ഭീമന്‍ കടല്‍ ഡ്രാഗണ്‍ 'ഇക്ത്യോസറി'ന്റെ ഫോസില്‍ യു.കെയില്‍: നീളം 33 അടി ,ഒരു ടണ്‍ വരുന്ന തലയോട്ടി, പഴക്കം 180 ദശലക്ഷം വര്‍ഷം

ഭീമന്‍ കടല്‍ ഡ്രാഗണ്‍ 'ഇക്ത്യോസറി'ന്റെ ഫോസില്‍ യു.കെയില്‍: നീളം  33 അടി ,ഒരു ടണ്‍ വരുന്ന തലയോട്ടി, പഴക്കം 180 ദശലക്ഷം വര്‍ഷം

മാഞ്ചസ്റ്റര്‍: ഭീമന്‍ കടല്‍ ഡ്രാഗണായ ഇക്ത്യോസറിന്റെ 180 ദശലക്ഷം വര്‍ഷം പഴക്കമുള്ള അവശിഷ്ടങ്ങള്‍ യു.കെയില്‍ കണ്ടെത്തി. ഇംഗ്ലീഷ് ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ റട്ട്ലാന്‍ഡ് കൗണ്ടിയിലുള്ള റിസര്‍വോയറിനടുത്ത് നിന്നാണ് ഫോസില്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം 33 അടി നീളമാണുള്ളത്. 6 അടി വ്യാസം വരുന്ന തലയോട്ടിക്ക് മാത്രം ഒരു ടണ്‍ ഭാരം കണക്കാക്കുന്നു.ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ ഇക്ത്യോസര്‍ ഫോസിലാണിതെന്ന്് ഗവേഷകര്‍ പറഞ്ഞു.

ബ്രിട്ടന്‍ ഉള്‍പ്പെടുന്ന സമുദ്ര മേഖലയില്‍ വിഹരിച്ചുപോന്ന ടെംനോഡോണ്ടോസോറസ് ട്രൈഗോനോഡോണ്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഇക്ത്യോസറിന്റെ ഫോസിലാണിതെന്നാണ് നിഗമനം. 'സീ ഡ്രാഗണ്‍' എന്നറിയപ്പെടുന്ന ഇക്ത്യോസറുകള്‍ ദിനോസര്‍ കാലഘട്ടത്തില്‍ കടലില്‍ ജീവിച്ചിരുന്ന മത്സ്യത്തിന്റെ ആകൃതിയിലുള്ള ഭീമാകാരമായ സമുദ്ര ഉരഗങ്ങളായിരുന്നു. ശരീരാകൃതിയില്‍ ഡോള്‍ഫിനുകളോടാണ്് സാമ്യം. 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ഇവയ്ക്ക് ഏകദേശം 90 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ചു.

ഇക്ത്യോസറുകളുടെ ജന്മസ്ഥലം ബ്രിട്ടനാണെന്ന് കരുതപ്പെടുന്നു. 200 വര്‍ഷത്തിലേറെയായി അവയുടെ ഫോസിലുകള്‍ ഇവിടെ കണ്ടെത്തിത്തുടങ്ങിയിട്ട്. ഷ്രോപ്ഷെയറിലെ ഒരു അജ്ഞാത സ്ഥലത്ത് ഫോസില്‍ നിലവില്‍ പഠിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ സ്ഥിരമായ പ്രദര്‍ശനത്തിനായി ഇത് റട്ട്ലന്‍ഡിലേക്ക് തിരികെ നല്‍കാനാണ് നിര്‍ദ്ദേശമുള്ളത്. ബിബിസി പ്രക്ഷേപണത്തിനായി ഇതേപ്പറ്റി വിശദ ഡോക്യുമെന്ററി തയ്യാറാക്കിക്കഴിഞ്ഞു.


ലെസ്റ്റര്‍ഷെയറിലെയും റട്ട്ലന്‍ഡ് വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെയും കണ്‍സര്‍വേഷന്‍ ടീം ലീഡറായ ജോ ഡേവിസ് ആണ് ഇക്ത്യോസോറിന്റെ ഫോസില്‍ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഇക്ത്യോസോര്‍ വിദഗ്ധനും ജീവശാസ്ത്രജ്ഞനുമായ ഡീന്‍ ലോമാക്സിന്റെ നേതൃത്വത്തില്‍ പാലിയന്റോളജിസ്റ്റുകളുടെ ഒരു സംഘം വലിയ തോതിലുള്ള ഖനനം നടത്തി.
വലിപ്പമാണ് ഇതിനെ പ്രധാനമായും വ്യത്യസ്തമാക്കുന്നതെന്നും ,മുന്‍പ് കണ്ടെത്തിയ ഫോസിലുകള്‍ ഇത്രയേറെ വലിപ്പമുള്ളതായിരുന്നില്ലെന്നും ലോമാക്‌സ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.