എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ രണ്ടര മടങ്ങ് ഉയരമുള്ള ഛിന്നഗ്രഹം ജനുവരി 18-ന് ഭൂമിക്കരികെ; ഭയം വേണ്ടെന്ന് നാസ

 എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ രണ്ടര മടങ്ങ് ഉയരമുള്ള ഛിന്നഗ്രഹം ജനുവരി 18-ന് ഭൂമിക്കരികെ; ഭയം വേണ്ടെന്ന് നാസ


ന്യൂയോര്‍ക്ക്: യു. എസിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ രണ്ടര മടങ്ങ് ഉയരമുള്ള ഛിന്നഗ്രഹം ജനുവരി 18-ന് ഭൂമിക്കരികില്‍ വരെ വരുമെന്ന് നാസ. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ വേഗതയും ഭൂമിയുടെ ഭ്രമണപഥവും കണക്കിലെടുത്താല്‍ കൂട്ടിയിടിക്കില്ലെന്ന സന്തോഷ വാര്‍ത്തയും അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ സ്ഥാപനം പങ്കുവയ്ക്കുന്നു

അമിത വലിപ്പം മൂലം നാസ അപകടസാധ്യതയുള്ള ഛിന്നഗ്രഹമായി തരംതിരിച്ചിട്ടുണ്ട് 1.052 കിലോമീറ്റര്‍ വ്യാസമുള്ള 7482 (1994 പിസി 1) നെ. ഭൂമിയോട് താരതമ്യേന വളരെ അടുത്താകും ഇത് സഞ്ചരിക്കുന്നത്. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ഭൂമിയുമായി കൂട്ടിയിടിക്കുന്നതിലേക്ക് നീങ്ങുമെന്ന ഉത്കണ്ഠ ചില ശാസ്ത്രജ്ഞന്മാര്‍ക്കെങ്കിലുമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

1994 ഓഗസ്റ്റ് 9 ന് ഓസ്‌ട്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് ഒബ്‌സര്‍വേറ്ററിയില്‍ റോബര്‍ട്ട് മക്‌നോട്ട് ആണ് ഈ ഛിന്നഗ്രഹം ആദ്യമായി കണ്ടെത്തിയത്. ജനുവരി 18-ന്, ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം 4:51 പി എം ന് (ഇന്ത്യന്‍ സമയം ജനുവരി 19 പുലര്‍ച്ചെ 3:21 എ എം ) ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. ഇനി 200 വര്‍ഷത്തിനുള്ളില്‍ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഇത്രയും അടുത്തു വരില്ല.

ഭൂമിയില്‍ നിന്ന് 1.2 ദശലക്ഷം മൈല്‍ അല്ലെങ്കില്‍ 1.93 ദശലക്ഷം കിലോമീറ്റര്‍ അകലെ കൂടി ഈ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 5.15 മടങ്ങാണ്. ഭൂമിയും ചന്ദ്രനുമായുള്ള അകലം കണക്കിലെടുക്കമ്പോള്‍ ഇത്, വേണ്ടത്ര സുരക്ഷിതമാണെന്നു ശാസ്ത്രകാരന്മാര്‍ കരുതുന്നു.മണിക്കൂറില്‍ 43,754 മൈല്‍ വേഗതയിലാണതിന്റെ നീക്കം.ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള ആപേക്ഷിക വേഗതയാകട്ടെ സെക്കന്‍ഡില്‍ 19.56 കിലോമീറ്റര്‍.

ബഹിരാകാശത്തെ വലിയ പാറകളാണ് ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ എന്നിവ. സൂര്യനെ ചുറ്റുന്നതിനിടെ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണം കാരണമാണ് ഇടയ്ക്കിടെ അവയുടെ ഭ്രമണപഥത്തില്‍ വ്യത്യാസം വരുന്നത്. ഈ ബഹിരാകാശ പാറകള്‍ ഏതെങ്കിലും ഗ്രഹവുമായി കൂട്ടിയിടിക്കുമ്പോള്‍, ദുരന്തമായി മാറും. അതുകൊണ്ടാണ്, 150 മീറ്ററിലധികം വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുമ്പോള്‍ പോലും, നാസ അതിനെ അപകടകരമായ ഛിന്നഗ്രഹമായി തരംതിരിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നത്.

7482 (1994 പിസി 1) നെ കൂടാതെ, മറ്റ് നിരവധി ഛിന്നഗ്രഹങ്ങളും ജനുവരി മാസത്തില്‍ ഭൂമിയെ കടന്നുപോകാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വരുന്നതായി നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 24 അടി ചുറ്റളവില്‍ 7 മീറ്റര്‍ വ്യാസമുള്ള ധൂമകേതു ജനുവരി 6 ന് ഭൂമിയുടെ 4.6 ദശലക്ഷം മൈല്‍ (7.4 ദശലക്ഷം കിലോമീറ്റര്‍) ഉള്ളില്‍ കടന്നുപോകും.

ജനുവരി 7-ന് 1.08 ദശലക്ഷം മൈല്‍ അകലെ കൂടി ഭൂമിയെ കടന്നുപോകുന്നത് 13 അടി (4 മീറ്റര്‍) വ്യാസം മാത്രമുള്ള ഛിന്നഗ്രഹമാണ്. 11 ന് ഭൂമിയില്‍ നിന്ന് 3.48 ദശലക്ഷം മൈല്‍ അകലെ കടന്നുപോകാന്‍ ഒരുങ്ങുന്ന ഛിന്നഗ്രഹത്തിന് ഏകദേശം 340 അടി (104 മീറ്റര്‍) വീതിയുണ്ട് അപകടകരമാകില്ല ആ ഛിന്നഗ്രഹവുമെന്നാണ് ഇതുവരെയുള്ള നിഗമനം. എങ്കിലും ഇതിന്റെ വരവ് ശാസ്ത്രലോകം ആശങ്കയോടെ തന്നെയാണ് കാണുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.