ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,47,417 പേര്‍ക്കാണ് കോവിഡ് സ്തിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പ്രതിദിന കേസുകള്‍ കുതിക്കുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 84,825 പേര്‍ രോഗമുക്തി നേടി. 13.11 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 5488 ആയി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകുന്നേരം 4.30 ന് ആരംഭിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേരുന്ന യോഗത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് പുറമെ, പുതിയ വകഭേദമായ ഒമിക്രോണും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഈ വര്‍ഷം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ ആദ്യ യോഗമാണിത്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ല.
അതേസമയം ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് പ്രതിരോധിക്കുക എന്ന ലക്ഷ്യമിട്ട് പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.