ശരാശരി 113 മരണങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. 2022 ലെ കണക്കുകളാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ആണ് ഇത്തരം മരണ നിരക്ക് കൂടുതല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.