ഒമിക്രോണ്‍ 'പ്രകൃതിദത്ത വാക്‌സിന്‍' ആണെന്ന പ്രചാരണം അപകടകരമെന്ന് വിദഗ്ധര്‍

ഒമിക്രോണ്‍ 'പ്രകൃതിദത്ത വാക്‌സിന്‍' ആണെന്ന പ്രചാരണം അപകടകരമെന്ന് വിദഗ്ധര്‍


ന്യൂഡല്‍ഹി:കൊറോണക്കാലത്തിന് അറുതി വരുത്താനുതകുന്ന 'പ്രകൃതിദത്ത വാക്‌സിന്‍' ആണ് ഒമിക്രോണ്‍ എന്ന പ്രചാരണം തെറ്റിദ്ധാരണയുടെ ഫലമാണെന്നും അപകടകരമായ ആശയമാണതെന്നും വിദഗ്ധര്‍. ഉത്തരവാദിത്വ ബോധമുള്ളവര്‍ക്ക് ഇത്തരം പ്രചാരണങ്ങള്‍ നടത്താനാകില്ലെന്ന് അവര്‍ പറയുന്നു.

കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഏറെ സാംക്രമിക സ്വഭാവമുള്ളതാണ് ഒമിക്രോണ്‍ എന്ന് വ്യക്തമായിക്കഴിഞ്ഞു. അതേസമയം അണുബാധയ്ക്കു തീവ്രത താരതമ്യേന കുറവാണ്. ആശുപത്രിവാസം ആവശ്യമായി വരുന്നത് വളരെ ചുരുക്കം രോഗികള്‍ക്കു മാത്രം. ഒമിക്രോണ്‍ ബാധ മൂലമുള്ള മരണങ്ങളും കുറവ്. ഇത് ഒരു സ്വാഭാവിക വാക്‌സിന്‍ ആയി പ്രവര്‍ത്തിക്കുമെന്ന ധാരണയ്ക്കു കാരണം ഇതെല്ലാമാണ്.

ഒമിക്രോണ്‍ ഒരു പ്രകൃതിദത്ത വാക്‌സിന്‍ ആയി പ്രവര്‍ത്തിക്കുമെന്നും കോവിഡ്-19 ന്റെ അവസാന പരിണാമ ഘട്ടത്തിലേക്കാണ് ഇതോടെ പ്രവേശനമാകുന്നതെന്നും അടുത്തിടെ മഹാരാഷ്ട്ര ആരോഗ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടത് വ്യാപക വിമര്‍ശനം വരുത്തിവച്ചിരുന്നു.'ഒമിക്രോണ്‍ പ്രകൃതിദത്ത വാക്‌സിന്‍ ആണെന്ന ധാരണ നിരുത്തരവാദ സ്വഭാവമുള്ള ആളുകള്‍ പ്രചരിപ്പിക്കുന്ന അപകടകരമായ ആശയമാണെ'ന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞത് മുഖ്യമായും ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കിയാണ്.

ഈ വിഷയത്തില്‍ അലംഭാവം വളരാനിടയാക്കുന്ന പ്രചാരണത്തിന് ഇത് വഴി തെളിക്കുമെന്ന് ഇന്ത്യന്‍ SARS-COV-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യയുടെ (INASACOG) ഉപദേശക ഗ്രൂപ്പ് മുന്‍ മേധാവിയായ ജമീല്‍ മുന്നറിയിപ്പു നല്‍കി. ശാസ്ത്രീയ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ തക്കതായ നടപടികള്‍ കൂടുതലായെടുക്കേണ്ട സ്ഥാനത്ത്് ഉദാസീനത വളരാന്‍ ഇടയാക്കുന്ന സമീപനമാണിത്. കോവിഡ് പരിണാമത്തിന്റെ ഘട്ടങ്ങള്‍ ഇനിയും വസ്തുനിഷ്ഠമായി പഠിക്കേണ്ടതുണ്ട്.

പോഷകാഹാരക്കുറവ്, വായു മലിനീകരണം, പ്രമേഹം എന്നിവ വ്യാപകമായുള്ള രാജ്യമാണ് ഇന്ത്യ. ഇക്കാരണങ്ങളാല്‍, പൊതുജനാരോഗ്യത്തിന് ഏറെ ഹാനികരമാണെന്ന് ശാസ്ത്രത്തിനു മുന്നില്‍ വ്യക്തമായ ഒരു വൈറസിന് വിധേയരാകാന്‍ ആളുകള്‍ക്കു പ്രേരണ നല്‍കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന പക്ഷക്കാരനാണ് ജമീല്‍.

പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രൊഫസറും ലൈഫ് കോഴ്സ് എപ്പിഡെമിയോളജി മേധാവിയുമായ ഗിരിധര.ആര്‍.ബാബു തീര്‍ത്തു പറയുന്നു:'ഒമിക്രോണിന്റെ തീവ്രത എത്ര കുറവാണെന്നു പറഞ്ഞാലും ഇതൊരു വാക്സിനല്ല.' ഒമിക്രോണ്‍ വകഭേദം മൂലം മരണങ്ങളും ആശുപത്രിവാസങ്ങളും ഉണ്ടെന്നതു മറക്കേണ്ട. തെറ്റായ വിവരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണാവശ്യം. വാക്‌സിനേഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രകൃതിദത്ത അണുബാധ ഒട്ടും രക്ഷാകരമാവില്ല. മരണവും ആശുപത്രിവാസവും ഒഴിവാക്കാനുതകുന്ന നേരിയ സംരക്ഷണമേകാന്‍ പോലും ഏതെങ്കിലും കൊറോണ വകഭേദത്തിന് (ആല്‍ഫ, ബീറ്റ, ഗാമ അല്ലെങ്കില്‍ ഡെല്‍റ്റ) കഴിഞ്ഞില്ല. എന്നിട്ടും ഒമിക്രോണ്‍ പ്രതിരോധശേഷി നല്‍കുമെന്ന് പ്രചരിപ്പിക്കുന്നു. തെളിവുകളാണ് പ്രധാനം, അഭിപ്രായങ്ങളല്ല - അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ മൂലമുണ്ടാകുന്ന രോഗത്തിനു ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നും ആളുകള്‍ അതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഉജാല സിഗ്‌നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് സ്ഥാപക ഡയറക്ടര്‍ ഷുചിന്‍ ബജാജ് പറഞ്ഞു.'വളരെ ചെറിയ കൊറോണ അണുബാധയ്ക്ക് ശേഷവും ഹൃദയം, മസ്തിഷ്‌കം, വൃക്കകള്‍, ശ്വാസകോശങ്ങള്‍ക്ക് എന്നിവയ്ക്കു പുറമേ, മറ്റ് അവയവങ്ങളിലും ആറ് മാസത്തിലേറെക്കാലം പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതായി കാണുന്നുണ്ട്. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ എന്താണെന്ന് നമുക്ക് ശരിയായ അറിവില്ല ഇതുവരെ. ബ്രെയിന്‍ ഫോഗിംഗ്, കുഴപ്പം പിടിച്ച സൈനസ് ടാക്കിക്കാര്‍ഡിയ എന്നിവയുള്ള ധാരാളം കോവിഡ് രോഗികളെ കാണുന്നുണ്ട്,' അദ്ദേഹം ചൂണ്ടിക്കാട്ടി.



'അതിനാല്‍ ഒമിക്രോണ്‍ ബാധയെ വാക്‌സിന്‍ പോലെ കണക്കാക്കരുത്. ഇതിന് വാക്‌സിന്‍ ആകാന്‍ കഴിയില്ല. ഒമിക്രോണ്‍ കാരണം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒമിക്രോണ്‍ ബാധിച്ച് ഞങ്ങള്‍ക്ക് ഐ സി യു അഡ്മിഷന്‍ ഉണ്ടായിരുന്നു. ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് സൗമ്യമായ പതിപ്പാണെങ്കിലും വൈറസന്നെ നിലയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്,' ഷുചിന്‍ ബജാജ് പറഞ്ഞു.

അതേസമയം, ഒമിക്രോണിന്റെ ഉയര്‍ന്ന വ്യാപന സ്വഭാവവും കുറഞ്ഞ തീവ്രതയും ചൂണ്ടിക്കാട്ടി, ഇത് മഹാവ്യാധിയെ താല്‍ക്കാലികമായി പിടിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്ന അഭിപ്രായമാണ് ലഖ്നൗവിലെ റീജന്‍സി ഹെല്‍ത്ത് ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് യാഷ് ജാവേരി പങ്കുവയ്ക്കുന്നത്.തല്‍ഫലമായി, പ്രതിരോധശേഷിയുള്ളവര്‍ മാത്രമല്ല, മുഴുവന്‍ സമൂഹവും പരിരക്ഷിതരാകുന്നു എന്ന നിഗമനവുമുണ്ട് അദ്ദേഹത്തിന്റേതായി..

ഒമിക്രോണ്‍ വേരിയന്റ്് വഴിയുള്ള അണുബാധ ഡെല്‍റ്റ വേരിയന്റിനെതിരെ ഉയര്‍ന്ന സംരക്ഷണം നല്‍കുന്നതായി ഒരു ദക്ഷിണാഫ്രിക്കന്‍ പഠനത്തില്‍ കണ്ടെത്തിയെന്ന് യാഷ് ജാവേരി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന വ്യാപന ശേഷിയും കുറഞ്ഞ കാഠിന്യവും കാരണം, ഒമിക്രോണിലൂടെ കൈവരുന്ന പ്രതിരോധശേഷി ഇനിയും ഉയര്‍ന്നേക്കാം. മഹാവ്യാധിയെ താല്‍ക്കാലികമായി പ്രതിരോധിക്കാനും ഇതിടവരുത്തിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റിയുടെ (സമൂഹം) വലിയൊരു ഭാഗം ഒരു രോഗത്തില്‍ നിന്ന് പ്രതിരോധശേഷി നേടുമ്പോള്‍ 'ഹെര്‍ഡ് ഇമ്മ്യൂണിറ്റി' ഉണ്ടാകുന്നു; വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് രോഗം പടരാനുള്ള സാധ്യതയില്ലാതാകുന്നു.

വാക്‌സിനേഷന്റെയും സ്വാഭാവിക അണുബാധയുടെയും ഫലമായി വികസിതമാകുന്ന 'ഹൈബ്രിഡ്' പ്രതിരോധശേഷി, കോവിഡിനും അതിന്റെ വകഭേദങ്ങള്‍ക്കും എതിരെ ശക്തമായ പ്രതികരണം ഉയര്‍ത്തുമെന്ന് ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.