നല്ല ഉറക്കം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും; കൊറോണയെ വരെ തുരത്തുമെന്ന് പഠനം

നല്ല ഉറക്കം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും; കൊറോണയെ വരെ തുരത്തുമെന്ന് പഠനം

നല്ല ഉറക്കം രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം. നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും, ക്ഷീണം ഇല്ലാതാക്കുന്നതിനുമെല്ലാം ഉറക്കം സഹായകരമാണ്. ആയുര്‍വേദ വിധി പ്രകാരം നല്ല ഉറക്കം ആരോഗ്യത്തിന്റെ മൂന്ന് സുപ്രധാന ഘടകങ്ങളില്‍ ഒന്നാണ്. നല്ല ഉറക്കം രക്തസമ്മര്‍ദ്ദം കുറക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ കരളിലെ വിഷാംശമെല്ലാം നീക്കി ശരീരത്തിന് നല്ല ഉന്മേഷവും നല്‍കുന്നു.

തിരക്ക് കാരണം പലര്‍ക്കും നല്ല ഉറക്കം കിട്ടാറില്ല. ചിലര്‍ രാത്രി ഏറെ വൈകിയാണ് ഉറങ്ങുന്നത്. മൊബൈല്‍ ഫോണിലും, ഇന്റര്‍നെറ്റിലും സമയം ചിലവഴിച്ച ശേഷം ഇന്ന് ആളുകള്‍ക്ക് ഒന്നുറങ്ങാന്‍ നേരമില്ലെന്നായി. അതിനാല്‍ തന്നെ പല ആരോഗ്യ പ്രശ്നങ്ങളും മനുഷ്യന്‍ നേരിടുന്നു. നന്നായി ഉറങ്ങിയാല്‍ തന്നെ മനുഷ്യന്റെ പകുതി മാനസിക പിരിമുറുക്കം കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഉറക്കത്തിന്റെ ലഭ്യത ഒരു വ്യക്തിയുടെ നിത്യജീവിതത്തിലെ അവിഭാജ്യഘടകം തന്നെയാണ്. ഒരു ദിവസം നല്ല ഉറക്കം ലഭിച്ച വ്യക്തി വളരെ സന്തോഷവാനായിരിക്കും. ഉറക്കത്തെ ധ്യാനമായി കാണുന്ന സന്യാസിമാരുമുണ്ട്. ഇന്ന് ലോകത്ത് കൊറോണയും ഒമിക്രോണും എല്ലാം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഉറക്കത്തിന് ഒരു പരിധിവരെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്തിക്ക് നല്ല ആരോഗ്യം ഉണ്ടാവില്ല. ഉറക്കക്കുറവ് ഒരാളുടെ ദഹനപ്രക്രിയയെയും, രോഗപ്രതിരോധ ശേഷിയേയും എല്ലാം വളരെ അധികം ബാധിക്കുന്നു. മനുഷ്യനുണ്ടാകുന്ന ത്വക്ക് രോഗം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, തൈറോയ്ഡ്, ക്യാന്‍സര്‍ എന്നീ രോഗങ്ങളേയും ഒരു പരിധി വരെ പ്രതിരോധിക്കാന്‍ നല്ല ഉറക്കം സഹായിക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തി കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.