വിശുദ്ധ ചാവറയച്ചന്‍: ജീവിതം തന്നെ സന്ദേശമാക്കിയ നവോത്ഥാന നായകന്‍

വിശുദ്ധ ചാവറയച്ചന്‍: ജീവിതം തന്നെ സന്ദേശമാക്കിയ നവോത്ഥാന നായകന്‍

അനുദിന വിശുദ്ധര്‍ - ജനുവരി 03

രിശുദ്ധിയുടെ പരിമളം പരത്തി കത്തോലിക്കാ സഭയിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ചരിത്ര പുരുഷനായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍.

ചാവറ കുര്യാക്കോസ് - മറിയം ദമ്പതിമാരുടെ മകനായി 1805 ഫെബ്രുവരി 10ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് ജനനം. ജനിച്ച് എട്ടാം ദിവസം ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ ബാലനെ മാമോദീസാ മുക്കി. അഞ്ച് വയസ് മുതല്‍ 10 വയസ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന് ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു.

ബാല്യം മുതല്‍ ദൈവിക കാര്യങ്ങളില്‍ അതീവ തല്‍പരനായിരുന്നു കുര്യാക്കോസ്. 1818 ല്‍ കുര്യാക്കോസിന് 13 വയസായപ്പോള്‍ അദ്ദേഹം മല്‍പ്പാന്‍ തോമസ് പാലയ്ക്കല്‍ റെക്ടറായിരുന്ന പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു. 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും സ്വന്തം ഇടവകയായ ചേന്നങ്കരി പള്ളിയില്‍ ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു.

പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം അദ്ദേഹം കുറച്ചുകാലം സുവിശേഷ വേലകളുമായി കഴിഞ്ഞുകൂടി. എന്നിരുന്നാലും പഠിപ്പിക്കുവാനും മല്‍പ്പാന്‍ തോമസ് പാലയ്ക്കലിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യുവാനുമായി അദ്ദേഹം സെമിനാരിയില്‍ തിരിച്ചെത്തി.

മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നില്ലെങ്കില്‍ ക്രൈസ്തവ ജീവിതം അര്‍ത്ഥശൂന്യമാണെന്ന് അദ്ദേഹം നിരന്തരം പ്രസംഗിച്ചു. വേലക്കാരന് കൂലി കൊടുത്തില്ലെങ്കില്‍ ദൈവം പകരം വീട്ടുമെന്ന് യാഥാസ്ഥിതികരെ ഉദ്‌ബോധിപ്പിച്ചു.

അന്ന് താഴ്ന്ന സമുദായക്കാരായി വിചാരിച്ചിരുന്നവരെയും സ്ത്രീകളെയുമൊക്കെ വിദ്യാഭ്യാസം നല്‍കി ചാവറ പിതാവ് ഉയര്‍ത്തിക്കൊണ്ടു വന്നു. ബൗദ്ധിക വളര്‍ച്ചയാണ് മനുഷ്യന്റെ ഏറ്റവും നല്ല സമ്പത്തെന്ന് അദ്ദേഹം ചിന്തിച്ചു. 'ഓരോ പള്ളിക്കും ഓരോ പള്ളിക്കൂടം' വേണമെന്ന് അദ്ദേഹം ശഠിച്ചു. അങ്ങനെയാണ് കേരളത്തിലെ സ്‌കൂളുകള്‍ 'പള്ളികൂടം' (പള്ളിയോടനുബന്ധിച്ച് വിദ്യാഭ്യാസത്തിനുള്ള സ്ഥലം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

അച്ചടിയുടെ അനന്ത സാധ്യതകള്‍ അദ്ദേഹം സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തി. 1887 ല്‍ മാന്നാനത്തു നിന്ന് 'നസ്രാണി ദീപിക' ആരംഭിച്ചു. ദീപിക എന്ന പേരില്‍ ഇന്നും പ്രസിദ്ധീകരണം തുടരുന്ന ആദ്യ മലയാള ദിനപത്രം. സി.എം.ഐ. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ചാവറയച്ചനാണ്.

