വിളവെടുപ്പ് കഴിഞ്ഞ വാഴത്തണ്ട് ഇനി വളമാക്കാം; സാങ്കേതികവിദ്യ പരിചയപ്പെടുത്തി കെവികെ

വിളവെടുപ്പ് കഴിഞ്ഞ വാഴത്തണ്ട് ഇനി വളമാക്കാം; സാങ്കേതികവിദ്യ പരിചയപ്പെടുത്തി കെവികെ

വിളവെടുത്ത ശേഷം ഉപയോഗശൂന്യമായി കിടക്കുന്ന വാഴത്തണ്ടുകള്‍ മണ്ണിന് ഗുണകരമാക്കി മാറ്റുന്ന രീതി പരിചയപ്പെടുത്തി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ).
ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്രമുപയോഗിച്ച് വാഴത്തണ്ടുകള്‍ വളരെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി എളുപ്പത്തില്‍ മണ്ണില്‍ ലയിച്ചു ചേരാനും വളമാക്കി മാറ്റാന്‍ കംപോസ്റ്റിംങിന് പാകപ്പെടുത്തുന്നതുമാണ് കെവികെ പ്രദര്‍ശിപ്പിച്ച സാങ്കേതികവിദ്യ. മണ്ണില്‍ പെട്ടെന്ന് ലയിച്ചു ചേരാനും അതുവഴി മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാനും ഈ രീതിയിലൂടെ സാധിക്കും.

സാധാരണ വിളവെടുത്ത വാഴത്തണ്ടുകള്‍ അടുത്ത കൃഷിക്ക് തടസമായും കീടങ്ങളുടെയും മറ്റും താവളമായും തോട്ടങ്ങളില്‍ ദിവസങ്ങളോളം കിടക്കുകയാണ് പതിവ്. എന്നാല്‍ വിളവെടുപ്പ് കഴിയുന്നമുറയ്ക്ക് ഇവ പൊടിച്ചു മാറ്റുന്നതിലൂടെ വേഗം ലയിച്ച് ചേര്‍ന്ന് മണ്ണിന്റെ ജൈവാംശം മെച്ചപ്പെടുത്തുകയും സ്ഥലം ലാഭിക്കാനും ആവശ്യമെങ്കില്‍ വാഴത്തണ്ടുകള്‍ കമ്പോസ്റ്റിംങ് നടത്തി വളമാക്കി മാറ്റാനും കഴിയും.

ഒരു ഏക്കര്‍ തോട്ടത്തില്‍ 30 ടണ്‍ വരെ വാഴത്തണ്ടുകള്‍ ഉണ്ടാകും. ഇവ മണിക്കൂറില്‍ നാല് ടണ്‍ എന്ന തോതില്‍ യന്ത്രം ഉപയോഗിച്ച് ചെറു കഷ്ണങ്ങളാക്കി മാറ്റാന്‍ കഴിയും. ഇവ മണ്ണില്‍ ലയിച്ചു ചേരുന്നതോടെ രാസവളങ്ങളുടെ ഉപയോഗം 16 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് കെവികെയിലെ വിദഗ്ധര്‍ പറയുന്നു.
കൂടാതെ വിളവെടുത്തതിന് ശേഷമുള്ള വാഴത്തണ്ട് ഉയോഗിച്ച് ശേഖരിച്ച് വയ്ക്കാവുന്ന തരത്തിലുള്ള കാലിത്തീറ്റ നിര്‍മിക്കുന്നത് ഫലപ്രദമാകുമോയെന്നതും കെവികെയിലെ വിദഗ്ധര്‍ പഠനവിധേയമാക്കുന്നുണ്ട്.

മാലിന്യത്തില്‍ നിന്നും സമ്പാദ്യമെന്ന കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കെവികെ ഈ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നത്. ആവശ്യക്കാര്‍ക്ക് കെവികെയുടെ ട്രാക്ടറും യന്ത്രങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ഫോണ്‍: 9562120666.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.