സ്ത്രീകള്‍ക്ക് അത് ലറ്റിക് പരിശീലനത്തിലും മത്സരത്തിലും വിലക്കേര്‍പ്പെടുത്തി താലിബാന്‍

സ്ത്രീകള്‍ക്ക് അത് ലറ്റിക് പരിശീലനത്തിലും മത്സരത്തിലും വിലക്കേര്‍പ്പെടുത്തി താലിബാന്‍



കാബൂള്‍ :അഫ്ഗാനിലെ സ്ത്രീകളെ അത് ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കി താലിബാന്‍. വനിതാ അത് ലറ്റിക് താരങ്ങള്‍ കായിക പരിശീലനം നടത്തേണ്ടെന്നും നിര്‍ദ്ദേശമുണ്ട്. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സ്ത്രീകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫുട്‌ബോള്‍ ടീം ഇതോടെ നാടു വിട്ടു.

താലിബാന്‍ അധികാരത്തിലേറിയത് മുതല്‍ തനിക്ക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് പ്രശസ്ത തൈക്കോണ്ടോ താരം താഹിറ സുല്‍ത്താനി പറയുന്നു. പരിശീലനത്തിനായി നിരവധി സ്പോര്‍ട്സ് ക്ലബ്ബുകളില്‍ പോയിരുന്നു. എന്നാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ക്ലബ്ബ് നടത്തിപ്പുകാര്‍ പറയുന്നതെന്നും താഹിറ വ്യക്തമാക്കി.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായുണ്ടായിരുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നതെന്ന് മറ്റൊരു കായിക താരമായ അരിസോ അഹ്‌മദി പറഞ്ഞു. ലോകത്തിന്റെ നെറുകയില്‍ അഫ്ഗാന്റെ പതാക ഉയര്‍ത്തണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ അതെല്ലാം പാഴ് സ്വപ്നമായെന്നും അരിസോ പ്രതികരിച്ചു. ജുജുറ്റ്സു താരമായ അരിസോ നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയ താരമാണ്.

അതേസമയം താലിബാന്റെ നടപടിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റി വക്താവ് പറഞ്ഞു. നടപടി പിന്‍വലിക്കാന്‍ താലിബാനോട് ആവശ്യപ്പെടും. നിലവിലെ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നതെന്നും വക്താവ് വ്യക്തമാക്കി.

താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലേറിയതിന് പിന്നാലെ സ്ത്രീകളെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. അത്ലറ്റിക് താരങ്ങളെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കിയ താലിബാന്‍ നടപടിയിലൂടെ ഇത് പൂര്‍ണമായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.