കെയ്റോ: 3,500 വര്‍ഷമായി 'മമ്മിഫൈ 'ചെയ്ത നിലയിലുള്ള ഈജിപ്ഷ്യന്‍ ഭരണാധികാരി ഫറവോന്‍ അമെന്‍ഹോടെപ്ന്റെ ശരീരം ഡിജിറ്റല്‍ പരിശോധനയ്ക്കു വിധേയമാക്കി ശാസ്ത്രജ്ഞര്‍. 'എംബാമിംഗ് ലിന'ന്റെ ഒരു പാളി പോലും അഴിച്ചുമാറ്റാതെ നൂതനമായ എക്‌സ്-റേ സാങ്കേതികവിദ്യയും കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്‌കാനിംഗും വഴി ഒട്ടേറെ വിവരങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞതായി പരിശോധകര്‍ അറിയിച്ചു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മമ്മിഫൈ ചെയ്ത് അടക്കിയതാണ് അമെന്‍ഹോടെപ്ന്റെ ശരീരം. ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ഈ മമ്മി. മമ്മിഫൈ ചെയ്തിരിക്കുന്ന അലങ്കാരങ്ങള്‍ക്കുള്ളില്‍ ഫറവോന്റെ ശരീരം എങ്ങനെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് അറിയാന്‍ ഗവേഷകര്‍ വളരെ അധികം തല്‍പരരായിരുന്നു. എന്നാല്‍ ഇത്രയധികം കരുതലോടെ സൂക്ഷിച്ചിരുന്ന മമ്മി മുഴുവനായി അഴിച്ച് പരിശോധിക്കുക എന്നത് സാധ്യമായിരുന്നില്ല.മമ്മിയുടെ നിഗൂഢതകള്‍ അറിയാന്‍ വഴികള്‍ തേടിയ ഗവേഷകര്‍ ഒടുവില്‍ ഡിജിറ്റല്‍ വിദ്യയുടെ സഹായം തേടി. ചരിത്രത്തില്‍ ആദ്യമായാണ് മമ്മി ഡിജിറ്റലായി തുറന്നത്.
മമ്മിഫൈ ചെയ്ത ശരീരം പൊതിഞ്ഞിരിക്കുന്ന വസ്തുവിന്റെ താഴെയുള്ള രൂപവും ഇതിലൂടെ ഗവേഷകര്‍ കണ്ടു. മനുഷ്യന്റെ ശരീരം സ്‌കാന്‍ ചെയ്യുമ്പോള്‍, ഉള്ളിലുള്ള എല്ലുകളും, അവയവങ്ങളും കാണുന്നത് പോലെയായിരുന്നു അത്. മമ്മിയുടെ രൂപത്തെകുറിച്ചും, അടക്കം ചെയ്ത വിലപിടിപ്പുള്ള ആഭരണങ്ങളെ കുറിച്ചും ഇതുവരെ അജ്ഞമായിരുന്ന പല വിവരങ്ങളും ഇപ്പോള്‍ കണ്ടെത്തി. കെയ്റോ സര്‍വകലാശാലയിലെ ഈജിപ്തോളജിസ്റ്റുകളാണ് ഈ കണ്ടുപിടിത്തതിന് പിന്നില്‍. അതുല്യമായ ഒരു അനുഭവവും, അവസരമായിരുന്നു ഇതെന്ന് കെയ്റോയിലെ ഗവേഷകര്‍ പറയുന്നു. മമ്മിയെ മൂടിയിരിക്കുന്നവയെല്ലാം ഡിജിറ്റലായി നിരീക്ഷിച്ച്, ഫറവോന്റെ ശരീരത്തെ പറ്റി വിശദമായി പഠിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു.
ഗവേഷകരുടെ പഠനമനുസരിച്ച്, ഫറവോന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് 35 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന് ഏകദേശം 169 സെന്റിമീറ്റര്‍ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നായി കരുതുന്നു. അടക്കം ചെയ്ത വസ്ത്രങ്ങള്‍ക്കുള്ളില്‍ 30 തകിടുകളും, സ്വര്‍ണമുത്തുകളുള്ള അതുല്യമായ അരപ്പട്ടയും ധരിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.