*സഹോദരസ്നേഹത്തിന്റെ സന്ദേശം പകർന്നു നൽകുന്ന പുതിയ ചാക്രിക ലേഖനവുമായി ഫ്രാൻസിസ് മാർപാപ്പ*

*സഹോദരസ്നേഹത്തിന്റെ സന്ദേശം പകർന്നു നൽകുന്ന പുതിയ ചാക്രിക ലേഖനവുമായി ഫ്രാൻസിസ് മാർപാപ്പ*

സഹോദരസ്നേഹത്തിന്റെസന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനം "ഫ്രതെല്ലി തൂത്തി" അഥവാ "എല്ലാവരും സഹോദരന്മാർ" ഒക്ടോബർ 3 ശനിയാഴ്ച അസീസി യിൽ വച്ച് പുറപ്പെടുവിക്കും. "സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച്" എന്നു ഉപശീർഷകം നൽകിയിരിക്കുന്ന ചാക്രികലേഖനം അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സാഹോദര്യ സങ്കൽപ്പങ്ങളിൽ നിന്നും പ്രചോദനം സ്വീകരിച്ചാണ് എഴുതപ്പെടുന്നത്. ഒക്ടോബർ മൂന്നു ശനിയാഴ്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിന്റെ തിരുന്നാളിനോടനുബന്ധിച്ച് വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന ബസിലിക്കയിൽ പരിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷമാകും പാപ്പാ ചാക്രികലേഖനത്തിൽ ഒപ്പുവെയ്ക്കുക.

മനുഷ്യരായ നാമെല്ലാവരും ദൈവമക്കളും സഹോദരീസഹോദരന്മാരുമാണ് എന്ന ക്രിസ്തീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക ഉത്തരവാദിത്വങ്ങളെ പ്രതിപാദ്യവിഷയമാക്കുകയാണ് ഈ ചാക്രിക ലേഖനത്തിൽ.

മനുഷ്യസാഹോദര്യത്തിന്റെ മഹത്വവും തുല്യതയും പാവങ്ങളുടെയും അവഗണിക്കപ്പെടുന്നവരുടെയും പക്ഷം ചേരേണ്ടതിന്റെ ആവശ്യകതയും പ്രകൃതിയുടെ സംരക്ഷണത്തിനായി മുന്നോട്ടു ഇറങ്ങേണ്ടതിന്റെ അനിവാര്യതയും സമാധാന സംസ്ഥാപനത്തിനായി യോജിച്ചു പ്രവർത്തിക്കാനുള്ള ആഹ്വാനവും ചാക്രിക ലേഖനത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.

 ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമാണ് "Fratelli Tutti" അഥവാ "എല്ലാവരും സഹോദരന്മാർ". വിശ്വാസവർഷത്തിൽ പുറത്തിറങ്ങിയ "Lumen fidei" അഥവാ വിശ്വാസത്തിന്റെ വെളിച്ചം, 2015 ൽ പുറത്തിറങ്ങിയ പൊതു ഭവനത്തോടുള്ള കരുതലിനെ പറ്റിയുള്ള "Laudato si"അഥവാ "അങ്ങേയ്ക്ക് സ്തുതിയായിരിക്കട്ടെ" എന്നിവയാണ് പാപ്പയുടെ ആദ്യ രണ്ട് ചാക്രികലേഖനങ്ങൾ.

 Jo Kavalam


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26