'ബേബി ഷാര്‍ക്ക്... ഡു... ഡു... ഡു...'; യൂട്യൂബിലെ കുട്ടിപ്പാട്ടിന്റെ ആസ്വാദക എണ്ണം 1000 കോടി കടന്നു

'ബേബി ഷാര്‍ക്ക്... ഡു... ഡു... ഡു...'; യൂട്യൂബിലെ കുട്ടിപ്പാട്ടിന്റെ ആസ്വാദക എണ്ണം 1000 കോടി കടന്നു


സോള്‍: യൂട്യൂബില്‍ 10 ബില്യണ്‍ കാഴ്ചക്കാരെ നേടുന്ന ആദ്യ വീഡിയോ എന്ന നേട്ടം സ്വന്തമാക്കി പിങ്ഫോങ്ങിന്റെ 'ബേബി ഷാര്‍ക്ക്'. ഇതാദ്യമായാണ് ഒരു വീഡിയോയ്ക്ക് ഈ പ്ലാറ്റ്ഫോമില്‍ 10 ബില്യണ്‍ അഥവാ 1000 കോടി കാഴ്ചക്കാരെ കിട്ടുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ആവേശത്തിലാഴ്ത്തിയ ഡാന്‍സ് വീഡിയോ 2016 ജൂണ്‍ 18-നാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്.

രണ്ട് കുട്ടികളാണ് ബേബി ഷാര്‍ക്ക് വീഡിയോയില്‍ അഭിനയിക്കുന്നത്. പശ്ചാത്തലമായി ആനിമേറ്റഡ് സ്രാവുകളും കടലും മറ്റും. 2019 ജനുവരിയില്‍ ബില്‍ബോര്‍ഡ് ഹോട്ട് 100-ല്‍ 32-ാം സ്ഥാനവും നേടിയിരുന്നു കുട്ടിസ്രാവ്. 10 ബില്യണ്‍ കാഴ്ചക്കാരെ നേടിയതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് പിങ്ഫോങ്ങിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

'ബേബി ഷാര്‍ക്ക്... ഡു... ഡു... ഡു...' നൃത്തച്ചുവടുകളുമായി കുട്ടികള്‍ മൂളിനടക്കുന്നു. മുതിര്‍ന്നവരുടെ കുട്ടി വീഡിയോകളില്‍ ഈണമായുമെത്തുന്നു. അമേരിക്കന്‍ കാംപ്ഫയര്‍ സോങ്ങിന്റെ റീമിക്‌സ് ആണിത്. 2020 നവംബറില്‍ തന്നെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ ലഭിച്ച വീഡിയോ എന്ന നേട്ടം 'ബേബി ഷാര്‍ക്ക്' സ്വന്തമാക്കിയിരുന്നു. 7.04 ബില്യണ്‍ കാഴ്ചക്കാരായിരുന്നു അന്ന് ഈ വീഡിയോയ്ക്ക് ഉണ്ടായിരുന്നത്. കൊറിയന്‍-അമേരിക്കന്‍ ഗായികയായ ഹോപ് സെഗോയിന്‍ ആണ് പാട്ട് പാടിയത്. അന്ന് 10 വയസ്സ് മാത്രമായിരുന്നു സെഗോയിന്റെ പ്രായം.


കുട്ടികളെ  ലക്ഷ്യമിടുന്ന ബ്രാന്‍ഡാണ് ദക്ഷിണ കൊറിയന്‍ വിദ്യാഭ്യാസ വിനോദ കമ്പനിയായ പിങ്ഫോങ്ങ്. കുട്ടികളുടെ ഗാന നിര്‍മ്മാണത്തിലാണ് മുഖ്യ ശ്രദ്ധ.അതില്‍ ഏറ്റവും പ്രശസ്തമായത് ഡാന്‍സ് വീഡിയോ ആയ 'ബേബി ഷാര്‍ക്ക്' തന്നെ. ആഗോള ഉല്‍പ്പന്ന വികസന കമ്പനിക്ക് 4,000-ത്തിലധികം കുട്ടികളുടെ വീഡിയോകളും പാട്ടുകളും ഗെയിമുകളും ആപ്പുകളുമുണ്ട്. അവരുടെ വിദ്യാഭ്യാസ ചാനലിലെ 'പിങ്ക്ഫോങ്ങ്' എന്ന് പേരുള്ള ഒരു പിങ്ക് കുറുക്കന്‍ മുഖ്യ കഥാപാത്രമായ കഥകളുടെയും പാട്ടുകളുടെയും നൃത്തങ്ങളുടെയും പരിപാടികളും പ്രസിദ്ധം.

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ വീഡിയോ എന്ന നേട്ടം പ്യൂര്‍ട്ടോറിക്കന്‍ പോപ്പ് താരങ്ങളായ ലൂയിസ് ഫോന്‍സിയുടേയും ഡാഡി യാങ്കിയുടേയും 'ഡെസ്പാസിറ്റോ'യ്ക്കാണ്. 7.7 ബില്യണ്‍ വ്യൂ സ്വന്തമായുള്ള ഫോന്‍സി, യാങ്കിമാര്‍ക്ക് സ്രാവിനെ മറികടക്കണമെങ്കില്‍ ഏറെ ദൂരം പോകേണ്ടിവരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.