ഹീലിയം ബലൂണുകളും പ്രൊപ്പല്ലറുകളുമുള്ള പറക്കും യാനം വരും; വെള്ളത്തിലും, വായുവിലും തുടര്‍ച്ചയായ യാത്രയ്ക്ക്

  ഹീലിയം ബലൂണുകളും പ്രൊപ്പല്ലറുകളുമുള്ള പറക്കും യാനം വരും; വെള്ളത്തിലും, വായുവിലും തുടര്‍ച്ചയായ യാത്രയ്ക്ക്


മിലാന്‍: വെള്ളത്തിലും, വായുവിലും അഭംഗുരമായ യാത്ര സാധ്യമാക്കാന്‍ പ്രൊപ്പല്ലറുകളും ഹീലിയം ബലൂണുകളും ഇണക്കിച്ചേര്‍ത്ത ആഡംബര പറക്കും നൗക അണിഞ്ഞൊരുങ്ങുന്നു. കടലില്‍ പൊങ്ങിക്കിടക്കുന്നതും ഒഴുകുന്നതും കൂടാതെ 112 കിലോമീറ്റര്‍ വേഗതയില്‍ വായുവില്‍ പറന്ന് നീങ്ങാനും കഴിവുള്ള ആഡംബര നൗകയാണ് ഇറ്റാലിയന്‍ ഡിസൈന്‍ സ്റ്റുഡിയോ ലസാരിനിയുടെ 'എയര്‍ യോട്ട്'.പരിസ്ഥിതി മലിനീകരണത്തോത് പൂജ്യമെന്നും ഡിസൈനര്‍മാര്‍ അറിയിച്ചു.

150 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 20 മീറ്റര്‍ ഉയരവും വരുന്ന രണ്ട് സമാന്തര ഫ്‌ളോട്ടിംഗ് ബലൂണുകള്‍ (എയര്‍ഷിപ്പുകള്‍) നാല് കാര്‍ബണ്‍ ഫൈബര്‍ പാലങ്ങളിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച ഹീലിയം ബലൂണുകളാണ് ഈ എയര്‍ഷിപ്പുകള്‍. ഇടയിലെ അകലം 40 മീറ്റര്‍. കണ്‍ട്രോള്‍ പാനലും മറ്റും ഉള്‍പ്പെടുന്ന കേന്ദ്ര ഘടന എയര്‍ഷിപ്പുകള്‍ക്കിടയിലാണ്. 950 എച്ച്പി വീതമുള്ള എട്ട് കൌണ്ടര്‍-റൊട്ടേറ്റിംഗ് ഇലക്ട്രിക് എഞ്ചിനുകള്‍ പറക്കാനും ഒഴുകാനും സഹായിക്കുന്നു. അള്‍ട്രാ-ലൈറ്റ് ബാറ്ററികളും സോളാര്‍ പാനലുകളുമാണ് എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വൈദ്യുതി നല്‍കുന്നത്.



ഹീലിയം നിറച്ച ബലൂണുകള്‍ തന്നെ നൗകയുടെ പ്രധാന സവിശേഷത. കംപ്രസ് ചെയ്ത വാതകം പറക്കുന്നതിനു മുമ്പായി പുറത്തുവിടും. വന്‍ തോതില്‍ പണം ചെലവഴിച്ച് ആഡംബര സ്വകാര്യ റിസോര്‍ട്ട് ഉടമകളെ കണക്കിലെടുത്താണ് ഇത് രൂപകല്‍പ്പന ചെയ്തതെന്ന് കമ്പനി അറിയിച്ചു.എത്ര വില വരുമെന്ന് ഇതുവരെ വ്യക്തമല്ല.സാധാരണ യാത്രയ്ക്കായല്ല എയര്‍ യോട്ട് ഒരുക്കുന്നത്. ബെഡ്ഡിംഗ്, ബാത്തിംഗ് സൗകര്യങ്ങളുള്ള സ്വകാര്യ സ്യൂട്ടുകള്‍ ആണുള്ളത്. നൗകയ്ക്ക് 48 മണിക്കൂര്‍ വരെ തുടര്‍ച്ചയായി യാത്ര ചെയ്യാന്‍ കഴിയും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.