വാക്സിന്‍ എടുത്തില്ല: ലോക ടെന്നിസ് താരം ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞ് ഓസ്‌ട്രേലിയ; വിസ റദ്ദാക്കി തിരിച്ചയയ്ക്കും

വാക്സിന്‍ എടുത്തില്ല: ലോക ടെന്നിസ് താരം ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞ് ഓസ്‌ട്രേലിയ; വിസ റദ്ദാക്കി തിരിച്ചയയ്ക്കും

മെല്‍ബണ്‍: കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. അതിര്‍ത്തി സേന ഉദ്യോഗസ്ഥരാണ് ഇന്നലെ രാത്രി എത്തിയ സെര്‍ബിയന്‍ താരത്തെ തടഞ്ഞുവച്ചത്. ജോക്കോവിച്ച് രാജ്യത്തേക്കു പ്രവേശിക്കാനുള്ള മെഡിക്കല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയതായും ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് (എ.ബി.എഫ്) അറിയിച്ചു. നിലവിലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ ജോക്കോവിച്ചിനെ സെര്‍ബിയയിലേക്കു തിരിച്ചയയ്ക്കും.

ഇന്നു രാവിലെ 10 മണിയോടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള ഒരു ഹോട്ടലിലേക്ക് താരത്തെ മാറ്റിയതായി എബിസി റിപ്പോര്‍ട്ട് ചെയ്തു.

നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ദുബായില്‍നിന്നുള്ള വിമാനത്തില്‍ മെല്‍ബണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ 34 വയസുകാരനായ താരത്തെ തടഞ്ഞത്. വിമാനം ഇറങ്ങിയ ജോക്കോവിച്ചിനോട് വാക്‌സിന്‍ ഡോസുകള്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്കു പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വാക്‌സിന്‍ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവു ഹാജരാക്കാനും താരത്തിന് കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു.

സംഭവം സെര്‍ബിയയും ഓസ്‌ട്രേലിയയും തമ്മില്‍ നയതന്ത്ര തലത്തിലുള്ള തര്‍ക്കത്തിനും കാരണമായിട്ടുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ഓസ്‌ട്രേലിയ. ജോക്കോവിച്ചിന് ഇളവ് അനുവദിക്കുന്നതിനെതിരെ ഓസ്‌ട്രേലിയയില്‍ കടുത്ത പ്രതിഷേധമുണ്ടായിരുന്നു.


ടെന്നീസ് താരത്തിന് പിന്തുണയുമായി ആരാധകര്‍ മെല്‍ബണ്‍ വിമാനത്താവളത്തില്‍ ഒത്തുകൂടിയപ്പോള്‍

കോവിഡ് വാക്‌സിനെടുക്കാത്തതിനാല്‍ ടെന്നീസ് താരത്തിന് രാജ്യത്തേക്കു പ്രവേശനം അനുവദിക്കാനാകില്ലെന്നും തിരിച്ചയയ്ക്കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

നിയമം എല്ലാവര്‍ക്കും ബാധകമാണ്. ആരും നിയമത്തിന് അതീതരല്ല. രാജ്യത്തേക്കുള്ള പ്രവേശനത്തിന് ഇരട്ട വാക്‌സിനേഷന്‍ ആവശ്യമാണ്. അല്ലെങ്കില്‍ വാക്‌സിന്‍ എടുക്കാത്തതിനു തക്കതായ മെഡിക്കല്‍ ഇളവ് ബോധിപ്പിക്കാന്‍ കഴിയണം. ഓസ്ട്രേലിയയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. എന്നാല്‍ വാക്സിന്‍ എടുക്കാത്ത പൗരനല്ലാത്തയാളാണ് നിങ്ങളെങ്കില്‍ രാജ്യത്തേക്കു പ്രവേശനം അനുവദിക്കാനാകില്ല-സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി.

ഇളവ് അനുവദിച്ചെന്ന അവകാശവാദമല്ലാതെ കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ തന്നെ താരത്തെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്ന് ജോക്കോവിച്ച് എത്തുന്നതിന് ഒരു ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു

വാക്‌സിന്‍ ഡോസുകള്‍ എടുത്തിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചാണ് താരം വിമാനം കയറിയത്. എന്നാല്‍ മെല്‍ബണിലെത്തിയപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു.

താരത്തോട് ഓസ്‌ട്രേലിയ മോശമായി പെരുമാറിയതായി സെര്‍ബിയ കുറ്റപ്പെടുത്തി. ജോക്കോയോട് ഫോണില്‍ സംസാരിച്ച സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിച്ച് രാജ്യം മുഴുവന്‍ താരത്തിനൊപ്പമുണ്ടെന്നും ഓസ്‌ട്രേലിയയിലേക്കുള്ള പ്രവേശനത്തിനു വേണ്ടി പോരാടുമെന്നും അറിയിച്ചു. നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ അറിയിച്ചു. ജനുവരി 17-നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജോക്കോയ്ക്ക് പ്രത്യേക പരിഗണന ഒന്നും നല്‍കിയിട്ടില്ലെന്ന് ടൂര്‍ണമെന്റ് മേധാവി പറഞ്ഞു. കൃത്യമായ കാരണമില്ലാതെ ആര്‍ക്കും ഇളവ് നല്‍കിയില്ലെന്നും അദ്ദേഹം അറിയിച്ചു.

വാക്സിന്‍ എടുക്കാത്ത താരങ്ങള്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കില്ലെന്നു സംഘാടകരായ ടെന്നിസ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സ്വതന്ത്ര സംഘം വാക്സിന്‍ എടുക്കുന്നതില്‍നിന്ന് ഒഴിവാക്കുന്ന താരങ്ങള്‍ക്കു മാത്രമായിരിക്കും ഇളവെന്നും ടെന്നിസ് ഓസ്ട്രേലിയ വ്യക്തമാക്കി. ഇതേതുടര്‍ന്ന്് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ജോക്കോയെ ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയതോടെ മത്സരത്തില്‍ പങ്കെടുക്കാനുള്ള സാധ്യത തെളിഞ്ഞു.

ടെന്നീസ് ഓസ്ട്രേലിയയും വിക്ടോറിയന്‍ സര്‍ക്കാരുമാണ് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.

നിലവിലെ ചാമ്പ്യനായ ജോക്കോ ഇതുവരെ ഒന്‍പതു വട്ടം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായിയിട്ടുണ്ട്. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ താരമാണ് ജോക്കോവിച്ച്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.