തിരുവനന്തപുരം: കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ പകരക്കാരായി ഇടതുപക്ഷത്തിന് വരാന്‍ സാധിക്കില്ലെന്ന ബിനോയ് വിശ്വം എംപിയുടെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം. അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാര്‍ട്ടികളായി തുടരുന്നതെന്നും കാനം പറഞ്ഞു.
ഇന്ത്യയൊട്ടാകെ ബിജെപിയെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷമുണ്ട്. പക്ഷേ കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ വിടവിലേക്ക് എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷം തന്നെ വരണമെന്നില്ല. മറ്റു പപലരും വരും. ബിനോയ് വിശ്വം യാഥാര്‍ത്ഥ്യമാണ് പറഞ്ഞതെന്നും കാനം മാധ്യമങ്ങളോട് വ്യക്തമാക്കി.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. കൊച്ചിയില്‍ നടന്ന പി.ടി തോമസ് അനുസ്മരണ യോഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനം. കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍എസ്എസ് ഇടം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍ ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയണമെന്നില്ല. എല്ലാക്കാലത്തും പൊലീസിന് എതിരെ വിമര്‍ശനമുണ്ടായിട്ടുണ്ട്. തെറ്റുകണ്ടാല്‍ ശിക്ഷിക്കുകയും തിരുത്തുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് ഇടതുപക്ഷത്തെ പ്രധാന പാര്‍ട്ടിയായ സിപിഎം നിലപാടെടുത്തിരിക്കെയാണ് സിപിഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടണെന്നാണ് സിപിഎം പിബി വിലയിരുത്തിയത്.
രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം ഇതിന്റെ ഉദാഹരണമാണ്. ബിജപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക കക്ഷികളാണെന്നും പിബി യോഗം വിലയിരുത്തി. കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ ശക്തമായ അഭിപ്രായ ഭിന്നത സിപിഎമ്മിന്റെ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.