ലാഹോർ: 24 വർഷത്തെ ജയിൽ വാസത്തിന് ശേഷം 72 വയസുള്ള പാകിസ്ഥാൻ ക്രിസ്ത്യാനിയായ അൻവർ കെനത്ത് ഒടുവിൽ സ്വതന്ത്രനായി. തന്റെ ക്രൈസ്തവ വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് ഒരു മുസ്ലീം മതപണ്ഡിതനു കത്തെഴുതിയതിനാണ് മതനിന്ദാരോപണം നേരിട്ടത്.
2001 സെപ്റ്റംബർ 14 നാണ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കെനത്തിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് 2002 ജൂലൈ 18 ന് ലാഹോറിലെ കോടതി പാകിസ്ഥാൻ പീനൽ കോഡിലെ 295 സി വകുപ്പ് പ്രകാരം ഇസ്ലാമിന്റെ പ്രവാചകനെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റത്തിന് കെനത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. അന്ന് കോടതിയും അദേഹത്തിന് വധശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
2014 ജൂൺ 30 ന് ലാഹോർ ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചുവെങ്കിലും വിധി നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ വർഷം ക്രിസ്റ്റ്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ എന്ന സംഘടനയുടെ നിയമസംഘം അഭിഭാഷകൻ റാണ അബ്ദുൽ ഹമീദ് ഖാന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ സുപ്രീം കോടതിയിൽ കെനത്തിനു വേണ്ടി അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി 2024 ജൂൺ 25 ന് കെനത്തിന്റെ വധശിക്ഷ റദ്ദാക്കി.
അതിനൊടുവിൽ 2025 ഒക്ടോബർ 21 ന് ഫൈസലാബാദ് സെൻട്രൽ ജയിലിൽ നിന്ന് അൻവർ കെനത്ത് മോചിതനായി. “പാകിസ്ഥാന്റെ നിയമ ചരിത്രത്തിലെ ഏറ്റവും വലിയ കേസ്” എന്നാണ് കെനത്തിന്റെ അഭിഭാഷകൻ ഈ കേസിനെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഈ കേസിൽ ഗൗരവമായ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. കെനത്ത് അറസ്റ്റിലാകുമ്പോൾ തന്നെ അദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
“അൻവർ കെനത്ത് ഒരു ദൈവദൂഷണവുമൊന്നും നടത്തിയിട്ടില്ല. അദേഹം നിരപരാധിയാണ്,” എന്ന് അഭിഭാഷകൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഭീഷണികളും സമ്മർദങ്ങളും കാരണം, അദ്ദേഹത്തിന്റെ കേസ് ഏറ്റെടുക്കാൻ ആരും തയാറായിരുന്നില്ലെന്നും, തനിക്കെതിരെയും ഭീഷണികൾ ഉണ്ടായിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
1987 ൽ മതനിന്ദാ നിയമം പാകിസ്ഥാനിൽ പ്രാബല്യത്തിൽ വന്നതിനു ശേഷം, ഏകദേശം 2,000 പേർക്ക് ഈ നിയമ പ്രകാരം കേസുകൾ ചുമത്തിയിട്ടുണ്ട്. അതിൽ 86 പേർ നിയമത്തിന് പുറത്തു കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. മതന്യൂനപക്ഷങ്ങളും താഴ്ന്ന സാമൂഹിക പദവിയിലുള്ളവരുമാണ് ഇതിന്റെ ദുരുപയോഗത്തിന് ഇരയാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.