ബ്രിസ്ബന്‍: ഡ്രോണ്‍ ഉപയോഗിച്ച് വിജയകരമായി സൂര്യകാന്തി കൃഷി നടത്തി ഓസ്ട്രലിയയിലെ കര്‍ഷകന്‍. ക്വീന്‍സ് ലന്‍ഡിലെ തൂവൂമ്പയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് കര്‍ഷകനായ റോജര്‍ വുഡ്‌സ് സൂര്യകാന്തി വിത്തുകള്‍ നട്ടുപിടിപ്പിച്ച് വിജയം കൊയ്തത്.
തൂവൂമ്പയിലെ ഗ്രാമപ്രദേശമായ കംബൂയ ഇന്ന് മഞ്ഞയണിഞ്ഞു മനോഹരിയായി നില്‍ക്കുകയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന സൂര്യകാന്തി പാടങ്ങള്‍ കാണാന്‍ ഇവിടേക്കു സഞ്ചാരികളുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്. 12 തവണത്തെ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് സെപ്റ്റംബറില്‍ ഡ്രോണ്‍ ഉപയോഗിച്ച് സുര്യകാന്തി വിത്തുകള്‍ പാകിയത്. ഒരുപക്ഷേ ഡ്രോണ്‍ മാത്രം ഉപയോഗിച്ച് കൃഷി നടത്തി മികച്ച ഫലം ലഭിച്ച ലോകത്തിലെ ആദ്യത്തെ വിളയാണിതെന്ന് റോജര്‍ വുഡ്‌സ് അവകാശപ്പെടുന്നു.
ഡ്രോണുകള്‍ ഭാവിയില്‍ കാര്‍ഷിക മുന്നേറ്റത്തിനു വഴിയൊരുക്കുമെന്ന് ഡ്രോണ്‍ പൈലറ്റ് കൂടിയായ റോജര്‍ വുഡ്സ് പറഞ്ഞു. വാണിജ്യപരമായി കാര്‍ഷിക ഡ്രോണ്‍ മാത്രം ഉപയോഗിച്ച് കൃഷിയിറക്കിയ ലോകത്തിലെ ആദ്യ വിളയാണ് സൂര്യകാന്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകനായ റോജര്‍ വുഡ്‌സ്
ഡ്രോണുകള്‍ ഉപയോഗിച്ച് ആദ്യം വിത്തിടല്‍ നടത്തും. തുടര്‍ന്ന് വളപ്രയോഗവും ഡ്രോണ്‍ തന്നെ നിര്‍വഹിക്കും. വിളവെടുക്കുന്നതു മാത്രമാണ് ഡ്രോണ്‍ ബാക്കിവയ്ക്കുന്നതെന്ന് റോജര്‍ ചെറുചിരിയോടെ പറയുന്നു.
റോജറിന്റെ ഡ്രോണുകള്‍ പതിവായി ഗോതമ്പ്, ബാര്‍ലി തുടങ്ങിയ വിളകള്‍ നട്ടുവളര്‍ത്തുകയും വളമിടുകയും ആരോഗ്യത്തോടെ പരിപാലിക്കുകയും ചെയ്യുന്നു. എന്നാല്‍ കര്‍ഷക സമൂഹത്തില്‍ നിന്നുള്ള തന്റെ സുഹൃത്തുക്കള്‍ ഡോണ്‍ ഉപയോഗിച്ചുള്ള കൃഷിയെ അത്രകണ്ടു സ്വാഗതം ചെയ്യുന്നില്ലെന്നു റോജര്‍ പറയുന്നു. ഈ കൃഷി രീതിക്കു ഫലപ്രാപ്തിയില്ലെന്ന് അവര്‍ വിശ്വസിക്കുന്നു.
നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് ഡ്രോണ്‍ ഉപയോഗിച്ച് വിത്തുകള്‍ പാകിയതെന്ന് റോജര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ അകലത്തില്‍ വിത്തിടല്‍ നടത്തിയാല്‍ മാത്രമേ സൂര്യകാന്തിപ്പൂക്കള്‍ക്ക് നന്നായി വളരാന്‍ സാധിക്കു. അതിനാല്‍ വിത്തുകള്‍ പാകുന്നതില്‍ ഏറെ ശ്രദ്ധിക്കണം.
ഒരു ഹെക്ടറില്‍ 30,000 ചെടികളെങ്കിലും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡ്രോണ്‍ 45,000 വിത്തുകളാണു വിതറുന്നത്. നിരന്തര പരീക്ഷണങ്ങളിലൂടെയാണ് വിത്തിടാനുള്ള ഡ്രോണിന്റെ ഉയരം, വേഗത, നടീല്‍ ക്രമം എന്നിവ സംബന്ധിച്ച കൃത്യമായ ധാരണ ലഭിച്ചതും തിരുത്തലുകള്‍ വരുത്താന്‍ സാധിച്ചതും.
ചെറിയ കര്‍ഷകര്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃഷി രീതി സാമ്പത്തികമായ മെച്ചമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഈ രീതി കൂടുതല്‍ വ്യാപകമായി സ്വീകരിക്കപ്പെടുമെന്നാണ് റോജറിന്റെ പ്രതീക്ഷ.
സൂര്യകാന്തി പാടങ്ങള്‍ പൊതുജനങ്ങള്‍ക്കു കാണാന്‍ അവസരമുണ്ടെന്ന് ഫാം ബിസിനസ് മാനേജര്‍ പണ്ടോറ ബേവന്‍ അറിയിച്ചു. നിരവധി സന്ദര്‍ശകരാണ് ഈ മഞ്ഞപ്പാടങ്ങള്‍ കാണാന്‍ എത്തുന്നത്. മുന്‍ കാലങ്ങളില്‍ ചെടികള്‍ ചവിട്ടി മെതിക്കുമെന്ന ഭയത്താല്‍ കര്‍ഷകര്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ഇതുവഴി കടന്നുപോകുന്നവര്‍ സൂര്യകാന്തിപ്പൂക്കളെ നോക്കി വാഹനമോടിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ചിലരാകട്ടെ കര്‍ഷകരുടെ സ്വകാര്യ വസ്തുവിലേക്ക് അതിക്രമിച്ച് കയറുന്നതും കണ്ടിട്ടുണ്ട്.
അതേസമയം ഇതിന്റെ ടൂറിസം സാധ്യതകള്‍ തള്ളിക്കളയാനുമാകില്ല. മനോഹരമായ സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍നിന്ന് ഫോട്ടോയെടുക്കാന്‍ വിനോദസഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു. വരും വര്‍ഷങ്ങളില്‍ സൂര്യകാന്തി പാടങ്ങള്‍ ടൂറിസം രംഗത്ത് വലിയ സാധ്യത തുറക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായി പണ്ടോറ ബേവന്‍ പറഞ്ഞു. പ്രകൃതിക്ക് ദോഷം വരുത്താത്ത ഡ്രോണ്‍ കൃഷി രീതിയെക്കുറിച്ചുള്ള പുതിയ അറിവും ഇവിടെ വരുന്നവരിലേക്കു പകരാനാകും. ഇത് സഞ്ചാരികള്‍ക്ക് ആവേശം പകരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.