ഓസ്ട്രേലിയയില്‍ ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ഓസ്ട്രേലിയയില്‍ ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

സിഡ്‌നി: ഓസ്ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് പരമറ്റയിലെ ഒരു വയോജന കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 80 വയസുകാരനാണ് ഒമിക്രോണ്‍ ബാധിച്ച് മരിച്ചത്. വെസ്റ്റ്മീഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ തിങ്കളാഴ്ച 6,324 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 80 വയസുള്ള മറ്റൊരു പുരുഷനും 90 വയസുള്ള സ്ത്രീയും മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 55 പേര്‍ ഉള്‍പ്പെടെ 524 പേര്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഹോസ്പിറ്റാലിറ്റി വേദികളില്‍ രണ്ട് ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്ന പരിധി നിലവില്‍ വന്നു. ക്യൂ.ആര്‍ കോഡ് ഉപയോഗിച്ചുള്ള ചെക്ക്-ഇന്‍ ഏര്‍പ്പെടുത്തി.

വിക്ടോറിയയില്‍ തിങ്കളാഴ്ച്ച 1,999 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. മൂന്നു പേര്‍ മരണത്തിനു കീഴടങ്ങി.

ആഭ്യന്തരമായി വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കാന്‍ തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26