റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് മേല്‍ യു.എസ് ഉപരോധം നിലവില്‍ വരുന്നതിന് മുന്‍പേ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ്

റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് മേല്‍ യു.എസ് ഉപരോധം നിലവില്‍ വരുന്നതിന് മുന്‍പേ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: റഷ്യയിലെ വന്‍കിട എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്.

നവംബര്‍ 21 മുതലാണ് ഉപരോധം നിലവില്‍ വരികയെങ്കിലും ഒക്ടോബര്‍ 27 ന് അവസാനിച്ച ആഴ്ചയില്‍, റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം പ്രതിദിനം 1.19 ദശലക്ഷം ബിപിഡി (ബാരല്‍ പെര്‍ ഡേ) ആയി ചുരുങ്ങിയിരുന്നു.

അതിന് തൊട്ടു മുന്‍പത്തെ രണ്ട് ആഴ്ചകളിലെ 1.95 ദശലക്ഷം ബിപിഡിയില്‍നിന്നായിരുന്നു ഈ വന്‍ ഇടിവുണ്ടായത്. റോസ്നെഫ്റ്റില്‍ നിന്നും ലുക്കോയിലില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞതാണ് ഈ ഇടിവിന് കാരണം.

റഷ്യയിലെ എണ്ണ ഉല്‍പാദനത്തിന്റെയും കയറ്റുമതിയുടെയും പാതിയിലേറെയും ഈ രണ്ട് കമ്പനികള്‍ വഴിയാണ് നടക്കുന്നത്. റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയുടെ മൂന്നില്‍ രണ്ടുഭാഗവും മുന്‍പ് ഈ കമ്പനികള്‍ വഴിയായിരുന്നു.

റോസ്നെഫ്റ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി 0.81 ദശലക്ഷം ബിപിഡി ആയി കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 27 ന് അവസാനിച്ച വാരത്തിലെ കണക്കാണിത്. തൊട്ടു മുന്‍പത്തെ ആഴ്ചയില്‍ ഇത് 1.41 ദശലക്ഷം ബിപിഡി ആയിരുന്നു. അതില്‍ നിന്നാണ് ഈ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്.

അതേസമയം, ഒക്ടോബര്‍ 27 ന് അവസാനിച്ച ആഴ്ചയില്‍ ലുക്കോയിലില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിയിട്ടില്ല. ഇതിന് തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇത് 0.24 ദശലക്ഷം ബിപിഡി ആയിരുന്നു.

എണ്ണ വില്‍പനയിലൂടെ റഷ്യയ്ക്കുണ്ടാകുന്ന സാമ്പത്തിക നേട്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമതും എത്തിയതിന് പിന്നാലെ റഷ്യക്കുമേല്‍ കൈക്കൊണ്ട ആദ്യ ഉപരോധമാണിത്.

അമേരിക്കന്‍ ഉപരോധത്തിന്റെ പ്രത്യാഘാതം പൂര്‍ണമായതോതില്‍ ഇപ്പോള്‍ വിലയിരുത്താനാകില്ലെങ്കിലും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

അതിനിടെ എച്ച്പിസില്‍, മിത്തല്‍ എനര്‍ജി, ഐഒസി തുടങ്ങിയ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കുന്നതായി അറിയിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.