റാംബോദ് നാംദാര്‍
ടെല്‍അവീവ്: ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സി പിടികൂടി. ഇറാനില്‍ നിന്നുള്ള ജൂത കുടിയേറ്റക്കാരാണ് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ പിടിയിലായതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകര പ്രവര്‍ത്തനം പരാജയപ്പെടുത്തിയതിന് അഭിനന്ദനവുമായി ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് രംഗത്തെത്തി.
ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്റായ റാംബോദ് നാംദാര്‍ എന്നയാളാണ് ചാരന്മാരെ റിക്രൂട്ട് ചെയ്തതെന്നും ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്. ജൂത വിശ്വാസികളായി ചമഞ്ഞ് ടെല്‍ അവീവിലെ യുഎസ് കോണ്‍സുലേറ്റ് ഉള്‍പ്പെടെ ഇസ്രായേലിലെ തന്ത്രപ്രധാനമായ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്താനും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കാനും രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാനുമായി സ്ത്രീകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ പ്രതിഫലമായി നല്‍കി. ഇതില്‍ രണ്ട് പേര്‍ തങ്ങളുടെ മക്കളെ ഇസ്രയേല്‍ സേനയില്‍ ചേരാന്‍ പ്രേരിപ്പിച്ചതായും ഷിന്‍ ബെറ്റ് പറഞ്ഞു.
എന്നാല്‍, അയാള്‍ ഇറാനിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്ന് അറിയില്ലായിരുന്നുവെന്ന് ആരോപണ വിധേയരായ സ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്‍ക്കാന്‍ അവര്‍ക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത് ഗുരുതരമായ കേസാണെന്നും ഇസ്രായേലിനുള്ളില്‍ ഇറാനിയന്‍ ചാര ശൃംഖല സ്ഥാപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും സ്ത്രീകള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുണ്ടെന്നും ഷിന്‍ ബെറ്റ് പ്രതികരിച്ചു.
റാംബോദ് നാംദാര്‍ ഫേസ്ബുക്ക് വഴി സ്ത്രീകളെ സമീപിക്കുകയും പിന്നീട് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കല്‍ സേവനമായ വാട്ട്സ്ആപ്പ് വഴി അവരുമായി വര്‍ഷങ്ങളോളം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായും ഇസ്രായേല്‍ പറയുന്നു. ഇറാനിയന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകനാണെന്ന് സംശയിച്ചിട്ടും, അവരില്‍ ചിലര്‍ അയാളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ആവശ്യപ്പെടുന്ന വിവിധ ജോലികള്‍ ചെയ്യാന്‍ സമ്മതിക്കുകയും അയാളില്‍ നിന്ന് പണം സ്വീകരിക്കുകയും ചെയ്‌തെന്നും ഷിന്‍ ബെറ്റ് വ്യക്തമാക്കി.
ടെല്‍ അവീവിന്റെ പ്രാന്തപ്രദേശമായ ഹോലോണില്‍ നിന്നുള്ള 40 വയസുള്ള ഒരു സ്ത്രീയോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിയുടെ ഫോട്ടോകള്‍ എടുപ്പിച്ചു, അതുപോലെ ഇസ്രായേല്‍ ആഭ്യന്തര, സാമൂഹിക മന്ത്രാലയ കെട്ടിടങ്ങളുടെ ഉള്‍ഭാഗങ്ങളുടെയും ഒരു ഷോപ്പിംഗ് സെന്റിന്റെയും ചിത്രങ്ങള്‍ അവര്‍ പകര്‍ത്തി അയച്ചുകൊടുത്തതായും ഷിന്‍ ബെറ്റ് ആരോപിച്ചു.
ഇസ്രായേലി മിലിട്ടറി ഇന്റലിജന്‍സില്‍ ചേരാന്‍ മകനോട് പറയാനും അയാള്‍ സ്ത്രീയോട് ആവശ്യപ്പെട്ടത്രേ. ബെയ്ത് ഷെമേഷ് പട്ടണത്തില്‍ നിന്നുള്ള 57 വയസുകാരിയായ സ്ത്രീ തന്റെ മകനെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും സൈനിക രേഖകള്‍ കൈമാറുകയും ചെയ്തതായും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സി ആരോപിക്കുന്നുണ്ട്. ഇറാനിയന്‍ വംശജരായ ഇസ്രായേലികള്‍ക്കായി ഒരു ക്ലബ് സ്ഥാപിക്കാനായി അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്ത്രീയോട് ഇറാനിയന്‍ ഏജന്റ് നിര്‍ദ്ദേശിച്ചെന്നും, കൂടാതെ ഇസ്രായേല്‍ പാര്‍ലമെന്റിലെ ഒരു വനിതാ അംഗവുമായി അടുത്ത സൗഹൃദം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടെന്നും ഷിന്‍ ബെറ്റ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.