തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി സാധ്യത തേടി പിആര്‍ ഏജന്‍സികളുടെ സര്‍വേ. ചെങ്ങന്നൂര്‍, ഹരിപ്പാട്, കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലെ വിവരമാണ് പ്രധാനമായും തേടുന്നത്. കേരള സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി എന്ന വ്യാജേന വിളിച്ച പെണ്‍കുട്ടി ബിഎല്‍ഒയോട് വിവരം തേടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു.
പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണെന്നും സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രൊജക്ട് ചെയ്യുന്നുണ്ടെന്നും അതിന്റെ ഭാഗമായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചില വിവരങ്ങള്‍ ശേഖരിക്കാനാണ് വിളിച്ചതെന്നുമാണ് പിആര്‍ ഏജന്‍സിയില്‍ നിന്നുള്ള പെണ്‍കുട്ടി പറയുന്നത്. താങ്കളുടെ നിയമസഭാ മണ്ഡലം ഏതാണെന്ന് ബിഎല്‍ഒയോട് ചോദിക്കുന്ന യുവതി ചെങ്ങന്നൂരാണെന്ന് മറുപടി കിട്ടുമ്പോള്‍ അവിടുത്തെ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലുള്ള വിവിധ നേതാക്കളുടെ പേരുകള്‍ പറയുന്നുണ്ട്.
സാധ്യത പട്ടികയില്‍ മന്ത്രി സജി ചെറിയാന്‍, അബിന്‍ വര്‍ക്കി, അച്ചു ഉമ്മന്‍, എം.ടി രമേശ് തുടങ്ങിയവരുടെ പേരുകളാണ് പെണ്‍കുട്ടി പറയുന്നത്. ഇവരില്‍ ആരുടെയൊക്കെ പേരുകള്‍ കേട്ടിട്ടുണ്ടെന്ന് പറയാനാണ് ബിഎല്‍ഒയോട് ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്നും 2021 ല്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നും ഇവര്‍ ചോദിക്കുന്നുണ്ട്.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്ന പെണ്‍കുട്ടി, ബിഎല്‍ഒയുടെ ജാതി/സമുദായം ഏതാണെന്നും ചോദിക്കുന്നുണ്ട്. പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ബില്‍ഒ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്.
കസ്റ്റമര്‍ കെയറില്‍ നിന്ന് വിളിക്കുന്നവരുടെ അതേ രീതിയില്‍ ഒറ്റയടിക്ക് നിരവധി കാര്യങ്ങള്‍ പറഞ്ഞാണ് പെണ്‍കുട്ടി ചോദ്യങ്ങളിലേക്ക് കടക്കുന്നത്. അതേസമയം ഇത്തരമൊരു സര്‍വേ നടത്താന്‍ വിദ്യാര്‍ഥികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഫോണിലൂടെ ആരെയും വിളിച്ച് വിവരം തേടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് സര്‍വകലാശാലാ കാര്യവട്ടം കാംപസ് അധികൃതര്‍ പറയുന്നത്. ഇതോടെയാണ് വിളിച്ചത് പിആര്‍ ഏജന്‍സി പ്രതിനിധിയാണെന്ന് വ്യക്തമായത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ച തുടങ്ങിയിരിക്കെയാണ് പിആര്‍ ഏജന്‍സിയുടെ ഇത്തരമൊരു സര്‍വേ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.