ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നീണ്ട പേര് ഓമനപ്പുത്രനിട്ട് സമിത്; ട്രോളര്‍മാര്‍ക്ക് ചാകരക്കൊയ്ത്ത്

ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നീണ്ട പേര് ഓമനപ്പുത്രനിട്ട് സമിത്; ട്രോളര്‍മാര്‍ക്ക് ചാകരക്കൊയ്ത്ത്

ജക്കാര്‍ത്ത: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് കടിഞ്ഞൂല്‍ പുത്രനു നല്‍കിയ ഇന്തോനേഷ്യക്കാരന്‍ സമിത് വഹൂദിയെയും ഭാര്യ ലിന്‍ഡയെയും എല്ലാ ദിക്കുകളില്‍ നിന്നും 'ട്രോളി' സോഷ്യല്‍ മീഡിയ. അതേസമയം, ' സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് 'എന്നു വേണം ആദ്യത്തെ കണ്മണിക്കു പേരിടാനെന്ന തന്റെ വിവാഹ പൂര്‍വ നിബന്ധനയെ ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യം നടന്നതിന്റെ അടക്കാനാകാത്ത ആഹ്‌ളാദത്തിലാണ് സമിത്.

1019 അക്ഷരങ്ങള്‍ ഉള്ള നാമച്ചങ്ങല തീര്‍ത്ത് ലോകത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ പേര് തന്റെ മകള്‍ക്കാണെന്ന അഭിമാന ബോധവുമായി ടെക്സസിലെ സാന്ദ്ര വില്ല്യംസ് ഗിന്നസ് ബുക്കിലേക്കു കയറിയതിന്റെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സമിത് - ലിന്‍ഡ ദമ്പതികള്‍ 'ഡിങ്കോ' എന്ന ഓമനപ്പേരിനു പിന്നാലെ സ്ഥാപനത്തിന്റെ പേര് കുഞ്ഞിന്റെ ജനന രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

ഇന്തോനേഷ്യയിലെ ബ്രെബസിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസിലാണ് 38 കാരനായ സമിത് ജോലി ചെയ്യുന്നത്. ജോലിയും തന്റെ ഓഫീസും വളരെ അധികം ഇഷ്ടപ്പെടുന്നുവെന്നും അതുപോലെ തന്നെയാണ് കുഞ്ഞിനെയും ഇഷ്ടപ്പെടുന്നത് എന്നുമാണ് കുട്ടിക്ക് ഇത്തരത്തിലൊരു വിചിത്രമായ പേര് നല്‍കിയതിന് അദ്ദേഹം നല്‍കുന്ന വിശദീകരണം.

അദ്ദേഹത്തിന് ഓഫീസിനോടുള്ള ഇഷ്ടത്തെക്കുറിച്ച് ലിന്‍ഡയ്ക്ക് അറിയാമായിരുന്നു എങ്കിലും സ്വന്തം കുഞ്ഞിന് ഇങ്ങനെയൊരു പേര് നല്‍കുമെന്ന് കരുതിയില്ല. ജനിക്കുന്ന കുഞ്ഞിന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് നല്‍കണമെന്ന് വിവാഹം കഴിഞ്ഞ ശേഷവും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു;എന്നാല്‍ അത് നടപ്പിലാക്കുമെന്ന് കരുതിയില്ല എന്നാണ് ഭാര്യ പറയുന്നത്.വ്യത്യസ്തമായതും അര്‍ത്ഥവുമുള്ളതുമായ പേര് നല്‍കാന്‍ ശ്രമിക്കുന്നവരായിരിക്കും മിക്ക മാതാപിതാക്കളുമെങ്കിലും സമിത് വഴിമാറിയാണു ചിന്തിച്ചത്. ദൈവങ്ങളുടെയും നടീനടന്മാരുടെയും, മറ്റ് മേഖലകളിലെ പ്രമുഖരുടെയും പേരുകളും സമിതിനെ ആകര്‍ഷിച്ചില്ല.

ജനിക്കുന്ന കുഞ്ഞ് ആണാണെങ്കിലും, പെണ്ണാണെങ്കിലും സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് എന്ന് പേര് നല്‍കുമായിരുന്നു എന്ന് സമിത് പറയുന്നു. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് തിരികെ വരുന്ന സമയത്താണ് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്. അതിനുശേഷമാണ് താനിട്ട പേര് സമിത് പരസ്യമാക്കിയത്.2003 ലാണ് സമിത്തിന് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസില്‍ ജോലി ലഭിച്ചത്. തനിക്ക് വീട് പോലെയാണ് ഓഫീസ് എന്ന് അദ്ദേഹം പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.