ബെയ്റൂട്ട്: വ്യാജ ഓറഞ്ചുകളില്‍ ഒളിപ്പിച്ച് ചരക്കു കപ്പല്‍ വഴി കടത്താന്‍ ശ്രമിച്ച 90 ലക്ഷത്തിലധികം ലഹരി ഗുളികകള്‍ ലെബനനില്‍ പിടികൂടി. കുവൈറ്റിലേക്കു കയറ്റുമതി ചെയ്യാനായി കണ്ടെയ്‌നറില്‍ സൂക്ഷിച്ച ഓറഞ്ചുകള്‍ക്കൊപ്പം വച്ചിരുന്ന വ്യാജ ഓറഞ്ചുകളിലാണ് മാരകമായ ലഹരി ഗുളികകള്‍ ഒളിപ്പിച്ചത്. ലെബനനിലും ഇറാഖിലും സിറിയയിലും നിര്‍മ്മിക്കപ്പെടുന്ന ക്യാപ്റ്റഗണ്‍ എന്ന ലഹരി മരുന്നാണ് ലെബനന്‍ അധികൃതര്‍ പിടിച്ചെടുത്തത്. കോടിക്കണക്കിനു രൂപ വില വരുന്ന ഗുളികകളാണ് പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ഓറഞ്ചുകള്‍ക്കുള്ളിലുണ്ടായിരുന്നത്.
ഗള്‍ഫ് രാജ്യത്തേക്കു പോകാനിരുന്ന ചരക്ക് കപ്പലില്‍നിന്നാണ് ഒന്‍പതു ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ ലെബനനിലെ ബെയ്റൂട്ട് തുറമുഖത്ത് വച്ച് കസ്റ്റംസ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രി ബസാം മൗലവി അറിയിച്ചു. കുവൈറ്റിലേക്കുള്ള യാത്രാമധ്യേയാണ് കപ്പലില്‍നിന്നു ലഹരി ഗുളികകള്‍ പിടികൂടിയത്. സംഭവത്തില്‍ നിരവധി പേര്‍ അറസ്റ്റിലായി.
മിഡില്‍ ഈസ്റ്റിലെ സമ്പന്നരായ യുവാക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള മയക്കുമരുന്നുകളില്‍ ഒന്നാണ് ക്യാപ്റ്റഗണ്‍. 'പാവങ്ങളുടെ മയക്കുമരുന്ന് എന്നാണ് ക്യാപ്റ്റഗണ്‍ അറിയപ്പെടുന്നത്. മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ് ഈ ഗുളികകള്‍.
മയക്കുമരുന്ന് വിഭാഗത്തില്‍പെട്ട ക്യാപ്റ്റഗണ്‍ ഗുളികകള്‍ സൗദി അറേബ്യയില്‍ ഉള്‍പ്പെടെ നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇവ ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്. സ്ഥിര ഉപയോഗം മയക്കുമരുന്നിന്റെ അടിമയാക്കും.
ഒരാഴ്ച്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് വ്യാജ പഴങ്ങളില്‍ ഒളിപ്പിച്ച നിലയിലുള്ള ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുക്കുന്നത്. ഡിസംബര്‍ 23-ന് പത്തുലക്ഷത്തിലധികം ക്യാപ്റ്റഗണ്‍ ഗുളികകള്‍ നാരങ്ങയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാല് പേര്‍ ദുബായില്‍ അറസ്റ്റിലായിരുന്നു. കോടിക്കണക്കിന് ദിര്‍ഹം വില വരുന്ന 11,60,500 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമമാണ് ദുബായ് പോലീസ് പരാജയപ്പെടുത്തിയത്.
ശീതീകരിച്ച കണ്ടെയ്നറിലായിരുന്നു മയക്കുമരുന്ന് എത്തിയത്. നാരങ്ങ നിറച്ചിരുന്ന പെട്ടികളില്‍ ഇടയ്ക്ക് നാരങ്ങയുടെ അതേ വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള പ്ലാസ്റ്റിക് നാരങ്ങകളും സജ്ജീകരിച്ചു. ഇവയുടെ ഉള്ളിലായിരുന്നു മയക്കുമരുന്ന് നിറച്ചിരുന്നത്.
ബെയ്‌റൂട്ടില്‍നിന്ന് മയക്കുമരുന്ന് കടത്ത് വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യ, ലെബനന്‍ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് ഏപ്രിലില്‍ താല്‍ക്കാലികമായി നിരോധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.