സിഡ്‌നി: വീട്ടിലെ കുളിമുറിയില്‍ പ്രസവിക്കേണ്ടി വന്ന കുഞ്ഞിനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന ആരോപണവുമായി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സ്വദേശികളായ മാതാപിതാക്കള്‍. ദമ്പതികളായ അലക്‌സിനും മെലാനിക്കുമാണ് ശ്വാസതടസം മൂലം ഗുരുതരാവസ്ഥയിലായ കുഞ്ഞുമായി ആംബുലന്‍സിനു വേണ്ടി കാത്തിരിക്കേണ്ട ദുരവസ്ഥയുണ്ടായത്. ഒടുവില്‍ ദമ്പതികള്‍ കുഞ്ഞിനെ കാറിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തലനാരിഴയ്ക്ക് കുഞ്ഞിനെ മരണത്തില്‍നിന്നു രക്ഷപ്പെടുത്താനായതിന്റെ ആശ്വാസത്തിലാണ് ഇരുവരും.
അടിയന്തര ഘട്ടത്തില്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന ആരോപണത്തെതുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് സേവന വിഭാഗം അന്വേഷണം ആരംഭിച്ചു.
അലക്സും മെലാനിയും
ജനുവരി രണ്ടിന് രാവിലെ ആറു മണിയോടെയാണ് സിഡ്നിയില്‍നിന്നുള്ള ദമ്പതികളായ അലക്‌സിനും മെലാനിക്കും കുഞ്ഞ് ജനിച്ചത്. പേജ്‌വുഡിലെ വീട്ടില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ട മെലാനി കുളിമുറിയില്‍ എത്തിയപ്പോഴേക്കും പൊടുന്നനെ പ്രസവിക്കുകയായിരുന്നു. പുറത്തേക്കു വന്ന കുഞ്ഞ് ശ്വസിക്കുകയോ അനങ്ങുകയോ ചെയ്യുന്നില്ലെന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടു.
പരിഭ്രാന്തരായ ദമ്പതികള്‍ ഉടന്‍ ആംബുലന്‍സ് സേവനത്തിന്റെ നമ്പരായ 000-ത്തില്‍ വിളിച്ചു. എന്നാല്‍ ആംബുലന്‍സ് ലഭിക്കുമോ എത്ര സമയം കൊണ്ട് ലഭ്യമാകുമെന്നോ പറയാന്‍ ഓപ്പറേറ്റര്‍ക്ക് കഴിഞ്ഞില്ല.
പ്രാഥമിക ശുശ്രൂഷ നല്‍കിയിട്ടും കുഞ്ഞിന്റെ നില വഷളായിക്കൊണ്ടിരുന്നു. തുടര്‍ന്ന് റാന്‍ഡ് വിക്കിലെ സ്ത്രീകള്‍ക്കായുള്ള റോയല്‍ ഹോസ്പിറ്റലിലേക്ക് സ്വയം ഡ്രൈവ് ചെയ്തു പോകാന്‍ ദമ്പതികള്‍ തീരുമാനിച്ചു. വലിയ പരീക്ഷണത്തിലൂടെയും മാനസിക ബുദ്ധിമുട്ടിലൂടെയുമാണ് തങ്ങള്‍ കടന്നുപോയതെന്ന് മെലാനി പറഞ്ഞു. യാത്രയിലുടനീളം കുഞ്ഞിന് തുടര്‍ച്ചയായി സിപിആര്‍ നല്‍കേണ്ടിവന്നു. അമ്മ മിഡ് വൈഫ് ആയതിനാലാണ് കുഞ്ഞ് മരണത്തില്‍ നിന്നു രക്ഷപ്പെട്ടതെന്ന് പിതാവ് പറയുന്നു. പ്ലാസന്റയോട് ചേര്‍ന്നിരുന്നതിനാലാണ് കുഞ്ഞിന് അത്രയും നേരം ഓക്‌സിജന്‍ ലഭിച്ചത്.
ദമ്പതികള്‍ക്ക് ആംബുലന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതില്‍ ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് ക്ഷമാപണം നടത്തി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വിശദാംശങ്ങള്‍ കുടുംബത്തിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
കുഞ്ഞ് ജനിച്ച ദിവസത്തോടനുബന്ധിച്ച് ആംബുലന്‍സ് സേവനത്തിന് അത്യപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടതായി വക്താവ് പറഞ്ഞു. കുഞ്ഞ് ജനിക്കുന്നതിന് തലേദിവസം 5,120 കോളുകളാണ് ലഭിച്ചത്.
ദമ്പതികള്‍ ആശുപത്രിയില്‍ എത്തിയ ഉടനെ ഏതനെ നവജാത തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒരാഴ്ചത്തെ ചികിത്സയിലൂടെ കുഞ്ഞ് ഏദന്‍ സുഖം പ്രാപിച്ചു.
കോവിഡ് കേസുകള്‍ കൂടിയതോടെ ആരോഗ്യ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇക്കാര്യം പ്രീമിയര്‍ ഡൊമിനിക് പെറോട്ടെറ്റ് അംഗീകരിക്കുന്നു. ആരോഗ്യ സംവിധാനം വലിയ സമ്മര്‍ദ്ദത്തിലൂടെയാണു കടന്നുപോകുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ ഉയര്‍ന്ന നിലയിലെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.
അടിയന്തിര സാഹചര്യം ഇല്ലെങ്കില്‍ ട്രിപ്പിള്‍ സീറോ വിളിക്കരുതെന്ന് ആംബുലന്‍സ് സേവന വിഭാഗം അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.