മുംബൈ: ന്യൂയോര്‍ക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ മാന്‍ഡാരിന്‍ ഓറിയന്റലിന്റെ ഉടമസ്ഥാവകാശം മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസി(ആര്‍ഐഎല്‍)ലേക്ക്. ഇതുവരെ മുഖ്യ ഉടമകളായിരുന്ന കേമാന്‍ ഐലന്‍ഡ്സിലെ കൊളംബസ് സെന്റര്‍ കോര്‍പ്പറേഷന്റെ മുഴുവന്‍ ഓഹരി മൂലധനവും 98 ദശലക്ഷം ഡോളറിന് (727 കോടി രൂപ ) ആര്‍ഐഎല്‍ ന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് വാങ്ങിയതോടെയാണിത്.
മാന്‍ഡാരിന്‍ ഓറിയന്റലിന്റെ 73.37 ശതമാനം ഓഹരികളാണ് കൊളംബസ് സെന്റര്‍ കോര്‍പ്പറേഷനിലുള്ളത്.ഹോട്ടലിന്റെ മറ്റ് ഉടമകള്‍ വില്‍പ്പന ഇടപാടില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, 73.37 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ഉപയോഗിച്ച അതേ മൂല്യനിര്‍ണ്ണയത്തെ അടിസ്ഥാനമാക്കി, ശേഷിക്കുന്ന 26.63 ശതമാനം ഓഹരികളും ഏറ്റെടുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് അറിയിച്ചു.
റിലയന്‍സിന്റെ ഉപഭോക്തൃ, ഹോസ്പിറ്റാലിറ്റി മേഖല വികസിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കല്‍. റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് ഒബറോയ് ഹോട്ടല്‍സില്‍ നിക്ഷേപമുണ്ട്, കൂടാതെ ബക്കിംഗ്ഹാംഷെയറിലെ 300 ഏക്കര്‍ സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ്ബും സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ഹോട്ടല്‍, നിയന്ത്രിത വസതികള്‍ എന്നിവയും റിലയന്‍സ് വികസിപ്പിക്കുന്നുണ്ട്.
പൗരാണികമായ സെന്‍ട്രല്‍ പാര്‍ക്കിനും കൊളംബസ് സര്‍ക്കിളിനും സമീപമായി 80 കൊളംബസ് സര്‍ക്കിളിലാണ് മാന്‍ഡാരിന്‍ ഓറിയന്റല്‍ സ്ഥിതി ചെയ്യുന്നത്. 2018ല്‍ 115 മില്യണ്‍ ഡോളറും 2019ല്‍ 113 മില്യണ്‍ ഡോളറും 2020ല്‍ 15 മില്യണ്‍ ഡോളറും വരുമാനം നേടിയിരുന്നു ഈ ഐക്കണിക് ആഡംബര ഹോട്ടല്‍. 2003ല്‍ സ്ഥാപിതമായ ഹോട്ടലിന് ആഗോള അംഗീകാരമുണ്ടെന്നും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടെന്നും റിലയന്‍സ് പ്രസ്താവനയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.