സീറോ മലബാര്‍ സഭയിലെ കാര്‍മ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (സി.എം.ഐ.) എന്ന പേരില്‍ വൈദികര്‍ക്കായും കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സി.എം.സി.) എന്ന പേരില്‍ കന്യാസ്ത്രീകള്‍ക്കായും സന്ന്യാസ സഭകള്‍ സ്ഥാപിച്ച് ചാവറയച്ചന്‍ തന്റെ സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിട്ടു. ഫാ. തോമസ് പാലയ്ക്കല്‍, ഫാ. തോമസ് പോരുക്കര എന്നിവരോടൊപ്പം അദ്ദേഹം വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ശ്രദ്ധേയ സംഭാവനകള്‍ നല്‍കി.

അമലോത്ഭവ കന്യകയുടെ ദാസസംഘം എന്നായിരുന്നു സി.എം.ഐ. സഭയുടെ ആദ്യ പേര്. 1855 ഡിസംബര്‍ എട്ടിന് അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിവസം ചാവറയച്ചനും മറ്റ് 10 വൈദികരും എട്ടുപട്ടത്തിനു കീഴെ, മാന്നാനം പള്ളിയില്‍ വ്രതാനുഷ്ഠാനം നടത്തി. ഇന്ന് ഈ സന്ന്യാസ സഭ ലോകമെങ്ങും വളര്‍ന്നിരിക്കുന്നു. സഭാ സ്ഥാപകന്‍ സ്വര്‍ഗോന്നതങ്ങളില്‍ വിശുദ്ധിയുടെ സൗരഭ്യം പരത്തി മരിയ ഭക്തര്‍ക്കായി മധ്യസ്ഥത വഹിക്കുന്നു.

നന്മനിറഞ്ഞ നവോത്ഥാന നായകന്‍

നവോത്ഥാന നായകന്‍ എന്ന നിലയില്‍ വേണം ചാവറയച്ചന്റെ സേവനങ്ങളെ വിലയിരുത്താന്‍. സുറിയാനി കത്തോലിക്കരുടെ വിദ്യാഭ്യാസ വളര്‍ച്ച മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ആ സ്നേഹസീമ അതിരിട്ടത് വിശ്വം മുഴുവനിലുമായിരുന്നു. ദളിതരെയും പാവപ്പെട്ടവരെയും സഹായിക്കുന്നത് ഈശ്വര സേവയാണെന്ന് അദ്ദേഹം പഠിപ്പിച്ചു.

ഞായറാഴ്ച പ്രസംഗങ്ങളില്‍ നോട്ടെഴുതി, ഉദാഹരണങ്ങള്‍ പറഞ്ഞ് വൈദികര്‍ ബോധവത്കരണ ദൗത്യം ഏറ്റെടുക്കണമെന്നായിരുന്നു അച്ചന്റെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാത്ത പള്ളികള്‍ക്ക് ശിക്ഷ നല്‍കുമെന്ന് അദ്ദേഹം സര്‍ക്കുലര്‍ ഇറക്കി. പണം അന്ന് സുലഭമായിരുന്നില്ല. നൂറുക്കഞ്ച് ഇടവകയ്ക്ക് എന്ന പരിഷ്‌കാരം അദ്ദേഹം കൊണ്ടു വന്നു.

വാഴപ്പിണ്ടിയില്‍ രൂപകല്‍പന ചെയ്ത് തടികൊണ്ടു നിര്‍മിച്ച അച്ചടി ശാല, അനാഥര്‍ക്കായി കൈനടിയിലെ ഉപവി ശാല, മരണ വീടുകളിലെ ഗീതങ്ങള്‍, തമിഴ്, സംസ്‌കൃത ഗ്രന്ഥങ്ങള്‍ അങ്ങനെ കാലം കാതോര്‍ത്ത ആ കര്‍മയോഗിയുടെ സംഭാവനകള്‍ ചെറുതല്ല. ലോക വ്യാപാരങ്ങളിലൊന്നും ഇടപെടാതെ കഴിയുന്ന ഒരാളായിരുന്നില്ല ചാവറയച്ചന്‍.

