റെയില്‍ പാളത്തിലും റോഡിലും ഓടിക്കാം; ജപ്പാനില്‍ ലോകത്തെ ആദ്യ ഡ്യുവല്‍-മോഡ് വാഹനം സര്‍വീസ് ആരംഭിച്ചു

റെയില്‍ പാളത്തിലും റോഡിലും ഓടിക്കാം; ജപ്പാനില്‍ ലോകത്തെ ആദ്യ ഡ്യുവല്‍-മോഡ് വാഹനം സര്‍വീസ് ആരംഭിച്ചു

ടോക്യോ: റോഡിലും റെയില്‍ പാളത്തിലും ഒരുപോലെ ഓടിക്കാനാകുന്ന ലോകത്തിലെ ആദ്യത്തെ ഡ്യുവല്‍-മോഡ് വാഹനം ജപ്പാനില്‍ സര്‍വീസ് തുടങ്ങി. ജപ്പാനിലെ ടോകുഷിമയിലെ കൈയോ നഗരത്തില്‍ ക്രിസ്മസ് ദിനത്തിലാണ് ഈ വാഹനം പൊതുജനങ്ങള്‍ക്കായി ആദ്യമായി ഓടിയത്.

കണ്ടാല്‍ ഒരു മിനി ബസിനെ പോലെ തോന്നിക്കുന്ന ഈ വാഹനം റോഡിലിറങ്ങുമ്പോള്‍ സാധാരണ വാഹനങ്ങള്‍ പോലെ പോലെ റബ്ബര്‍ ടയറിലായിരിക്കും സഞ്ചരിക്കുക. അതേസമയം റെയില്‍വേ ട്രാക്കിലേക്കു പ്രവേശിച്ച് കഴിഞ്ഞാല്‍ വാഹനത്തിനുള്ളില്‍നിന്നും സ്റ്റീല്‍ ടയറുകള്‍ പുറത്തേക്കു വരും. ഇതോടെ വാഹനം ഒരു ട്രെയിനായി മാറുന്നു. റെയില്‍ പാളത്തില്‍ സഞ്ചരിക്കുമ്പോള്‍ സ്റ്റീല്‍ ടയറുകള്‍ നിലത്ത് മുട്ടി നില്‍ക്കുകയും റബ്ബര്‍ ടയറുകള്‍ പൊങ്ങി നില്‍ക്കുകയുമാണ് ചെയ്യുന്നത്.



ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഡ്യുവല്‍ മോഡല്‍ വെഹിക്കിള്‍ അവതരിപ്പിക്കുന്നത്. 21 യാത്രക്കാരെ വരെ വാഹനത്തില്‍ ഉള്‍ക്കൊള്ളും. റെയില്‍വേ ട്രാക്കില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും റോഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലുമാണ് വാഹനം സഞ്ചരിക്കുന്നത്. ഡീസലിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്.

അസ കോസ്റ്റ് റെയില്‍വേ കമ്പനിയാണ് ഈ ഡ്യുവല്‍-മോഡ് വാഹനം ഓപ്പറേറ്റ് ചെയ്യുന്നത്. കൈയോ പോലെ ജനസംഖ്യ കുറഞ്ഞ ചെറിയ നഗരങ്ങളില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപകാരപ്രദമായിരിക്കുമെന്നു കമ്പനി സി.ഇ.ഒ ഷിഗേകി മിയൂര പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്കു പോകേണ്ട യാത്രക്കാരെ റോഡ് മാര്‍ഗം ചെന്ന് ബസില്‍ കയറ്റി നേരെ സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും അവിടെനിന്ന് അതേ വാഹനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രായമായ ആളുകളുള്ള ഉള്‍പ്രദേശങ്ങളില്‍ ഈ സംവിധാനം ഏറെ സഹായകമാണ്. ഡ്യുവല്‍-മോഡ് വാഹനം വളരെ ഉപകാരപ്രദമായ പൊതുഗതാഗത സംവിധാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷിഗേകി മിയൂര കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.