പെര്‍ത്തില്‍ ആറു പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

പെര്‍ത്തില്‍ ആറു പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ ആറു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കഴിഞ്ഞ ഞായറാഴ്ച നോര്‍ത്ത്ബ്രിഡ്ജിലെ പെര്‍ത്ത് മെസ് ഹാളില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ആറു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ക്വീന്‍സ് ലന്‍ഡില്‍നിന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ എത്തിയ വൈറസ് ബാധതനായ ഫ്രഞ്ച് യാത്രക്കാരനില്‍നിന്നാണ് രോഗം പകര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെര്‍ത്ത് നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഹാളില്‍ നടന്ന പാര്‍ട്ടിയില്‍ 25 വയസുകാരനായ യുവാവ് പങ്കെടുത്തത്. തുടര്‍ന്ന് നിശാക്ലബ്ബുകളും സന്ദര്‍ശിച്ചു. അന്നു വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെ നടന്ന പാര്‍ട്ടിയില്‍ 400 പേരോളം പങ്കെടുത്തു. ഈ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പെര്‍ത്തില്‍ കഴിഞ്ഞ 10 മാസമായി പ്രാദേശികമായി ഒരു കോവിഡ് കേസ് പോലും ഉണ്ടായിരുന്നില്ല.

പബ്ബുകള്‍, റസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സീറ്റ് അനുസരിച്ചു മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഇന്നു വൈകിട്ട് ആറു മണിയോടെ ഈ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു.

പാര്‍ട്ടിയില്‍ പങ്കെടുത്ത 400 പേരും ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും ജനുവരി മൂന്നു വരെ 14 ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയുകയും വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതായി പ്രീമിയര്‍ മാര്‍ക്ക് മക്ഗോവന്‍ പ്രഖ്യാപിച്ചിരുന്നു. ജോലി സ്ഥലം, ഷോപ്പിംഗ് സെന്ററുകള്‍, ഹോസ്പിറ്റാലിറ്റി വേദികള്‍, പൊതുഗതാഗതം എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഡിസംബര്‍ 28 രാവിലെ 6 മണി വരെയാണ് നിയമം നിലനില്‍ക്കുന്നത്. ഇന്‍ഡോര്‍ പരിപാടികള്‍ അനുവദനീയമാണ്. വിവാഹങ്ങള്‍ ഒഴികെ മറ്റു പരിപാടികളില്‍ നൃത്തം നിരോധിച്ചു.

പടിഞ്ഞാറന്‍ ഓസ്ട്രേലിയക്കാര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ സാധിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മക്ഗോവന്‍ കൂട്ടിച്ചേര്‍ത്തു.
.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26