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്ന്യാസ സഭയ്ക്ക് തുടക്കമിട്ടതു തന്നെ വലിയ സാഹസമായിരുന്നു. ഒരു അമാനുഷന്റെ കാര്യശേഷിയാണ് അതിലൂടെ പ്രകടമായത്. കേരളത്തിന്റെ വിദ്യാ സമ്പന്നത, കോട്ടയം രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര നഗരം, പത്ര പ്രചാരണത്തില്‍ രാജ്യത്തു തന്നെ കേരളത്തിന് മികച്ച സ്ഥാനം... ഇതിനെല്ലാം നാം ചാവറയച്ചന് നന്ദി പറയുക.

'വേണ്ടുന്ന ധൈര്യവും മിടുക്കും ബോധജ്ഞാനവും പുണ്യ വ്യാപാരവുമുള്ള വൈദികന്‍' എന്നാണ് ബെര്‍ണോദീസ് മെത്രാന്‍ ചാവറയച്ചനെ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസത്തിന് 'പഠിത്വം' എന്ന വാക്കാണ് അച്ചന്‍ ഉപയോഗിച്ചത്. പഠിത്വം ഇല്ലാത്തവന്‍ വെളിവ് ഇല്ലാത്തവന്‍ ആകുന്നു. ജ്ഞാന വെളിവ് ഇല്ലാത്തവരായി ആരും മാറരുതെന്ന് അദ്ദേഹം ഉപദേശിച്ചു.

പാശ്ചാത്യനാടുകളില്‍ ലാറ്റിന്‍, ഗ്രീക്ക് എന്നിവ പോലെ ഇവിടെ സംസ്‌കൃതം വരേണ്യ ഭാഷയായി കരുതപ്പെട്ടു. എന്നാല്‍ സംസ്‌കൃതവും മലയാളവും ഒരുമിച്ച് പഠിക്കാനായിരുന്നു അച്ചന്റെ നിര്‍ദേശം. ധാരാളം ലളിതമായ മലയാള കൃതികള്‍ അദ്ദേഹം രചിച്ചു. ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം എന്നിവ അങ്ങനെ മലയാള ഭാഷയ്ക്ക് ലഭിച്ച മികച്ച കൃതികളാണ്. 'ഒരു നല്ല പിതാവിന്റെ ചാവരുള്‍' എന്ന അദ്ദേഹത്തിന്റെ ക്രിസ്തീയ കുടുംബങ്ങള്‍ക്കായുള്ള ഉപദേശങ്ങള്‍ ലോകമെങ്ങും പ്രായോഗികവും ഇപ്പോഴും പ്രസക്തവുമാണ്.

ജാതിവ്യവസ്ഥ നല്‍കിയ ഏറ്റക്കുറച്ചിലുകളെ അദ്ദേഹം എതിര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലും 1926 ലാണ് അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ അതിന് എത്രയോ മുമ്പുതന്നെ വിദ്യാലയത്തില്‍ എല്ലാവരും ഒരുമിക്കണമെന്ന് ചാവറയച്ചന്‍ പഠിപ്പിച്ചു. അത് പ്രാവര്‍ത്തികമാക്കി.

1871 ജനുവരി മൂന്നിന് എറണാകുളത്തെ കൂനമ്മാവില്‍ വച്ചാണ് ചാവറയച്ചന്‍ മരിക്കുന്നത്. 1986 ഫെബ്രുവരി എട്ടിന്് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 നവംബര്‍ 23 ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. കര്‍മ്മലീത്ത സഭയ്ക്ക് കിട്ടുന്ന വലിയ അംഗീകാരം കൂടിയാണ് ചാവറയച്ചന്റെ വിശുദ്ധ പദവി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ആന്തെരോസ് പാപ്പാ

2. പാദുവായിലെ ദാനിയേല്‍

3. ബോബ്ബിയോയിലെ ബ്ലിറ്റമുണ്ട്

4. ഫ്‌ളാന്റേഴ്‌സിലെ ബെര്‍ത്തീലിയാ

5. സിലീസിയായിലെ അത്തനേഷ്യസും സോസിമൂസും

6. ഹെല്ലസ് പോന്തിലെ സിറിനൂസ്, പ്രീമൂസ്, തെയോജെനസ്.


'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.