ബഹിരാകാശത്ത് എത്തുമ്പോള്‍ ഭൂമി നിങ്ങളെ ഭ്രമിപ്പിക്കും: 12 ദിവസത്തെ ബഹിരാകാശ വാസത്തെക്കുറിച്ച് ജാപ്പനീസ് ശതകോടീശ്വരന്‍

ബഹിരാകാശത്ത് എത്തുമ്പോള്‍ ഭൂമി നിങ്ങളെ ഭ്രമിപ്പിക്കും: 12 ദിവസത്തെ ബഹിരാകാശ വാസത്തെക്കുറിച്ച് ജാപ്പനീസ് ശതകോടീശ്വരന്‍


ടോക്യോ: ഓണ്‍ലൈന്‍ ഫാഷന്‍ വ്യവസായിയും ജപ്പാനിലെ ശതകോടീശ്വരനുമായ യുസാകു മേസാവ കഴിഞ്ഞ ദിവസമാണ് 12 ദിവസത്തെ ബഹിരാകാശ വാസം കഴിഞ്ഞ് തിരിച്ചെത്തിയത്. ഏകദേശം 607 കോടി രൂപ മുടക്കിയാണ് ഫാഷന്‍ രംഗത്തെ അതികായനായ മേസാവ ബഹിരാകാശത്തേക്ക് പോയത്.

12 ദിവസങ്ങളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ യുസാകു മേസാവ ചെലവഴിച്ചത്. തന്റെ ബഹിരാകാശ അനുഭവം പങ്കുവെക്കാനായി 46 വയസുകാരനായ മേസാവ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. പോയിവന്നശേഷം ആദ്ദേഹം ആദ്യം പറഞ്ഞത് വാട്ടര്‍തീം പാര്‍ക്കുകളിലെ റോളര്‍കോസ്റ്റ് റൈഡാണ് ബഹിരാകാശത്തേക്കുള്ള യാത്രയേക്കാള്‍ ഭയാനകം എന്നാണ്.

'നിങ്ങള്‍ ബഹിരാകാശത്തേക്ക് പോയാല്‍ ഭൂമിയോട് അതിരറ്റ അഭിനിവേശം തോന്നും. ഭൂമിയില്‍ കാറ്റുണ്ട്, ഗന്ധമുണ്ട്, ഋതുക്കളുണ്ട് എന്നോര്‍ത്ത് സന്തോഷിക്കും. ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്നതിനേക്കാള്‍ 100 മടങ്ങ് മനോഹരമായി ബഹിരാകാശത്ത് നിന്ന് ഭൂമിയെ കാണാം-അദ്ദേഹം വ്യക്തമാക്കി.



ലോഞ്ച് സമയത്തുള്ള അനുഭവം ഏറെ ആസ്വദ്യകരമായിരുന്നു. സ്റ്റേഷനില്‍ നിന്ന് ഒരു ഷിന്‍കാന്‍സെന്‍ (ബുള്ളറ്റ്) ട്രെയിന്‍ പുറപ്പെടുന്നത് പോലെ എനിക്ക് തോന്നി. അത് വളരെ സുഗമമായിരുന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ മാത്രമാണ് പേടകം വിക്ഷേപിക്കപ്പെടുകയാണെന്ന് മനസിലായത്-മേസാവ പറഞ്ഞു.

അടുത്ത വര്‍ഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സ്പേസ് എക്സിന്റെ ചാന്ദ്ര യാത്രയിലെ ആദ്യത്തെ സ്വകാര്യ യാത്രക്കാരനാകാനുള്ള പുറപ്പാടിലാണ് മേസാവ.

മേസാവ, സഹായി യോസോ ഹിരാനോ, റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടര്‍ മിസുര്‍കി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് സോയൂസ് എം.എസ്-20ലേറി യാത്ര പുറപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ദിവസങ്ങളോളമുള്ള വാസം വിശദീകരിച്ച് യൂട്യൂബില്‍ തന്നെ പിന്തുടരുന്നവര്‍ക്കായി മേസാവ വീഡിയോ തയാറാക്കിയിരുന്നു. കസാഖ്‌സ്താനിലെ പുല്‍പ്രദേശത്ത് വിജയകരമായി തിരിച്ചിറക്കം പൂര്‍ത്തിയാക്കിയതോടെ റഷ്യയും ബഹിരാകാശ ടൂറിസത്തിലേക്കു ചുവടുവെയ്ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.