ബിഹാറില്‍ എണ്‍പത്തിനാലുകാരന്‍ വാക്‌സിനെടുത്തത് 11 തവണ; അന്വേഷണം ആരംഭിച്ചു

ബിഹാറില്‍ എണ്‍പത്തിനാലുകാരന്‍ വാക്‌സിനെടുത്തത് 11 തവണ; അന്വേഷണം ആരംഭിച്ചു

പട്ന: ബിഹാറില്‍ 11 തവണ വാക്‌സിനെടുത്ത് എണ്‍പത്തിനാലുകാരന്‍. മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്മദേവ് മണ്ഡലാണ് സർക്കാർ സംവിധാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഇത്രയും ഡോസ് വാക്സിനെടുത്തത്.

കോവിഡിനെ പേടിച്ചാണ് തുടർച്ചയായി കുത്തിവെപ്പെടുത്തതെന്നും വാക്സിൻ ഗംഭീര സംഭവമാണെന്നുമാണ് മണ്ഡലിന്റെ വിശദീകരണം. പന്ത്രണ്ടാമത്തെ ഡോസെടുക്കുന്നതിനു മുമ്പായാണ് മണ്ഡൽ പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

തപാൽവകുപ്പിലെ മുൻ ജീവനക്കാരനായ മണ്ഡൽ കഴിഞ്ഞവർഷം ഫെബ്രുവരി 13നാണ് ആദ്യ കുത്തിവെപ്പെടുത്തത്. മാർച്ച് 13 ന് രണ്ടാമത്തെ ഡോസെടുത്തു. മേയ് 19 ന് മൂന്നാമത്തെയും ജൂൺ 16 ന് നാലാമത്തെയും ഡോസ് സ്വീകരിച്ചു. ഇങ്ങനെ മിക്ക മാസങ്ങളിലും വാക്സിനെടുത്തു. ഇതിൽ എട്ടും ഒമ്പതും ഡോസുകൾക്കിടയിൽ രണ്ടുദിവസത്തെ ഇടവേള മാത്രമാണുള്ളത്. ഡിസംബർ 30 ന് 11-ാമത്തെ ഡോസുമെടുത്തു എന്നുമാണ് ഇയാൾ പറയുന്നത്.

ഇതിനായി എട്ടുതവണ തന്റെ ആധാർ കാർഡും ഫോൺ നമ്പറും ഉപയോഗിച്ചു. ഭാര്യയുടെ ഫോൺ നമ്പറും തന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും മൂന്ന് അവസരങ്ങളിലും നൽകി. ഓൺലൈനായി ബുക്കിങ് ആവശ്യമില്ലാത്ത വാക്സിൻ വിതരണ ക്യാമ്പുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കി.

ഇത്തരം ക്യാമ്പുകളിൽ വാക്സിനെടുക്കുന്നവരുടെ ആധാർ വിവരങ്ങളും ഫോൺനമ്പറും പിന്നീടാണ് ഡേറ്റാബേസിലേക്ക് കൂട്ടിച്ചേർക്കുന്നത്. വിവരങ്ങൾ ആവർത്തിക്കുമ്പോൾ ഇത് നിരസിക്കപ്പെടുകയും ഡോസ് സ്വീകരിച്ച വിവരം രേഖപ്പെടുത്താതെ പോകുകയുമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.